അബുദാബി: യാത്രയിലുടനീളം തടസമില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നതിനായി നൂതന ബയോമെട്രിക് സാങ്കേതികവിദ്യയുമായി അബുദാബി വിമാനത്താവളം. യാത്രക്കാരുടെ മുഖത്തിന്റെ പ്രത്യേതകള്‍ പാസ്പോര്‍ട്ടായി ഉപയോഗിക്കുന്ന സംവിധാനമാണു നടപ്പാക്കുന്നത്.
സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് യാത്രക്കാരുടെ മുഖങ്ങള്‍ പകര്‍ത്തി അവര്‍ക്കു യാത്ര ചെയ്യാന്‍ അനുമതിയുണ്ടോയെന്നു സ്ഥിരീകരിക്കും. ഇതേ വിവരങ്ങള്‍ ബോര്‍ഡിങ്ങിനു മുമ്പായും ഉപയോഗിക്കും. ഇതുമൂലം വീണ്ടും രേഖകള്‍ ഹാജരാക്കേണ്ട ആവശ്യം ഒഴിവാക്കുന്നു.
യാത്രക്കാര്‍ക്കു പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ ഹാജരാക്കേണ്ട ആവശ്യമില്ലാതെ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനും ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യാനും ലോഞ്ചുകള്‍ ഉപയോഗിക്കാനും വിമാനത്തില്‍ കയറാനും പുതിയ സാങ്കേതികവിദ്യ പ്രാപ്തമാക്കും.
ഘട്ടംഘട്ടമായാണു പുതി സാങ്കേതികവിദ്യ നടപ്പാക്കുക. ആദ്യ ഘട്ടം യുണൈറ്റഡ് സ്റ്റേറ്റ്‌സ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി ബി പി) സൗകര്യത്തിലാണ് പരീക്ഷിക്കുന്നത്. പരീക്ഷണാര്‍ഥം അമേരിക്കയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാര്‍ക്കാണു പുതിയ സംവിധനാനം ആരംഭിച്ചിരിക്കുന്നത്. വൈകാതെ മറ്റു വിമാനത്താവളത്തിലേക്കും സംവിധാനം വ്യാപിപ്പിക്കും.
ബയോമെട്രിക് ഡേറ്റാ റെക്കോര്‍ഡുകള്‍ പ്രയോജനപ്പെടുത്തി യാത്രക്കാര്‍ക്കു സുഗമമായ യാത്രയാണ് ഈ നൂതന സാങ്കേതികവിദ്യ നല്‍കുന്നതെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.
”യുഎഇയിലും ലോകത്തും ഇത്തരത്തിലുള്ള ആദ്യ സമഗ്രമായ ബയോമെട്രിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിമാനത്താവള സേവനങ്ങളും അനുഭവവും മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി തുടരുന്നതിനാല്‍ ഭാവിയില്‍ പദ്ധതി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആരംഭിക്കുകയും പിന്നീട് പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനലിലേക്കു മാറ്റുകയും ചെയ്യും. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ എയര്‍ലൈനായ ഇത്തിഹാദിനെയും ഞങ്ങളുടെ സാങ്കേതിക പങ്കാളിയായ നെക്‌സ്റ്റ് 50യെയും യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിനെയും അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കുന്നു,” അബുദാബി എയര്‍പോര്‍ട്ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജമാല്‍ സലേം അല്‍ ദഹേരി പറഞ്ഞു.