റിയാദ്: ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച സൗദിയിലെ ആദ്യ യുനസ്കോ സംരക്ഷിത പ്രദേശമായ മദായിൻ സാലെ ഉൾപ്പെടുന്ന അൽ ഉലയിലെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിൽ പുരാവസ്തുശാസ്ത്രപരമായ നിക്ഷേപങ്ങളുടെ പര്യവേക്ഷണത്തിനായി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചു. അൽ-ഉല റോയൽ കമ്മീഷൻ (RCU) ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2020 ൽ പദ്ധതി തീരും വരെ പദ്ധതിപ്രദേശം താത്കാലികമായി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

സൗദിയുടെ വിഷൻ 2030 അനുസരിച്ച് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല വൈവിധ്യവൽക്കരിക്കാനുള്ള സമഗ്ര കർമ്മപദ്ധതികൾ ആവിഷ്കരിച്ചിരുന്നു. പുരാവസ്തു സംരക്ഷണം, പുരാവസ്തുഗവേഷണം, വിനോദസഞ്ചാരമേഖല വികസനം എന്നിവക്കായി അന്തർദേശീയ തലത്തിൽ സഹകരണം തേടാൻ സൗദി ടൂറിസം ഡിപ്പാർട്ടുമെന്റുകൾക്ക് നേരത്തെ നിർദേശം കിട്ടിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അൽ-ഉല റോയൽ കമ്മീഷൻ സമയബന്ധിതമായി പുതിയ പദ്ധതി വിഭാവനം ചെയ്തത്.

2018ൽ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച മദായിൻ സാലെ ജോർദാനിലെ പെട്രയിലുണ്ടായിരുന്ന നെബാത്തിയൻ വംശ സാമ്രാജ്യത്തിന്റെ ഉത്തരദേശ ആസ്ഥാനമായിരുന്നു. പാറകൾ തുരന്ന് വാസസ്ഥലമാക്കിയ നെബാത്തിയനുകളുടെ സാമ്രാജ്യം വടക്ക് പെട്രക്കും തെക്ക് മദായിൻ സാലിഹിനുമിടക്കായിരുന്നു. മധ്യപൂർവേഷ്യയിൽ മറ്റെങ്ങും ദൃശ്യമല്ലാത്ത മരുഭൂമിയും പാറകളുടെ വിസ്മയകരമായ വിന്യാസവും ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു.

പാറകൾ തുരന്നുണ്ടാക്കിയ രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ലിഹാനിയൻ – നെബാത്തിയൻ സമുച്ചയങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. നിഗൂഢവും അതിലുപരി ഇനിയും പര്യവേക്ഷണം നടത്തി വീണ്ടെടുക്കാനുള്ളതുമായ നിരവധി കാര്യങ്ങൾ ഈ പ്രദേശത്തുണ്ട് എന്നാണ് വിദഗ്‌ധർ കരുതുന്നത്. മണലിൽ പുതഞ്ഞുകിടന്നിരുന്ന ഈ പ്രദേശത്തെക്കുറിച്ച് 1876 ൽ യൂറോപ്യൻ സഞ്ചാരിയായ ചാൾസ് ഡോട്ടിയാണ് പുറംലോകത്തെ അറിയിക്കുന്നത്. 1968ഓടെ ലണ്ടൻ സർവകലാശാലയിലെ പുരാവസ്തുഗവേഷകരാണ് പതിനഞ്ചോളം ലിഖിതങ്ങൾ കണ്ടെടുക്കുന്നതും തുടർന്ന് സർക്കാർ തലത്തിൽ പ്രദേശത്ത് ഗവേഷണങ്ങൾ ഊർജിതപ്പെടുത്തിയത്. ശവകുടീരങ്ങളും, താമസസ്ഥലങ്ങളും, സംഭരണശാലകളും മറ്റുമായി 20 മീറ്ററിലധികം ഉയരമുള്ള സമുച്ചയങ്ങളാണ് ഇന്ന് മദായിൻ സാലിഹിലെ മരുഭൂമിയിൽ ചിതറിക്കിടക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യകൾ പുനഃപര്യവേഷണത്തിനായി തയ്യാറായിട്ടുണ്ടെന്ന് സൗദി ടൂറിസം അറിയിച്ചു. വ്യോമയാന മാർഗമുഗയോഗിച്ച് പ്രവർത്തിക്കുന്ന ലിഡാർ സ്കാനിങ് – ഫോട്ടോഗ്രഫിയാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്. പര്യവേക്ഷണത്തിനായി അന്തർദേശീയരംഗത്ത് അറിയപ്പെടുന്ന വിദഗ്‌ധരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കിങ് സൗദ് സർവകലാശാലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും സംഘത്തോടൊപ്പം ചേരും. കൂടാതെ 2020ൽ മദായിൻ സാലിഹ് പ്രദേശം സന്ദർശകർക്കായി തുറക്കുമ്പോൾ ഗൈഡുകളും സഹായികളും തയ്യാറാകും. അതിനായി അൽ ഉല പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട സ്വദേശികൾക്കായി പ്രത്യേകം പരിശീലനം റിയാദിൽ ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ