ബഹ്റൈനിൽ എയ്‌ഡ്‌സ്  തടയുന്നതിനും രോഗികളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും ഉത്തരവിട്ട് കൊണ്ട് ബഹ്റൈനിൽ നിയമം. ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എയ്‌ഡ്‌സ് ബാധിച്ചവർക്കോ അല്ലെങ്കിൽ വൈറസ് ബാധയുണ്ടെന്നു സംശയിക്കുന്നവർക്കോ ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കാൻ ഉത്തരവിൽ പറയുന്നു.

സാധാരണ പൗരന്മാർക്ക് ലഭ്യമാകുന്ന മുഴുവൻ അവകാശങ്ങളും എയ്‌ഡ്‌സ് ബാധിതർക്കും ഉറപ്പ് വരുത്തും. എയ്‌ഡ്‌സ് ബാധിതരോടൊപ്പം അവരുടെ ബന്ധുക്കൾക്കു താമസിക്കാൻ അവകാശമുണ്ടായിരിക്കും. ഇവരുടെ ചികിത്സ സർക്കാർ ആശുപത്രികളിൽനിന്ന് ഉറപ്പാക്കും. രോഗബാധിതരായതിന്റെ പേരിൽ ആരെയും ജോലിയിൽ നിന്ന് പിരിച്ചു വിടില്ല. തൊഴിലെടുക്കാൻ കഴിയുന്നത്ര കാലത്തോളം രോഗബാധിതർക്കു ജോലിയിൽ തുടരാമെന്ന് ഉത്തരവിൽ പറയുന്നു.

മെഡിക്കൽ റിപ്പോർട്ട് പ്രകാരം നിലവിലുള്ള തൊഴിലെടുക്കാൻ സാധ്യമാകാതെ വന്നാൽ അനുയോജ്യമായ മറ്റ് തൊഴിലിലേക്കു മാറ്റുന്നതിനു ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകാം. എയ്‌ഡ്‌സ് ബാധിതരായവർക്ക് സ്കൂളുകളിൽ മറ്റുള്ളവരോടൊപ്പം പഠിക്കാനുള്ള അവകാശം നൽകും. അവരെ സ്കൂളിൽനിന്നു പുറത്താക്കാനോ ക്ലാസിൽനിന്നു മാറ്റിയിരുത്താനോ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.

എയ്‌ഡ്‌സ് ബാധിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നിയമോപദേശം നൽകുകയും ആവശ്യമായ സന്ദർഭങ്ങളിൽ അവർക്കായി കോടതിയിൽ ഹാജരാവുകയും ചെയ്യേണ്ടതാണെന്നും ഉത്തരവിലുണ്ട്. എയ്‌ഡ്‌സ് ബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനും വിലക്കുണ്ട്. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ രോഗവിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കണം. എയ്‌ഡ്‌സ് രോഗിക്കെതിരെ കേസുണ്ടെങ്കിൽ അയാളുടെ ആവശ്യപ്രകാരം കേസ് രഹസ്യമായി നടത്താൻ ആവശ്യപ്പെടാവുന്നതാണ്.
എയ്‌ഡ്‌സ് ബാധിതർക്കു കുട്ടികളെ വളർത്താൻ അവകാശമുണ്ടായിരിക്കും. എയ്‌ഡ്‌സ് ബാധിതർ ആവശ്യമായ പരിശോധനകൾ നടത്തുകയും ചികിത്സ തുടരുകയും വേണം. ഇവർ ആരോഗ്യവിഭാഗം നിർദേശിക്കുന്ന രീതിയിൽ ജീവിതം ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആശുപത്രിയിൽ നടത്തുന്ന പരിശോധനയിൽ എയ്‌ഡ്‌സ് ബാധ സ്ഥിരീകരിച്ചാൽ അക്കാര്യം അയാളെ അറിയിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. എയ്‌ഡ്‌സ് പരിശോധിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും രോഗം തടയുന്നതിനുമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ആരോഗ്യ മന്ത്രാലയം ബാധ്യസ്ഥമാണ്. രോഗപരിശോധനകളെല്ലാം നിലവിലുള്ള മാനദണ്ഡമനുസരിച്ചു സൂക്ഷ‌മവും സുരക്ഷിതവുമായിരിക്കണം.

ഏതൊരാൾക്കും സ്വന്തംനിലയിൽ രോഗപരിശോധന നടത്തുന്നതിനു മന്ത്രാലയം പ്രോത്സാഹനം നൽകേണ്ടതാണ്. ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ഫിസിഷ്യൻമാർ തുടങ്ങി ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എയ്‌ഡ്‌സ് രോഗ ചികിത്സയിൽ പരിശീലനം നൽകണമെന്ന് ഉത്തരവിൽ നിഷ്‌കർഷിക്കുന്നു. എയ്ഡ്സ് ബാധയുണ്ടാകുന്ന സാഹചര്യങ്ങളെക്കുറിച്ചു പ്രചാരണം നടത്താൻ ഇൻഫർമേഷൻ മന്ത്രാലയവുമായി സഹകരിച്ചു ബോധവത്കരണം സംഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook