അബുദാബി: കോവിഡ്-19 വാക്‌സിനുകളും പി സി ആര്‍ ടെസ്റ്റുകളും അബുദാബിയിലെ ഫാര്‍മസികളിലും. 29 മുതല്‍ ഈ സൗകര്യം ആരംഭിച്ചു.
കോവിഡ്-19 വാക്‌സിനുകള്‍ സൗജന്യമാണ്. പി സി ആര്‍ ടെസ്റ്റുകള്‍ക്കു 40 ദിര്‍ഹമാണു നിരക്കെന്ന് അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ പി സി ആര്‍ ടെസ്റ്റുകള്‍ നടത്താനും 18 വയസിന് മുകളിലുള്ളവര്‍ക്കു കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സീസണല്‍ ഫ്‌ളൂ വാക്സിനും വിവിധ യാത്രാ വാക്സിനുകളും പോലുള്ള മറ്റു വാക്സിനേഷനുകള്‍ ഉള്‍പ്പെടുത്തി സേവനങ്ങള്‍ പിന്നീട് വിപുലീകരിക്കും.
ദേശീയ വാക്സിനേഷന്‍ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ കൂടുതല്‍ ഫാര്‍മസികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അബുദാബി ആരോഗ്യവകുപ്പ് ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു. വ്യക്തികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുമായി ഫാര്‍മസികളില്‍ മറ്റ് തരത്തിലുള്ള വാക്‌സിനേഷനുകള്‍ ഉള്‍പ്പെടുത്തുന്നാനും തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിരവധി ഫാര്‍മസികള്‍ ഈ വാക്‌സിനേഷനുകള്‍ നല്‍കുന്നതിന് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ഫാര്‍മസികള്‍ക്ക് അംഗീകാരം നല്‍കും. അത് വകുപ്പന്റെ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ലൈസന്‍സിലേക്കു ചേര്‍ക്കും.
യു എ ഇ ജനസംഖ്യയുടെ 100 ശതമാനം ആദ്യ ഡോസും 98.1 ശതമാനം രണ്ട് ഡോസും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.