മനാമ: പെറ്റമ്മയെ പുറന്തള്ളുന്ന ഒരു സമൂഹം മാതൃരാജ്യത്തെ ഛിദ്രതകളില്ലാതെ കാത്തു സൂക്ഷിക്കുമെന്നു കരുതാന്‍ കഴിയില്ലെന്നു പ്രമുഖ പ്രഭാഷകനും മുന്‍ എംപിയുമായ അബ്ദുസ്സമദ് സമദാനി പറഞ്ഞു. ബഹ്‌റൈന്‍ കെഎംസിസി കേരളീയ സമാജം ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരിപാടിയില്‍ നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജോലിത്തിരക്കിനടയില്‍ മാസങ്ങള്‍ കഴിഞ്ഞ് അമ്മയെ കാണാന്‍ വരുന്ന മക്കള്‍ അസ്ഥിക്കൂടമായി മാറിയ അമ്മയെയാണു കാണുന്നത്. ഇത്തരത്തില്‍ സമൂഹം മനസ്സാക്ഷിയില്ലാത്ത അവസ്ഥയിലേക്കു മാറിയിരിക്കുന്നു. മാതൃരാജ്യത്തിന്റെ ഏകത്വം തകര്‍ത്തു രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നവരും അമ്മയോടു കാണിക്കുന്ന നന്ദികേടിന്റെ മറ്റൊരു രൂപമാണു പ്രകടമാക്കുന്നത്. രാജ്യം ഇക്കാലമത്രയും കാത്തു സൂക്ഷിച്ച പാരമ്പര്യം നാം മറക്കാന്‍ പാടില്ല. മറവി രോഗം വ്യക്തികള്‍ക്കു പിടിപെടുമ്പോള്‍ തന്നെ അസഹ്യമാണ്. അതൊരു സമൂഹത്തിനാകെ പിടിപെടുമ്പോഴുള്ള അവസ്ഥയിലേക്കാണ് നാം സഞ്ചരിക്കുന്നത്. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവിയിലുമാണ് ഒരു രാജ്യം ജീവിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മഹിതമായ പാരമ്പര്യം നിലനിര്‍ത്താന്‍ ഭൂതകാലത്തിന്റെ സ്മരണകള്‍ ആവശ്യമാണ്.
വൈവിധ്യങ്ങളെ കൈനീട്ടി സ്വീകരിക്കുന്നതായിരുന്നു ഇന്ത്യയുടെ പാരമ്പര്യമെന്ന് അപ്പോള്‍ കാണാനാവും.

മൂന്നു മതങ്ങള്‍ക്കു ജന്മം നല്‍കിയ മണ്ണാണിത്. ബുദ്ധനും ജൈനനും സിഖും ഇവിടെ പിറവികൊണ്ടു. രണ്ടു ലോക മതങ്ങളെ അതു കൈനീട്ടി സ്വീകരിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന തത്വം രാഷ്ട്രത്തിന്റെ ഹൃദയത്തില്‍ നിലനിന്നതിന്റെ പ്രതിഫലനമാണിത്. ഇന്ന് ഈ വൈവിധ്യങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ലോകത്ത് എവിടെയും കാലുഷ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മാ നിഷാദ പാടിയ സംസ്‌കാരമാണ് ഇന്ത്യയുടേതെന്നു നാം മറക്കുന്നു. സംവാദങ്ങള്‍ നടക്കുന്നത് എപ്പോഴും ആവശ്യമാണ്. എന്നാല്‍ വിവാദങ്ങളില്‍ അഭിരമിക്കാനാണ് ഇപ്പോള്‍ നമ്മുടെ ശ്രമം. ദൈവ വിശ്വാസിക്ക് ഒരിക്കലും വര്‍ഗീയ വാദിയാവാന്‍ കഴിയില്ല. വര്‍ഗീയതക്കു മതമില്ല. എല്ലാ ഭീകരവാദവും ആദ്യം തകര്‍ക്കുന്നതു സ്വന്തം പക്ഷത്തെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് എസ്.വി.ജലീല്‍ അധ്യക്ഷത വഹിച്ചു. സേവി മാത്തുണ്ണി ആശംസകള്‍ അര്‍പ്പിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതം പറഞ്ഞു. ഒഐസിസി ഗ്ലോബല്‍ ജന. സെക്രട്ടറി രാജു കല്ലുമ്പുറം, യുഎഇ എക്‌സ്‌ചേഞ്ച് പ്രതിനിധി രംഗനാഥ്, ഇന്ത്യന്‍ സ്‌കൂള്‍ ആക്ടിങ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളും, ജില്ലാ, ഏരിയ നേതാക്കളും നേതൃത്വം നല്‍കി.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി വിജയിപ്പിക്കാന്‍ ഒത്തു ചേര്‍ന്ന ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാസ്‌കാരിക സംഘടനകള്‍, ബഹ്‌റൈന്‍ കേരളീയ സമാജം, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ക്കും കെഎംസിസിയുടെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും സംസ്ഥാന കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook