/indian-express-malayalam/media/media_files/uploads/2017/01/dawood-rishi.jpg)
ദുബായ്: അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമുമായി ദുബായില്‍ രണ്ടു വട്ടം കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്ന് ബോളിവുഡ് താരം ഋഷി കപൂര്‍. ഋഷി കപൂറിന്റെ 'ഖുല്ലം ഖുല്ലം' എന്ന ആത്മകഥയിലാണ് വിവാദമായേക്കാവുന്ന പരാമർശമുളളത്. ദുബായിലെത്തിയ ഋഷിയെ ആദ്യമായി 1988 ലാണ് ദാവൂദ് ചായസല്‍ക്കാരത്തിനായി വീട്ടിലേക്കു ക്ഷണിച്ചത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്‌ക്ക് മുൻപായിരുന്നു കൂടിക്കാഴ്‌ച. അന്നു ദാവൂദ് പിടികിട്ടാപ്പുള്ളിയായിരുന്നില്ലെന്നും അതുകൊണ്ടു കണ്ടതില്‍ തെറ്റുണ്ടെന്നു കരുതുന്നില്ലെന്നും ഋഷി കപൂര്‍ പറയുന്നു.
ദുബായിൽ അജ്ഞാതമായ സ്ഥലത്തേക്കു തന്നെ കൊണ്ടുപോയെന്നും നാലു മണിക്കൂറോളം ദാവൂദുമായി സംസാരിച്ചെന്നും ഋഷി പുസ്തകത്തില്‍ പറയുന്നുണ്ട്. താന്‍ മദ്യപിക്കില്ലെന്നും ആര്‍ക്കും മദ്യം വിളമ്പില്ലെന്നും ദാവൂദ് ഋഷിയോട് പറഞ്ഞു. മുൻപ് ചെറിയ മോഷണങ്ങള്‍ നടത്തുകയും ചിലരെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരാളെപ്പോലും നേരിട്ടു കൊന്നിട്ടില്ലെന്നും ദാവൂദ് ഋഷിയോടു പറഞ്ഞിരുന്നുവെന്ന് പുസ്‌തകത്തിൽ കുറിച്ചിരിക്കുന്നു.
പിന്നീട് ഭാര്യ നീതുസിങിനൊപ്പം 1989ൽ ദുബായില്‍ ഷോപ്പിങ് നടത്തുന്നതിനിടെയാണ് ദാവൂദിനെ വീണ്ടും കണ്ടുമുട്ടിയത്. അന്ന് എന്തു വേണമെങ്കിലും ആവശ്യപ്പെടാമെന്ന് ദാവൂദ് ഋഷിയോട് പറഞ്ഞുവത്രേ. പല രാഷ്ട്രീയക്കാരും തന്റെ പക്കല്‍നിന്നു പണം പറ്റുന്നുണ്ടെന്നും അന്നു ദാവൂദ് പറഞ്ഞിരുന്നു. തനിക്ക് ഇന്ത്യയില്‍നിന്നു നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒളിച്ചു നടക്കുന്നതെന്നാണ് ദാവൂദ് അറിയിച്ചതെന്നും ഋഷി പുസ്‌തകത്തിൽ പറയുന്നു.
ഋഷി കപൂർ നിര്‍മിച്ച ശ്രീമാന്‍ ആഷിഖി എന്ന ചിത്രത്തിനു വേണ്ടി ദാവൂദിന്റെ സഹോദരന്‍ നൂറ ഗാനരചന നടത്തിയിരുന്നു. നിഖില്‍ അദ്വാനിയുടെ ഡി ഡേ എന്ന സിനിമയില്‍ ഋഷിയാണ് ദാവൂദിന്റെ വേഷമിട്ടത്. ഹാര്‍പ്പര്‍ കോളിന്‍സാണ് ഋഷിയുടെ ആത്മകഥ പുറത്തിറക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.