വിദേശത്ത് വച്ച് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിന് വർധിപ്പിച്ച നിരക്ക് എയർ ഇന്ത്യ പിൻവലിച്ചു. പഴയ നിരക്കിൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

നിരക്ക് വര്‍ധനവിനെതിരെ പ്രവാസ സമൂഹത്തിൽ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്. മൃതദേഹങ്ങളെ പോലും കൊളളയടിക്കുന്ന സമീപനമാണ് എയർ ഇന്ത്യയുടേതെന്ന് പ്രവാസികൾ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എയർ ഇന്ത്യ നിരക്ക് വർധന പിൻവലിക്കാൻ തയ്യാറായത്.

മൃതദേഹത്തിന്റെ ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിക്കുന്നത്. ഭാരം പരിശോധിച്ച് തുകനിശ്ചയിച്ച് കാര്‍ഗോ അയയ്ക്കുന്നതാണ് നിലവിലെ രീതി.

ഈ കാര്യത്തിൽ കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ നിശ്ചയിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച തീരുമാനമാണ് പിന്‍വലിച്ചത്. നേരത്തെ ഉണ്ടായിരുന്ന നിരക്കിലായിരിക്കും ഇനി മൃതദേഹം കൊണ്ടുവരികയെന്ന് എയർ ഇന്ത്യ അറിയിച്ചു.

മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന നിലവിലെ രീതിയും മാറ്റണമെന്നാണ് പ്രവാസികളുടെ ആവശ്യം. മുൻപും പലതവണയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിൽ തീരുമാനമായിട്ടില്ല. ഈ വിഷയം അതിശക്തമായി വീണ്ടും ഉന്നയിക്കാനാണ് പ്രവാസി സംഘടനകളുടെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook