റിയാദ്: ഫാർമസികൾ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് കൊടുക്കുന്നത് തടയാൻ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് മിഷാൽ അൽ റബൈഹാൻ അറിയിച്ചു. രഹസ്യമായും പരസ്യമായും ആശുപത്രികളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും,പോളിക്ലിനിക്കുകളിലും നടക്കുന്ന ക്രമക്കേടുകൾ തടയാനും പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫാർമസികൾ ഡോക്ടർമാരുടെ കുറിപ്പില്ലാതെ ആന്റി ബയോട്ടിക്കുകൾ ഉൾപടെയുള്ള മരുന്നുകൾ നൽകുന്നതായി ഇതിനകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ തിരക്കും വലിയ തുക പരിശോധനാ ഫീസും നൽകേണ്ടി വരുന്നതാണ് രോഗികൾ ഡോക്ടർമാരെ കാണിക്കാതെ ഫാർമസികൾ സമീപിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ ഫാർമസികളെത്തുമ്പോൾ യോഗ്യതയില്ലാത്ത ഫാർമസിസ്റ്റുകൾ നൽകുന്ന മരുന്നുകൾ വലിയ അപകടമുണ്ടാക്കുമെന്ന കാര്യത്തിൽ രോഗികൾ ബോധവാന്മാരല്ല എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

ഡോക്ടർ കുറിക്കുന്ന മരുന്ന് നൽകുകയും ഉപയോഗിക്കേണ്ട രീതി രോഗിക്ക് വിശദീകരിച്ച് കൊടുക്കലുമാണ്‌ ഫാർമസിസ്റ്റുകളുടെ ജോലി. മരുന്ന് നിർദേശിക്കാൻ അവകാശമില്ലെന്നും ഇത് ശ്രദ്ധയിൽ പെട്ടാൽ കനത്ത പിഴ ഈടാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ