റിയാദ്: നാലാമത് ഹരീഖ് ഓറഞ്ച് ഫെസ്റ്റിവലിൽ സന്ദർശകരുടെ ഒഴുക്ക്. പുതുവർഷദിനത്തിൽ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അൽ സൗദ് ഉദ്ഘാടനം ചെയ്ത ഉത്സവം കാണാൻ വാരാന്ത്യത്തിൽ മലയാളികളടക്കം ആയിരങ്ങളെത്തി.
തീക്കനൽ എന്ന അർത്ഥമുളള ഹരീഖ് ഒരു കാലത്ത് മരുമരങ്ങൾ നിറഞ്ഞപ്രദേശമായിരുന്നു. ഹരീഖ് നിവാസികളുടെ പൂർവികർ ഈ പ്രദേശത്ത് വീട് വയ്ക്കാനും കൃഷിസ്ഥലമൊരുക്കാനായും മരുമരങ്ങൾ ഒന്നൊന്നായി അഗ്നിക്കിരയാക്കി. ഊഷരഭൂമിയിൽ നാരകങ്ങളുടെ നറുമണവും സ്വർണ്ണനിറവും പടർന്നു. അവർ ഫലഭൂയിഷ്ഠമാക്കിയ മണ്ണിൽ പുതുതലമുറ സമ്പൽസമൃദ്ധി നേടി. പൂർവികരെ അനുസ്മരിക്കാനെന്നപോലെ ഹരീഖ് എന്ന പേര് ഇന്നും നിലനിർത്തുന്നു. പലയിടത്തും പൂർവികർ താമസിച്ചിരുന്ന മരവും മണ്ണും കൊണ്ട് നിർമിച്ച വീടുകൾ സന്ദർശകർക്ക് കാണാനാകും. പഴയ പല പ്രധാന കെട്ടിടങ്ങളും ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ പുനർനിർമ്മിച്ച് സംരക്ഷിക്കുന്നുണ്ട്.
സൗദിയുടെ മധ്യപ്രവിശ്യയിലുള്ള ഈ ഗ്രാമത്തിലേക്ക് റിയാദിൽ നിന്ന് 200 കിലോമീറ്റർ യാത്രചെയ്യണം. മഹ്റജാൻ അൽഹംദിയ്യാത് (സിട്രസ് ഫെസ്റ്റിവൽ) എന്നാണ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക പേര്. ഈ വർഷം നടക്കുന്നത് നാലാമത്തെ അൽഹരീഖ് ഫെസ്റ്റിവലാണ്. നൂറോളം സ്റ്റാളുകളിലായി വിവിധയിനം നാരക വർഗങ്ങളാണ് പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തുന്നത്. അൽഹരീഖിൽ ഒരു ലക്ഷത്തിലേറെ ഓറഞ്ച് മരങ്ങളാണുള്ളത്. വർഷത്തിൽ 2500 ടണ്ണിലേറെ നാരകയിനത്തിലുള്ള പഴങ്ങളാണ് ഇവിടുത്തെ കൃഷിയിടങ്ങളിലെ വിളവെടുപ്പിൽ നിന്ന് ലഭിക്കുന്നത്. ഒരു പെട്ടി നാരങ്ങക്ക് ഇരുപത് റിയാൽ മുതൽ വില കിട്ടും. കൂട്ടത്തിൽ രണ്ടായിരം റിയാൽ വിലയുള്ള മാതളവും ഇത്തവണ വിൽപനയ്ക്കെത്തിയിട്ടുണ്ട്.
സന്ദർശകർക്ക് കൃഷിത്തോട്ടങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഇവിടെ സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിവിധയിനം ഓറഞ്ചുകൾ, മുന്തിരി, അത്തിപ്പഴം, ഉറുമാന്‍ പഴം, ആപ്പിള്‍, മാങ്ങ, പീച്ച്, ആപ്രിക്കോട്ട്, അറാക്ക് തുടങ്ങിയവയും സമൃദ്ധമായി ഇവിടുത്തെ തോട്ടങ്ങളില്‍ ഈന്തപ്പനകൾക്കിടയിൽ വളരുന്നുണ്ട്. രണ്ട് ലക്ഷത്തോളം ഈന്തപ്പനകളാണ് പ്രദേശത്തുള്ളത്. അബു സുര്‍റ, അല്ശമൂഥി, അബൂദമ, അല്ബലദി അടക്കം രണ്ട് ഡസനിലധികം വരുന്ന നാരകയിങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കര്‍ഷകര്‍ തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന പഴങ്ങള്‍ അവര്‍ തന്നെ നേരിട്ടാണ് നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ഉത്സവനഗരിയിലെത്തിക്കുന്നത്.
റിയാദ്, അൽഖർജ്, വാദി ദവാസിർ, ലൈലാ അഫ് ലാജ് തുടങ്ങിയ പ്രദേശത്തുനിന്ന് കുടുംബസമേതമാണ് സന്ദർശകർ എത്തുന്നത്. ജനുവരി ഒന്നിന് തുടങ്ങിയ മേള എട്ടിന് അവസാനിക്കും.