അബുദാബി: ജല ദൗർലഭ്യ സൂചികയിലെ ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ അബുദാബിയിലെ ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനും അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) ഒരു പൊതു നയം പുറത്തിറക്കി. 2016 ലെ നിയമം നമ്പർ (5) അടിസ്ഥാനമാക്കിയാണിത്. ഭൂഗർഭജല സ്രോതസുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഉണ്ടാക്കുക, മികച്ച ജലസേചന സാങ്കേതിക വിദ്യകളും, രീതികളും എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം.
ഭൂഗർഭജല ഗുണനിലവാര സൂചിക മെച്ചപ്പെടുത്തുന്നതിനൊപ്പം, 2030 ഓടെ ഭൂഗർഭജലം വേർതിരിച്ചെടുക്കുന്നത് 650 ദശലക്ഷം ക്യുബിക് മീറ്റർ വരെ കുറയ്ക്കാനുള്ള നയം ഇഎഡി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദഹേരിയാണ് പ്രഖ്യാപിച്ചത്. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ പ്രസക്തമായ അധികാരികളുമായുള്ള കൂടിയാലോചനയുടെയും സഹകരണത്തിന്റെയും പിന്തുണയോടെ ഇഎഡിയുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കുക.
പുതിയ നയം നടപ്പിലാക്കുന്നത്തോടെ 2030ൽ ജലചൂഷണ നിരക്ക് 24-ൽ നിന്ന് 16-മടങ്ങായി കുറയുമെന്നും ജലസേചനത്തിനായി ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ ജലസംഭരണികൾ വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഇഎഡി അറിയിച്ചു.