ദുബായ്: ഗൾഫ് മേഖലയിലെ ബജറ്റ് എയർ ലൈനുകളിൽ പ്രധാനപ്പെട്ട ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയർ അറേബ്യയുടെ കഴിഞ്ഞ വർഷത്തെ ലാഭം 928 കോടി രൂപ. (509 മില്യൺ യു.എ ഇ. ദിർഹം). കമ്പനി പുറത്തു വിട്ട വാർഷിക കണക്കുകളിലാണ് ലാഭം വ്യക്തമാക്കിയത്. മുൻ വർഷത്തെ വാർഷിക ലാഭത്തേക്കാൾ നാല് ശതമാനം കുറവാണ് ഇത്. യാത്രക്കാരുടെ എണ്ണത്തിൽ പന്ത്രണ്ടു ശതമാനം വർദ്ധനവുണ്ടായെങ്കിലും വിപണിയിലെ മത്സരത്തെ തുടർന്നാണ് ലാഭത്തിൽ കുറവുണ്ടായെതെന്നാണ് കമ്പനി നൽകുന്ന സൂചന.

കമ്പനി ലാഭത്തിലായതിനെ തുടർന്ന് ഓഹരി ഉടമകൾക്ക് ഏഴു ശതമാനം വാർഷിക ഡിവിഡണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എൺപത്തിനാല് ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം എയർ അറേബ്യ ഫ്ലൈറ്റുകളിൽ യാത്ര ചെയ്തത്. ഓരോ ഫ്ലൈറ്റിലും എഴുപത്തി ഒൻപതു ശതമാനം യാത്രക്കാർ ഉണ്ടായിരുന്നുവെന്നും (സീറ്റ് ലോഡ് ഫാക്ടർ) കണക്കുകൾ വ്യക്തമാകുന്നു.

യു.എ.ഇ.(ഷാർജ, റാസൽ ഖൈമ), മൊറോക്കോ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ചു എയർ പോർട്ടുകൾ കേന്ദ്രീകരിച്ചാണ് എയർ അറേബ്യയുടെ നൂറ്റി ഇരുപത്തിനാലു റൂട്ടുകളിലേക്കുള്ള സർവീസുകൾ നടത്തുന്നത്.

ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ദിവസവും ഓരോ സർവീസും കൊച്ചിയിലേക്ക് ദിവസവും രണ്ടു സർവീസുകളും ഉണ്ട്.

ലോ ബജറ്റ് എയർ ലൈൻ വിഭാഗത്തിൽ നിരവധി അവാർഡുകളും കഴിഞ്ഞ വര്ഷം എയർ അറേബ്യ നേടിയിട്ടുണ്ട്. ഓപ്പറേറ്റിങ് ചെലവുകൾ കുറച്ചു ലാഭം കൂട്ടാനുള്ള ശ്രമമാണ് ഈ വർഷം എയർ അറേബ്യ നടത്തുകയെന്ന് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ്‌ അൽതാനി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook