അബുദാബി: അബുദാബി രാജ്യാന്തര ഭക്ഷ്യ പ്രദര്‍ശനമേള (എ ഡി ഐ എഫ് ഇ)യുടെ ആദ്യ പതിപ്പില്‍ വിപുലമായ പങ്കാളിത്തം ഉറപ്പായി. പ്രാദേശിക പ്രദര്ശകര്ക്കു പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നിരവധി പവലിയനുകള്‍ മേളയെ ശ്രദ്ധേയമാക്കും.
അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററി (എ ഡി എന്‍ ഇ സി)ല്‍ ഡിസംബര്‍ ആറു മുതല്‍ എട്ടു വരെയാണു പ്രദര്‍ശനം. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ)യുടെ സഹകരണത്തോടെ എ ഡി എന്‍ ഇ സി ഗ്രൂപ്പാണു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഭക്ഷണം, പാനീയം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികള്‍, നിരവധി വിദഗ്ധര്‍, തീരുമാനമെടുക്കുന്നവര്‍ എന്നിവര്‍ക്കു പുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിപുലമായ പങ്കാളിത്തത്തിനു മേള സാക്ഷ്യം വഹിക്കും.
ഇന്ത്യയ്ക്കു പുറമെ തുര്‍ക്കി, ബ്രസീല്‍, ഇറാന്, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ, കാനഡ, പോളണ്ട്, ഇറ്റലി, തായ്ലന്ഡ്, ബെലാറസ്, ലെബനന്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള കണ്ട്രി പവലിയനുകള്‍ മേളയില്‍ അണിനിരക്കും. ഇന്ത്യന്‍ പവലിയനില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സാന്നിധ്യമുണ്ടാകും.
എസ്റ്റോണിയ, തുര്‍ക്ക്മെനിസ്ഥാന്‍, ലിത്വാനിയ, ലാത്വിയ, ജോര്‍ജിയ, അര്‍മേനിയ, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, കസാക്കിസ്ഥാന്‍, മോള്‍ഡോവ, അസര്ബൈജാന് എന്നിവിടങ്ങളില്‍നിന്നുള്ള പ്രദര്ശകരുമുണ്ടാവും.
അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സില്‍, അബുദാബി പോര്‍ട്സ്, എമിറേറ്റ്സ് ഫുഡ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്, എലൈറ്റ് ആര്‍ഗോ, ഷാര്‍ജ ചേംബര്‍ എന്നിവയുള്‍പ്പെടെ ഭക്ഷണം, പാനീയം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് മേഖലയുമായി ബന്ധപ്പെട്ട നിരവധി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ യു എ ഇ പവലിയനിലെ പ്രദര്‍ശകരില്‍ ഉള്‍പ്പെടുന്നു.
അബുദാബി രാജ്യാന്തര ഭക്ഷ്യ പ്രദര്ശനമേളആദ്യ പതിപ്പിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് എ ഡി എന്‍ ഇ സിയുടെ അനുബന്ധ സ്ഥാപനമായ ക്യാപിറ്റല്‍ ഇവന്റ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ മന്‍സൂരി പറഞ്ഞു.
”അബുദാബിയുടെ ബിസിനസ് ടൂറിസം മേഖലയുടെ സുസ്ഥിരമായ തുടര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള എ ഡി എന്‍ ഇ സിയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന പരിപാടി സംഘടിപ്പിക്കുന്നതും. അന്താരാഷ്ട്ര കമ്പനികള്‍ക്കു ഭക്ഷണം, പാനീയങ്ങള്‍, ഭക്ഷ്യ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും നിര്മാാതാക്കള്ക്കും അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എമിറാത്തി കമ്പനികളുമായി പങ്കാളിത്തത്തിനും നേരിട്ടുള്ള പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന ഒരു പ്രധാന പരിപാടിയാണിത്,” അദ്ദേഹം പറഞ്ഞു.