അബുദാബി: ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 15 ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിച്ച് അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. 4,54,339 വിശ്വാസികളും 10,33,045 സന്ദര്‍ശകരും ഉള്‍പ്പെടെ 15,20,697 പേരാണ് ഇവിടെയെത്തിയത്.
അതിഥികളില്‍ 81 ശതമാനവും വിനോദസഞ്ചാരികളാണ്. 19 ശതമാനം പേര്‍ മാത്രമാണ് യു എ ഇയില്‍ നിന്നുള്ളര്‍. സന്ദര്‍ശകരില്‍ 51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളുമാണ്. ഭൂരിഭാഗവും 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇന്ത്യയാണു മുന്നില്‍. ഫ്രാന്‍സും യു എസുമാണു തൊട്ടുപിന്നില്‍.
ലോകമെമ്പാടുമുള്ള മികച്ച 25 ആകര്‍ഷണങ്ങള്‍ റാങ്ക് ചെയ്യുന്ന ‘മികച്ചതില്‍ ഏറ്റവും മികച്ചത്’ വിഭാഗത്തില്‍ ട്രിപ്പ്അഡ്വൈസറിന്റെ 2022 ലെ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡിനു ഗ്രാന്‍ഡ് മോസ്‌ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
‘ഏറ്റവും മികച്ച ആകര്‍ഷണങ്ങള്‍ – മിഡില്‍ ഈസ്റ്റ്’ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, അതുല്യമായ കലാപരവും വാസ്തുവിദ്യാ വൈഭവവും കൊണ്ട് ‘ഏറ്റവും മികച്ച ആകര്‍ഷണങ്ങള്‍ – ലോകം’ എന്ന വിഭാഗത്തില്‍ നാലാമതുമാണു ഗ്രാന്‍ഡ് മോസ്‌ക്. ‘മികച്ച സാംസ്‌കാരികവും ചരിത്രപരവുമായ ടൂറുകള്‍- ലോകം’ വിഭാഗത്തില്‍ ഒമ്പതാം സ്ഥാനവും നേടി.
ഇസ്ലാമിക സംസ്‌കാരം, അതിന്റെ ശാസ്ത്രങ്ങള്‍, കലകള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയിലൂടെ സന്ദര്‍ശകര്‍ക്കു വ്യത്യസ്തമായ അനുഭവങ്ങളാണു ലഭിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഒരു ദിവസം മുഴുവന്‍ മസ്ജിദ് പരിസരത്ത് ചെലവഴിക്കാം.
എക്‌സിബിഷന്‍ ഹാളുകളും ഓഡിറ്റോറിയവും ലൈബ്രറിയും ഉള്ള ‘സന്ദര്‍ശക കേന്ദ്രത്തില്‍’ നിന്നാണു സമ്പന്നമായ സന്ദര്‍ശനാനുഭവം ആരംഭിക്കുന്നത്. സ്റ്റോറുകള്‍, വിനോദ മേഖലകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ ശേഖരം ഉള്‍ക്കൊള്ളുന്ന ‘സൂഖ് അല്‍ ജാമിയില്‍’ ആണ് അവസാനം എത്തിച്ചേരുന്നത്. സന്ദര്‍ശകര്‍ക്കു മസ്ജിദിന്റെ ജോഗിങ് ട്രയല്‍ സന്ദര്‍ശിക്കുകയും ചെയ്യാം.
അറബിയിലും ഇംഗ്ലീഷിലും സെന്ററിലെ എമിറാത്തി കള്‍ച്ചറല്‍ ടൂര്‍ സ്‌പെഷ്യലിസ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്ന സാംസ്‌കാരിക ടൂറുകള്‍ പള്ളിയിലെ ഏറ്റവും ജനപ്രിയമായ അനുഭവങ്ങളില്‍ ഒന്നാണ്. അറബിക്, ഇംഗ്ലീഷ്, ആംഗ്യഭാഷകളില്‍ സാംസ്‌കാരിക പര്യടനങ്ങളും വാഗ്ദാനം ചെയ്യുന്നു. സെന്ററിലെ സാംസ്‌കാരിക ടൂര്‍ സ്‌പെഷ്യലിസ്റ്റുകള്‍ അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍ ഭാഷകളില്‍ 2,075 ടൂറുകള്‍ നല്‍കി. ചൈനീസ്, റഷ്യന്‍, ഹീബ്രു, ടര്‍ക്കിഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ ടൂറുകള്‍ നല്‍കുന്നതിനായി സാംസ്‌കാരിക ടൂര്‍ സ്‌പെഷ്യലിസ്റ്റിനെ പരിശീലിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്്.
സന്ദര്‍ശകര്‍ക്കു നല്‍കുന്ന കോംപ്ലിമെന്ററി സാംസ്‌കാരിക പര്യടനങ്ങളിലൂടെ ഇസ്ലാമിന്റെ പ്രബോധനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സഹിഷ്ണുതയുടെ സാംസ്‌കാരിക സന്ദേശം കൈമാറാന്‍ കഴിഞ്ഞതായി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ വ്യക്തമാക്കി. എല്ലാ മേഖലകളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ ആഗോള സാംസ്‌കാരിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ മസ്ജിദിന്റെ മുന്‍നിര സ്ഥാനം അംഗീകരിക്കുന്നതായി സെന്റര്‍ അഭിപ്രായപ്പെട്ടു.