അജ്മാന്‍: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്. ഇന്നലെ വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ് അനുവദിക്കുക.
അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശ പ്രകാരമാണു പൊലീസ് പിഴ ഇളവ് പ്രഖ്യാപിച്ചത്. വാഹനമോടിക്കുന്നവരുടെ ‘സാമ്പത്തിക ഭാരം’ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഈ നടപടി.
നവംബര്‍ 11നു മുന്‍പുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. ഇളവ് തുക നവംബര്‍ 21 മുതല്‍ ജനുവരി ആറ് വരെ അടയ്ക്കാനുള്ള സാവകാശമുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങള്‍ ഒഴികെയുള്ള സംഭവങ്ങളില്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കും. ലൈസന്‍സില്‍ ഏര്‍പ്പെടുത്തിയ ബ്ലാക്ക് ട്രാഫിക് പോയിന്റുകള്‍ റദ്ദാക്കുകയും ചെയ്യും.
ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഇളവുണ്ടാകില്ല. ലൈറ്റ് അല്ലെങ്കില്‍ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുക, നിരോധിത സ്ഥലങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഓവര്‍ടേക്ക് ചെയ്യുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ എന്‍ജിനിലോ ഷാസിയിലോ മാറ്റം വരുത്തുക, റെഡ് സിഗ്നല്‍ മറികടക്കുക എന്നിവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.
സര്‍വീസ് സെന്ററുകളിലും സഹല്‍ കിയോസ്‌കുകളിലും പിഴയടയ്ക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെയും അജ്മാന്‍ പൊലീസിന്റെയും സ്മാര്‍ട്ട് ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്താം.