കുവൈത്ത് സിറ്റി: മികച്ച ഭരണ നേട്ടങ്ങളുമായിട്ടാണ് കേരളത്തിലെ എൽഡിഎഫ് ഭരണം മുന്നോട്ടു പോകുന്നതെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയും കേരള ന്യൂന പക്ഷ ധനകാര്യ കമീഷൻ ചെയർമാനുമായ പ്രൊഫസർ അബ്ദുൽ വഹാബ്. മികവുറ്റ ഭരണത്തിന് നേതൃത്വം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നുണ്ടെന്നും സർക്കാരിന്റെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ ആശ്വാസ പദ്ധതികളുടെ നടത്തിപ്പ് വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ചെറിയ ചെറിയ ചില വിവാദങ്ങളെ പെരുപ്പിച്ച് കാട്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഭരണകൂടം സ്പോൺസർ ചെയ്യുന്ന വർഗ്ഗീയ അജണ്ടകൾക്കെതിരെ രാജ്യത്തെ പൗരന്മാർ തങ്ങളുടെ മത വിശ്വാസ പ്രമാണങ്ങൾക്കപ്പുറം മതേതരത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ തയാറാണെന്നും, ഇത്തരം ജനകീയ ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകാൻ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണമെന്നും അബ്ദുൽ വഹാബ് പറഞ്ഞു. കുവൈത്തിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്ററിന്റെ വാർഷിക പരിപാടികളിൽ സംബന്ധിക്കാനാണ് അബ്ദുൽ വഹാബ് കുവൈത്തിൽ എത്തിയത്. ഐഎംസിസി ചെയർമാൻ സത്താർ കുന്നിൽ, പ്രസിഡന്റ് ശരീഫ് താമരശ്ശേരി, അബൂബക്കർ, ഹമീദ മതൂർ, ശരീഫ് കൊളവയൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook