അബുദാബി: പുതുവത്സരരാവില്‍ അബുദാബിയിലെ എല്ലാ റോഡുകളിലും തെരുവുകളിലും തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയ്ക്കു പൊലീസ് നിരോധനം പ്രഖ്യാപിച്ചു.
ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസ്സഫ പാലം, സെക്ഷന്‍ ബ്രിഡ്ജ് എന്നിവയും നിരോധന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
ഡിസംബര്‍ 31നു രാവിലെ ഏഴു മുതല്‍ ജനുവരി ഒന്നിനു രാവിലെ ഏഴുവരെയാണു നിരോധനമെന്നു സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടറിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി അറിയിച്ചു.
ക്ലീനിങ്, ലോജിസ്റ്റിക് സപ്പോര്‍ട്ട് വാഹനങ്ങളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിപുലമായ ഒരുക്കങ്ങളുമായി ദുബായ്
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി ദുബായ്. പ്രശസ്തമായ ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍ ഉള്‍പ്പെടെയുള്ള നഗരത്തിലെ 30 കേന്ദ്രങ്ങളില്‍ ഗംഭീര വെടിക്കെട്ട് പ്രദര്‍ശനങ്ങളും ആഘോഷങ്ങളും നടക്കും.
ക്ലോക്ക് അര്‍ധരാത്രിയിലെത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ വിസ്മയക്കാഴ്ച സമ്മാനിക്കും. ദുബായ് ഫ്രെയിം, ബ്ലൂവാട്ടേഴ്‌സ്, ദി ബീച്ച്, ജെബിആര്‍, ബുര്‍ജ് അല്‍ അറബ് എന്നിവയുള്‍പ്പെടെ മറ്റു പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശനങ്ങളുണ്ടാവും.
അറ്റ്‌ലാന്റിസിലെ ദി പാം, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് ഗോള്‍ഫ് ആൻഡ് കണ്‍ട്രി ക്ലബ്, എമിറേറ്റ്‌സ് ഗോള്‍ഫ് ക്ലബ്, മോണ്ട്ഗോമറി ഗോള്‍ഫ് ക്ലബ് ദുബായ്, അറേബ്യന്‍ റാഞ്ചസ് ഗോള്‍ഫ് ക്ലബ്, ടോപ്ഗോള്‍ഫ് ദുബായ് എന്നിവിടങ്ങളില്‍ നിരവധി പരിപാടികളും പാര്‍ട്ടികളും കരിമരുന്ന് പ്രകടനങ്ങളും നടക്കും.
ദുബായ് ക്രീക്ക്, അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ്, ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ടുകള്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വര്‍ണാഭമായ പ്രദര്‍ശനങ്ങളും ആഘോഷങ്ങളും കുടുംബങ്ങള്‍ക്കു ഗംഭീരവിരുന്നാവും.
ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജുമേയറാ ബീച്ച് റെസിഡന്‍സ് എന്നിവിടങ്ങളില്‍ നൂറുകണക്കിനു ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോ പ്രതീക്ഷിക്കാം. അറ്റ്ലാന്റിസിലെ ദി പാമില്‍ നടക്കുന്ന ഓസ്ട്രേലിയയിലെ എക്കാലത്തെയും പ്രശസ്ത ഗായികമാരില്‍ ഒരാളായ കൈലി മിനോഗിന്റെ സംഗീതപരിപാടിയാണ് ഇത്തവണത്തെ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകത.
നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ വേദികളിലൊന്നായ ദുബായ് ഓപ്പറയില്‍ ബ്രിട്ടന്റെ ഗോട്ട് ടാലന്റിലെ അന്താരാഷ്ട്ര പ്രശസ്തരായ നൃത്ത ജോഡികളായ ജാസ്മിന്‍ ആന്‍ഡ് ആരോണിന്റെ പ്രകടനങ്ങളോടെ ഡോണ്‍-തീം ആഘോഷം അരങ്ങേറും.