ജിദ്ദ: ആസ്വാദനത്തിനു പുതിയ ഭാവുകത്വം നൽകി അക്ഷരം വായന വേദി ഒരുക്കിയ ‘അക്ഷര മധുരം’ ആസ്വാദന സദസ്സ് സംഘാടന മികവുകൊണ്ടും അവതരണ ഭംഗികൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഏറനാടൻ ഭാഷാ ശൈലിയിൽ സാധാരണക്കാരുടെ കഥകൾ അസാധാരണ രീതിയിൽ അവതരിപ്പിച്ച് മലയാള സാഹിത്യത്തിൽ തന്റേതായ മുദ്ര പതിപ്പിച്ച അബു ഇരിങ്ങാട്ടിരിയുടെ ‘ലോ വോൾട്ടേജിൽ ഒരു ബൾബ്’ അനുഭവക്കുറിപ്പുകളുടെ അസ്വാദനം തസ്‌ലീമ അഷറഫ് നടത്തി.

പ്രവാസവും പ്രവാസാനന്തര ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും നിഴൽവിരിക്കുന്ന അദ്ധ്യായങ്ങളിൽ വേദന നിറഞ്ഞ കൗമാരവും ത്രസിപ്പിക്കുന്ന യൗവ്വനവും കൊഴിഞ്ഞു പോയ കാലവും തെളിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം പോലെ തെളിയുന്നതായി അവർ അഭിപ്രായപ്പെട്ടു. പത്ര പ്രവർത്തകനും യുവസാഹിത്യകാരനുമായ ശരീഫ് സാഗറിന്റെ ‘ഫൂക്ക’ നോവലിലൂടെ അനീസ് കെ.എം നടത്തിയ യാത്ര ഏറെ ഹൃദ്യമായി. പശു രാഷ്ട്രീയം ചർച്ച ചെയ്യുന്ന ‘ഫൂക്ക’ പശു ഭീകരതെക്കെതിരെ ഉയർത്തുന്ന സർഗാത്മക പ്രതിരോധം ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് അനീസ് പറഞ്ഞു. ചിത്രകാരനും കവിയുമായ അരുവി മോങ്ങം രചിച്ച ‘ഒരിറ്റ്’ കവിതാ സമാഹാരം അവതരിപ്പിച്ചു കൊണ്ട് ശമീം വി.കെ സദസ്സിനു പുതിയ കാവ്യാനുഭൂതി നൽകി. ഉമ്മയും മരണവും പ്രകൃതിയും വിഷയീഭവിക്കുന്ന ‘ഒരിറ്റി’ൽ കുഞ്ഞു വരികളിൽ വലിയ സത്യങ്ങൾ ഒളിപ്പിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.

ഇസ്ഹാഖ് പുഴക്കലകത്തിന്റെ ‘ഇസാഖിസം’ എന്ന പുസ്തകം അബ്ദുൽ കബീർ മുഹ്സിൻ സദസിനു പരിചയപ്പെടുത്തി. അബ്ദുല്ല മുക്കണ്ണി, ഇസ്മാഇൽ നീറാട്, ഷാജു അത്താണിക്കൽ, സലാം ഒളവട്ടൂർ, യൂനുസ്, അബ്ദുറഹ്മാൻ തുറക്കൽ എന്നിവർ സംസാരിച്ചു. ഉസ്മാൻ പാണ്ടിക്കാട് സ്വന്തം കവിതയും നൗഷാദ് ആലുവ നാടൻ പാട്ടും അവതരിപ്പിച്ചു. അബു ഇരിങ്ങാട്ടിരി, ശരീഫ് സാഗർ, അരുവി മോങ്ങം, ഇസ്ഹാഖ് പുഴക്കലകത്ത് എന്നിവർ തങ്ങളുടെ പുസ്തകരചനാ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബ്ദുൽ കബീർ മുഹ്സിൻ അദ്ധ്യക്ഷത വഹിച്ചു. റഹീം ഒതുക്കുങ്ങൾ സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook