ഷാർജ: സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുണ്യദിനങ്ങളുടെ റമദാൻ നാളുകളിലും അതിന്റെ അഘോഷ വേളകളിലും പങ്കാളികളാകാൻ ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട് ഒരുങ്ങി. പ്രാദേശിക രുചികൾ മുതൽ ലോകത്തിലെ വൈവിധ്യമാർന്ന രുചികൾ വരെ ഇവിടെയുണ്ട്. ബഹുരുചികളുടെ കൂട്ടിൽ സ്വാദേറുന്ന വിഭവങ്ങളാണ് അതിഥികൾക്കായി ഇവിടെ ഒരുങ്ങുന്നത്. ചുരുക്കി പറഞ്ഞാൽ ലോകത്തിന്റെ ഒരു മിനി പതിപ്പാണ് ഭക്ഷണങ്ങളിലൂടെ ഇവിടെ രൂപം കൊളളുന്നത്. നാവിൻ തുമ്പിലൂടെ ലോകത്തെ അറിയാനുളള ഒരു വഴി.

റമദാനിൽ അൽ മജാസ് വാട്ടർഫ്രണ്ടിൽ ലോകത്തിന്റെ രുചി അന്വേഷിച്ചെത്തുന്നവർക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അവസരവുമുണ്ട്. മജാസിലെ ഏതെങ്കിലും റസ്റ്ററന്റിൽ നിന്നും ഇരുന്നൂറു ദിർഹംസോ അതിലേറെയോ ചിലവഴിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരെഞ്ഞെടുക്കുന്നവർക്ക് റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ കാണാം. വിമാന ടിക്കറ്റും താമസവുമടക്കം എല്ലാ ചെലവുകളും സൗജന്യം.

ഷാർജ നഗരത്തിൽ നില കൊള്ളുന്ന ഈ തടാകക്കരയിലെ പുതുവർഷ ആഘോഷങ്ങൾ പ്രശസ്തമാണ്. ഷാർജയിലെ റോളയിൽ നിന്ന് 4.3 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദുബായ് എയർപോർട്ടിൽ നിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം, റമദാനിൽ രുചിയറിഞ്ഞ് ഭാഗ്യം പരീക്ഷിക്കാം.

Al Majaz Waterfront

അൽ മജാസ് വാട്ടർഫ്രണ്ട് ആകാശ കാഴ്ച

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ സമ്മേളിക്കുന്ന ഇടമാണ് അൽ മജാസ് വാട്ടർഫ്രണ്ട്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആന്റ് ഡവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്‌) കീഴിൽ പ്രവർത്തിക്കുന്ന മജാസിൽ ഇരുപത്തഞ്ചിലേറെ റസ്റ്ററന്റുകൾ രുചികളൊരുക്കുന്നുണ്ട്. തനത് എമിറാത്തി വിഭവങ്ങൾ തൊട്ട് ഇന്ത്യൻ, ഇറ്റാലിയൻ, മൊറോക്കൻ, അമേരിക്കൻ, ലെബനീസ്, ടർക്കിഷ് വിഭവങ്ങൾ വരെ ഇവിടെ സുലഭമാണ്. ഖാലിദ് ലഗൂണിനോട് ചേർന്ന്, കുടുബസമേതം കാറ്റേറ്റ് രുചികളറിയാൻ പാകത്തിലാണ് ഓരോ റസ്റ്ററന്റിന്റെയും നിർമ്മാണം.

സഞ്ചാരികൾക്കും യുഎഇയിൽ താമസിക്കുന്നവർക്കും ഏറെ പ്രിയങ്കരമാണ് ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്. ശാന്തമായ ഖാലിദ് ലഗൂണിലെ കാഴ്ചകൾ, ബോട്ടിങ്, കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മനോഹരമായ നടപ്പാത, പൂന്തോട്ടം തുടങ്ങി നിരവധി കാഴ്‌ചകൾ ഇവിടെ ഒരുമിച്ചൊരുക്കിയിരിക്കുന്നു. വേറിട്ട രുചികളൊരുങ്ങുന്ന റസ്റ്ററന്റുകളും ജലധാരയും ആഴ്ചാവസാനങ്ങളിൽ പ്രത്യേകമൊരുങ്ങുന്ന വിനോദ പരിപാടികളും കൂടിയാവുമ്പോൾ അൽ മജാസ് വാട്ടർഫ്രണ്ട് പ്രവാസത്തിന്റെ വൈകുന്നേരങ്ങളെ രുചിയുളള​ ഓർമകളാക്കി മാറ്റുന്നു.

തലമുറകളായി കൈമാറി വന്ന തനതു എമിറാത്തി വിഭവങ്ങളാണ് അൽ മജാസ് രുചികളിലെ പ്രധാനി. ചേരുവകളുടെ തനിമയൊട്ടും ചോരാതെ ഈ അനുഭവമൊരുക്കുന്നത് അൽ ഫനാർ റസ്റ്ററന്റാണ്. റകാക്, ചെബാബ് തുടങ്ങിയ പ്രഭാത ഭക്ഷണങ്ങൾ തൊട്ട് കോഴിയും ചെമ്മീനും ഇറച്ചിയുമൊക്കെ ചേർത്തൊരുക്കുന്ന മച്ബൂസ് വരെ ഇവിടെ രുചിച്ചറിയാം. മണ്ണു ചുമരുകളും വിളക്കുകളുമെല്ലാം കൊണ്ട് പഴയ അറബ് തെരുവുകളെ അനുസ്‌മരിപ്പിക്കുന്ന വിധമാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. രുചി തേടിയെത്തുന്നവർക്കു അറുപതുകളിലെ അറബ് ഗ്രാമാന്തരീക്ഷവും അനുഭവിച്ചറിയാമെന്നു ചുരുക്കം.

രുചിയോടൊപ്പം വായനയുടെ വസന്തം തീർക്കാൻ പുസ്തകങ്ങളൊരുക്കി വച്ച ‘അൽ റാവി കഫെ’, ശാം പട്ടണങ്ങളുടെ ഗൃഹാതുരത പകർന്നു ലെബനീസ് രുചിയൊരുക്കുന്ന ‘സഹ്ർ എൽ ലൈമുൻ’ റസ്റ്ററന്റ്, സ്ട്രീറ്റ് ഫുഡ് മാജിക്കിന് പുതിയ നിറം കൊടുത്ത് മെഡിറ്ററേനിയൻ വിഭവങ്ങളൊരുക്കുന്ന ‘സറൂബ്‌’, സുഗന്ധവ്യജ്ഞനങ്ങളുടെ മൊറോക്കൻ പാരമ്പര്യം തെളിയിച്ച് അന്നാട്ടിലെ രുചികളൊരുക്കുന്ന ‘എൽ മൻസ’ തുടങ്ങി നിരവധി രുചി ലോകങ്ങൾ ചുറ്റിലുമുണ്ട്. നാവിനും മനസ്സിനും പരിചിതമായ എരിവും പുളിയും തന്നെ വേണമെന്നുള്ളവർക്ക് ഇന്ത്യൻ രുചികളൊരുങ്ങുന്ന ‘ഉഷ്‌ന’യിൽ അഥിതിയാവാം.

പാശ്ചാത്യ രുചികളോട് പ്രിയമുള്ളവർക്കു വേണ്ടി നിരവധി വാതിലുകൾ തുറന്നിടുന്നുണ്ട് അൽ മജാസ് വാട്ടർഫ്രണ്ട്. ഇറ്റാലിയൻ പിസയുടെ വൈവിധ്യമൊരുങ്ങുന്ന ‘പിസാറോ’ ഇതിലെ പ്രധാനിയാണ്. മാർഗരീറ്റ, നെപ്പോളിറ്റാന, പോളോ പികാന്റെ എന്ന് തുടങ്ങി നാവിൽ ഇറ്റാലിയൻ കപ്പലോടിക്കുന്ന ഒരു കടലാണ് ഇവിടത്തെ മെനു. ഐസ്ക്രീമും കോഫിയുമൊരുക്കുന്ന ‘അമോറിനോ ഗെലാറ്റോ’, ബ്രസീൽ, കൊളംബിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കാപ്പി രുചിയൊരുക്കുന്ന ‘എല്ലീസ് കഫെ’ തുടങ്ങിയവയുമുണ്ട്.

Al Majaz Waterfront

എല്ലാ ദിവസവും ആഴ്‌ചാവസാനത്തെ ആഘോഷമൊരുക്കുന്ന ‘ടിജിഐ ഫ്രെയ്‌ഡേയ്‌,’ കനേഡിയൻ വിഭവങ്ങളൊരുക്കുന്ന ‘ടിം ഹോർട്ടൻസ്’, അൻപതിലധികം ഡോണറ്റുകളുടെയും സാൻഡ്‌വിചിന്റെയും വൈവിധ്യമൊരുക്കുന്ന ‘ഡങ്കിൻ ഡോനട്സ്’, ‘കോൾഡ് സ്റ്റോൺ’ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളും അൽ മജാസിന്റെ കരയിൽ രുചിക്കൂടാരം ഒരുക്കിയിട്ടുണ്ട്.

സിനിമകളിലൂടെയും ലോക പ്രശസ്ത രചനകളിലൂടെയും സുപരിചിതമായ ടർക്കിഷ് രുചികളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇസ്താംബുൾ വിഭവങ്ങൾ പുതുമകൾ ചേർത്ത് ഒരുക്കുന്ന ‘എമിർഗൻ സുട്ടിസും’, ഐസ്ക്രീം കോണിനെ നൃത്തം ചെയ്യിപ്പിക്കുന്ന ‘മറസ് ടർക്ക’യുമെല്ലാം തുർക്കി രുചി അനുഭവങ്ങളെ സമ്പൂർണമാക്കുന്നു.

രുചി കേന്ദ്രങ്ങൾക്ക് പുറമെ കുട്ടികൾക്കായുള്ള മിനി വാട്ടർ തീം പാർക്ക്, മിനി ഗോൾഫ് കോഴ്സ്, പൂന്തോട്ടങ്ങൾ തുടങ്ങി നിരവധി ആകർഷണങ്ങളും അടങ്ങുന്നതാണ് അൽ മജാസ് വാട്ടർഫ്രണ്ട്.  ഇവിടേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. കുട്ടികൾക്കായുള്ള പാർക്കുകളിൽ ടിക്കറ്റുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook