ദുബായ്: അബുദാബിയില്‍ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. ഇനി മുതല്‍ കോവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പൊതുസ്ഥലങ്ങളില്‍ പ്രവേശനം. മാളുകളിലും ഭക്ഷണശാലകളിലും എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഓഗസ്റ്റ് 20 മുതല്‍ പൊതുസ്ഥലങ്ങളില്‍ എത്തുന്ന പൗരന്മാരും, വിദേശികളും നിര്‍ബന്ധമായും വാക്സിന് സ്വീകരിച്ചിരിക്കണം. ഇതിനു പുറമെ അൽഹോസ്ൻ ആപ്ലിക്കേഷന്‍ മുഖേനയുള്ള ഗ്രീന്‍ പാസും കരുതണം.
കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കാണ് പാസ് ലഭിക്കുക. 30 ദിവസം വരെയാണ് പാസിന്റെ കാലാവധി. വാക്സിന് സ്വീകരിക്കാത്തവര്‍ പി.സി.ആര് ടെസ്റ്റില്‍ നെഗറ്റീവ് ആയാല്‍ ഏഴ് ദിവസത്തേക്ക് ഗ്രീന്‍ പാസ് ലഭിക്കും.
16 വയസിന് താഴെയുള്ള കുട്ടികള്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. കോവിഡ് പരിശോധനയുടെ കാലാവധി കഴിഞ്ഞവര്‍ക്കും വാക്സിന് സ്വീകരിക്കാത്തവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്കുണ്ട്.
പുതുതായി അബുദാബിയിലെത്തുന്നവര്‍ക്ക് വാക്സിന് സ്വീകരിക്കുന്നതിനായി 60 ദിവസത്തെ കാലാവധി നല്‍കിയിട്ടുണ്ട്.
ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് സെന്ററിനുള്ളിൽ അല്ലാത്ത ജിമ്മുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം മാനദണ്ഡങ്ങള്‍ പിന്തുടരണം.
വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതോടെ പൊതു ഇടങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, മ്യൂസിയം, സിനിമാ തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ 80 ശതമാനം പേരെ പ്രവേശിപ്പിക്കും.
ഭക്ഷണശാലകള്‍ക്കും ഇത് ബാധകമാണ്. 10 പേര്‍ക്ക് വരെ ഒരു ടേബിളില്‍ ഇരിക്കാം. ഭക്ഷണം കഴിക്കുന്നില്ലാത്ത സമയങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, സ്പാ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്കാണ് പ്രവേശനാനുമതി.
യാത്രക്കാര്‍ക്കായി അഞ്ച് സീറ്റുള്ള ടാക്സികളില്‍ മൂന്ന് പേര്‍ക്കും, ഏഴ് സീറ്റുള്ളവയില് അഞ്ച് പേരെയും ഉള്‍പ്പെടുത്തി സര്‍വീസ് നടത്താവുന്നതാണ്.
Also Read: അധിക ഡോസ് വാക്സിന് നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍