മനാമ: വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ബഹ്‌റൈനില്‍ നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി നിയമലംഘനം നടത്തിയ സ്വകാര്യ സ്‌കൂളുകളില്‍ പുതുതായി പ്രവേശനത്തിനു വിദ്യാഭ്യാസ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കുട്ടികളില്‍ നിന്ന് വാങ്ങുന്ന ഫീസ് ഘടനയില്‍ കൃത്യത പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.

അല്‍മവാഹിബ് ആൻഡ് ചില്‍ഡ്രന്‍സ് സ്‌കൂള്‍ മനാമ, ഇന്റര്‍നാഷനല്‍ സിറ്റി സ്‌കൂള്‍ ഹിദ്ദ്, സെഗയ്യ, ജനൂസാന്‍ എന്നിവടങ്ങളിലെ ന്യൂ ഹൊറൈസന്‍ സ്‌കൂള്‍, ബംഗ്ലാദേശ് സ്‌കൂള്‍ മനാമ, ഈസ്‌റ്റേണ്‍ സ്‌കൂള്‍ മനാമ, സേക്രട്ട് ഹാര്‍ട് സ്‌കൂള്‍ മനാമ, അല്‍ഫജ്ര് സ്‌കൂള്‍ ബുദയ്യ, കാപിറ്റല്‍ സ്‌കൂള്‍ മനാമ, ക്രിയേറ്റിവിറ്റി സ്‌കൂള്‍ ജനബിയ്യ എന്നീ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇതില്‍ ചില സ്‌കൂളുകള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നവയാണ്.

വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ നിയമലംഘനം ഒഴിവാക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവസരങ്ങള്‍ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണ് നടപടി. ഇത്തരം സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയില്ലെന്ന് മന്ത്രാലയം അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ വിദ്യാഭ്യാസം നല്‍കണമെന്നതാണ് മന്ത്രാലയത്തിന്റെ നയം. സ്‌കൂളുകളുടെ സുരക്ഷ, പഠനനിലവാരം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് മന്ത്രാലയം നല്‍കിയിരുന്നത്. ഓരോ സ്‌കൂളിന്റെയും സൗകര്യമനുസരിച്ച് കുട്ടികളുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ