അബുദാബി: കോവിഡ് രോഗവ്യാപനത്തെത്തുടർന്നുള്ള അടച്ചുപൂട്ടലിന് ശേഷം അബുദാബിയിലെ പ്രൈവറ്റ്, ചാർട്ടർ സ്‌കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തിങ്കളാഴ്ച ക്ലാസ് മുറിയിൽ തിരിച്ചെത്തി. രണ്ട് വർഷത്തിനിടെ ആദ്യമായാണ് വിദ്യാർത്ഥികൾ ക്സാസ് മുറിയിലെത്തിയത്.
അബുദാബിയിൽ മെഡിക്കൽ ഇളവുകളുള്ളവർ ഒഴികെയുള്ള വിദ്യാർത്ഥികൾക്ക് ഇനി വിദൂര പഠനം തിരഞ്ഞെടുക്കാൻ അനുവാദമില്ല. കൂടാതെ ക്ലാസുകളിൽ നേരിട്ട് പങ്കെടുക്കുകയും വേണം.
സ്കൂളുകൾക്കകത്ത് ശാരീരിക അകലം പാലിക്കൽ നടപടികളും ഒഴിവാക്കിയിട്ടുണ്ട്. 16 വയസും അതിനുമുകളിലും പ്രായമുള്ള കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്കും ഇപ്പോൾ സ്കൂളിലേക്ക് പ്രവേശിക്കാം. എന്നാൽ എല്ലാ ആഴ്‌ചയും ഇവർ നെഗറ്റീവ് പിസിആർ പരിശോധന ഫലം നൽകേണ്ടിവരുമെന്ന് എമിറേറ്റ് വിദ്യാഭ്യാസ അതോറിറ്റി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.