scorecardresearch

അബുദാബി മാരത്തണ്‍ ഡിസംബര്‍ 17-ന്; ഇരുപതിനായിരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ

ഡിസംബര്‍ 17-നു നടക്കുന്ന മാരത്തണ്‍ അബുദാബിയിലെ ഏറ്റവും പ്രമുഖ സ്ഥലങ്ങളിലൂടെയാണു കടന്നുപോവുക

അബുദാബി മാരത്തണ്‍ ഡിസംബര്‍ 17-ന്; ഇരുപതിനായിരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ

അബുദാബി: അഡ്‌നോക് അബുദാബി മാരത്തണിന്റെ നാലാം പതിപ്പില്‍ ഇരുപതിനായിരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച് സംഘാടകര്‍. ഡിസംബര്‍ 17-നു നടക്കുന്ന മാരത്തണ്‍ യു എ ഇയുടെ തലസ്ഥാനത്തെ ഏറ്റവും പ്രമുഖ സ്ഥലങ്ങളിലൂടെയാണു കടന്നുപോവുക.

അഡ്‌നോക് ആസ്ഥാനത്തിനു മുന്നില്‍ ആരംഭിച്ച് ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട്, അല്‍ ബത്തീന്‍ പാലസ്, ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്, ഖസര്‍ അല്‍ ഹോസ്ന്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ അബുദാബി എന്നിവയുള്‍പ്പെടെ നഗരത്തിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങള്‍ പിന്നിടുന്ന മാരത്തണ്‍ 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ്.

ഹ്രസ്വദൂര ഇവന്റുകള്‍ കോര്‍ണിഷ് റോഡിലെ നേഷന്‍ ടവറിനു മുന്നില്‍ ആരംഭിച്ച് അല്‍ മര്‍സ സ്ട്രീറ്റില്‍ സമാപിക്കും. 10 കിലോമീറ്റര്‍ കോഴ്സ് അഡ്‌നോക കാമ്പസില്‍ അവസാനിക്കും. എല്ലാ പ്രായക്കാരെയും എല്ലാ ദേശീയതകളെയും പങ്കെടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. മൊത്തം 3,03,000 യുഎസ് ഡോളറാണു സമ്മാനത്തുകയായി നീക്കിവച്ചിരിക്കുന്നത്.

2022-ലെ യു എ ഇ യിലെ ഏക ഫുള്‍-ഡിസ്റ്റന്‍സ് മാരത്തണായിരിക്കും അബുദാബിയിലേത്. കഴിഞ്ഞ വര്‍ഷത്തെ അബുദാബി മാരത്തണില്‍ വിവിധ പ്രായക്കാരും കഴിവുകളുമുള്ള 12,000-ലധികം പേരാണു പങ്കെടുത്തത്.

അബുദാബി മാരത്തണിന്റെ ഭാഗമായി റിലേ, ഒന്ന്, മൂന്ന്, അഞ്ച്, 10 കിലോമീറ്റര്‍ ഓട്ടങ്ങളും സംഘടിപ്പിക്കാറുണ്ട്. ഒന്ന്, മൂന്ന്, അഞ്ച് കിലോ മീറ്റര്‍ ഓട്ടങ്ങള്‍ സെപ്റ്റംബര്‍ മൂന്നിനു ഇന്‍ഡോര്‍ യാസ് മാളില്‍ നടന്നു. മൂന്ന്, അഞ്ച്, 10 ഔട്ട്ഡോര്‍ റണ്ണുകള്‍ എന്നിവ ഉള്‍പ്പെടുന്ന രണ്ടാമത്തെ പരിപാടി ഒക്ടോബര്‍ എട്ടിന് അല്‍ ഐനിലെ ഹസ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കും.

മൂന്നാമത്തെ പരിപാടി നവംബര്‍ അഞ്ചിന്, ലോകപ്രശസ്ത യാസ് മറീനയിലാണ്. ഇവിടെ മൂന്ന്, അഞ്ച്, 10 കിലോ മീറ്റര്‍ മത്സരങ്ങളും 21.09 കി ലോ മീറ്റര്‍ ഹാഫ് മാരത്തണും നടക്കും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്നത്തേക്കാളും കൂടുതല്‍ റേസ് ദിനം ആസ്വദിക്കാന്‍ ഇവന്റിലെ മാറ്റങ്ങള്‍ ഉറപ്പാക്കുമെന്ന് അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അരീഫ് ഹമദ് അല്‍ അവാനി പറഞ്ഞു. മാരത്തണില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Adnoc abu dhabi marathon organizers expect 20000 participants