അബുദാബി: അല്‍ ദഫ്ര ഫെസ്റ്റിവലിന്റെ 16-ാമതു പതിപ്പിനു നാളെ തുടക്കം. അബുദാബി സ്വീഹാനിലെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഹെറിറ്റേജ് റേസ് കോഴ്സിലാണു ഫെസ്റ്റിവല്‍ നടക്കുന്നത്.
അബുദാബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയാണു മേള സംഘടിപ്പിക്കുന്നത്. 2008 നു ശേഷമുള്ള ഏറ്റവും വലിയ മേളയായിരിക്കും ഇത്തവണത്തേത്. ഒട്ടക മത്സരങ്ങളില്‍ മൊത്തം 8.9 കോടി യു എ ഇ ദിര്‍ഹം (20 കോടിയോളം രൂപ) മൂല്യം വരുന്ന 3,252 അവാര്‍ഡുകള്‍ സമ്മാനിക്കും.
പരുന്തുകള്‍, അറേബ്യന്‍ കുതിരകള്‍, അമ്പെയ്ത്ത് മത്സരങ്ങളും മറ്റ് ഇവന്റുകളും ഉള്‍പ്പെടുന്ന ഫെസ്റ്റിവലിന്റെ പൈതൃക മത്സരങ്ങളില്‍ 47 റൗണ്ടുകളുണ്ടാവും. ഇൗ ഇനങ്ങളിലെ മൊത്തം സമ്മാനത്തുക 26 ലക്ഷം ദിര്‍ഹ(5.83 കോടിയോളം രൂപ)മാണ്.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍, അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പൈതൃകം ഉള്‍ക്കൊള്ളുന്നതാണെന്ന് അബുദാബി പൊലീസ് കമാന്‍ഡറും കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അല്‍ മസ്‌റൂയി പറഞ്ഞു.