റിയാദ്: ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റിന്റെ ചതിയിൽ കുടുങ്ങി യുവതി സൗദി അറേബ്യയിൽ ദുരിതത്തിലായി. വാർത്ത മാധ്യമങ്ങളിൽ വന്നതോടെ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെട്ടു. ഇന്ത്യൻ എംബസിയോട് വിശദീകരണം തേടി. കഴിഞ്ഞ ജനുവരി 21നാണ് ഹൈദരാബാദ് ബാബാനഗർ സ്വദേശി സൽ‍മ ബീഗം (39) ആണ് വീട്ടു ജോലിക്കാരിയുടെ വിസയിൽ സൗദി അറേബ്യയിൽ എത്തിയത്. തുടർന്ന് സ്പോൺസർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് സൽ‍മ ആവശ്യപ്പെട്ടെങ്കിലും സ്പോൺസർ തയ്യാറായില്ല.

സൗദി അറേബ്യയിൽ താൻ ദുരിദത്തിലാണെന്നും ഏജന്റ് ചതിച്ചതാണെന്നും അറിയിച്ച് സൽ‍മ നാട്ടിലുള്ള മകൾ സമീനക്ക് മൊബൈൽ സന്ദേശമയച്ചു. തുടർന്ന് സമീന മാതാവിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏജന്റിനെ സമീപിപിച്ചു. ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു ഏജന്റ് കൈ ഒഴിഞ്ഞതോടെ സമീന കാഞ്ചൻബാഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് പ്രമുഖ ഇന്ത്യൻ പത്രങ്ങളിൽ സൽമയുടെ ദുരിതം വാർത്തയായി.

വാർത്ത ശ്രദ്ധയിൽ പെട്ട വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് നേരിട്ട് വിഷയത്തിൽ ഇടപെട്ടു. സൽമയെ ഉടൻ മോചിപ്പിച്ച് രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് റിയാദ് ഇന്ത്യൻ എംബസിക്ക് നിർദേശം നൽകി. വാർത്ത കണ്ടെന്നും ഉടൻ ഇടപെടുമെന്നും അറിയിച്ച് മന്ത്രി ട്വീറ്റ് ചെയ്തു. തുടർന്ന് സൽ‍മ ബീഗത്തെ മോചിപ്പിച്ച്‌ നാട്ടിലെത്തിക്കാൻ റിയാദ് ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായും, ഏജന്റിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വിറ്ററിൽ അപ്ഡേറ്റ് ചെയ്തു. ദുരിദത്തിൽ നിന്ന് രക്ഷപ്പെട്ട് മാതാവ് ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മകൾ സമീന.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ