അബുദാബി: അബുദാബിയില്‍ സൈക്കിളുകളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി പിഴ. ഇതുസംബന്ധിച്ച് നിയമം പ്രാബല്യത്തില്‍ വന്നു. സുരക്ഷാ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത അല്ലെങ്കില്‍ നിരോധിത റോഡുകളിലും പ്രദേശങ്ങളിലും സൈക്കിള്‍ ഓടിക്കുന്നവര്‍ക്കു 200 മുതല്‍ 500 വരെ ദിര്‍ഹമാണു പിഴ.
മണിക്കൂറില്‍ പരമാവധി 20 കിലോമീറ്റര്‍ വേഗത്തില്‍ നിശ്ചിത റോഡുകളില്‍ മാത്രമാകണം യാത്ര. വാഹനത്തിനു ഹെഡ് ലൈറ്റും ടെയ്ല്‍ ലൈറ്റും നിര്‍ബന്ധമാണ്. യോജിച്ച ഹോണ്‍ വേണം. ഇരുചക്രങ്ങളിലും ബ്രേക്കിങ് സംവിധാനം ഉറപ്പാക്കണം.
വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. ഒരു വാഹനത്തില്‍ ഒന്നിലേറെ യാത്രക്കാര്‍ പാടില്ല. ക്രോസിങ്ങുകളില്‍ ഓടിക്കാതെ ഉന്തിക്കൊണ്ടു പോകുകയും കാല്‍നട യാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കുകയും വേണം. യാത്രക്കാര്‍ ഹെല്‍മറ്റും റിഫ്‌ളക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമായും ധരിക്കണം. ഹെഡ് ഫോണോ ഇയര്‍ ഫോണോ ഉപയോഗിക്കാന്‍ പാടില്ല.
മുനിസിപ്പാലിറ്റി ആന്‍ഡ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ ടി സി) അബുദാബി പൊലീസുമായി സഹകരിച്ചാണു പിഴ ചുമത്തുക. സുരക്ഷയുടെയും ഭദ്രതയുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നടപ്പാക്കുക, ഗുണപരമായ പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സുരക്ഷിത സമൂഹത്തിനായുള്ള നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കുക എന്നിവയാണു ലക്ഷ്യം.
ഗതാഗത മാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുക, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം സ്ഥാപിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഐ ടി സിയുടെ ശ്രമങ്ങളുടെ ഭാഗമാണു പുതിയ നിയന്ത്രണമെന്ന് ഐ ടി സി അറിയിച്ചു.