അബുദാബി: അബുദാബിയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്പോണ്‍സറുടെ ഫാമില്‍ അദ്ദേഹം അറിയാതെയായിരുന്നു കഞ്ചാവ് ചെടികള്‍ നട്ടത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ 14 കഞ്ചാവ് ചെടികള്‍ അബുദാബി പൊലീസ് നശിപ്പിച്ചു. ഇവ വളര്‍ത്തിയതാണെന്നു പിടിയിലായവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പ്രവാസികള്‍ക്കു കഞ്ചാവ് വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ചെടികള്‍ വളര്‍ത്തിയതെന്ന് അബുദാബി പൊലീസ് ലഹരിമരുന്നു വിരുദ്ധ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.
ഫാം ഉടമ വല്ലപ്പോഴുമാണ് ഇങ്ങോട്ടുവന്നിരുന്നത്. ഈ സാഹചര്യം പ്രതികള്‍ മുതലെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു പൊലീസ് നിര്‍ദേശിച്ചു. ഉടമകള്‍ ഫാം ഇടയ്ക്കിടെ സന്ദര്‍ശിക്കണമെന്നും തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദേശം നല്‍കണമെന്നും ബ്രിഗേഡിയര്‍ ജനറല്‍ താഹിര്‍ അല്‍ ദാഹിരി അഭ്യര്‍ഥിച്ചു.