അബുദാബി: യുഇഎയുടെ പുതിയ ആകര്‍ഷണവും അദ്ഭുതവുമായ അബുദാബിയിലെ നാഷണല്‍ അക്വേറിയം നാളെ തുറക്കും. 300 വ്യത്യസ്ത ഇനങ്ങളില്‍ 46,000 ജീവികളെ പ്രര്‍ദര്‍ശിപ്പിക്കുന്ന അക്വേറിയം പശ്ചിമേഷ്യയിലെ ഏറ്റവും വലുതാണ്. റബ്ദാന്‍ ഏരിയയിലെ അല്‍ ഖാന ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന അക്വേറിയം നാളെ രാവിലെ പത്തിനാണു പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുന്നത്.
ലോകത്തെ, ജീവിച്ചിരിക്കുന്ന ഏറ്റവും വലുപ്പമുള്ള പാമ്പ് എന്ന കരുതപ്പെടുന്ന റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ് അക്വേറിയത്തിന്റെ പ്രധാന ആകര്‍ഷണമാണ്. സൂപ്പര്‍ സ്‌നേക്ക് എന്ന പേരില്‍ പ്രശസ്തയായ 14 വയസുള്ള ഈ പെണ്‍പാമ്പിനു ഏഴു മീറ്ററാണു നീളം.

അതിമനോഹരമായ ജൈവവൈവിധ്യം ഉള്‍ക്കൊള്ളുന്ന അക്വേറിയം മറക്കാനാവാത്ത അനുഭവങ്ങളുടെ നിരയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ഹാമര്‍ഹെഡ് സ്രാവുകളും ബുള്‍ സാവ്രുകളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത മത്സ്യങ്ങളുടെയ വലിയ കൂട്ടവും പക്ഷികളും ഉരഗങ്ങളും കാഴ്ചക്കാര്‍ക്കു പുതുമയാകും.
പത്ത് സോണുകളിലായുള്ള അറുപതിലധികമുള്ള പ്രദര്‍ശനങ്ങള്‍ കണ്ടുതീര്‍ക്കാന്‍ ശരാശരി രണ്ടു മണിക്കൂര്‍ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈവിധ്യമാര്‍ന്ന സ്രാവുകള്‍ക്കൊപ്പമുള്ള സ്‌കൂബ ഡൈവിങ് സന്ദര്‍ശകര്‍ക്കു പുതിയ അനുഭവം പകരും.
സന്ദര്‍ശകര്‍ക്കു വെള്ളത്തിലിറങ്ങി സ്രാവുകള്‍ക്കു ഭക്ഷണം നല്‍കാനുള്ള അവസരവുമൊരുങ്ങുന്നുണ്ട്. ഗ്ലാസ് ബോട്ട് ടൂര്‍, കണ്ണാടി പാലത്തിലൂടെയുള്ള സാഹസിക നടത്തം എന്നിവയും സന്ദര്‍ശകര്‍ക്കു വിസ്മയം പകരും.
അല്‍ മഖ്ത ജലപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അക്വേറിയം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഡിഎംടി), അല്‍ ബറക ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് എന്നിവര്‍ ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്. അക്വേറിയം, പ്രശസ്തമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ പ്രധാന കാഴ്ച കൂടി വാഗ്ദാനം ചെയ്യുന്നു.
അക്വേറിയം പ്രവേശനത്തിനു നാലു ശ്രേണികളില്‍ ടിക്കറ്റ് ലഭ്യമാണ്. പൊതുപ്രവേശനം-105 ദിര്‍ഹം (2100 രൂപയ്ക്കു മുകളില്‍), ബിയോണ്ട് ദ ഗ്ലാസ്- 130 ദിര്‍ഹം (2600 രൂപയ്ക്കു മുകളില്‍), ബു തിനാ ധൗ-150 ദിര്‍ഹം (3000 രൂപയ്ക്കു മുകളില്‍), വിഐപി- 200 ദിര്‍ഹം (നാലായിരം രൂപയ്ക്കു മുകളില്‍) എന്നിങ്ങനെയാണു നിരക്ക്.
16 വയസ് മുതലുള്ളവര്‍ക്കാണ് അക്വേറിയത്തില്‍ പ്രവേശനം. പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 96 മണിക്കൂറില്‍ താഴെ സാധുതയുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലമോ അല്‍ ഹോസ്ന്‍ ആപ്പില്‍ ലഭ്യമാക്കണം. മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.
Also Read: വിരമിച്ച പ്രവാസികൾക്ക് യുഎഇയിൽ താമസിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതി