ദുബായിലെ ഒരു ആശുപത്രി തെലങ്കാന സ്വദേശിയുടെ 1.52 കോടി രൂപയുടെ ചികിത്സാചെലവ് എഴുതിത്തള്ളി. രണ്ട് വര്‍ഷമായി ദുബായില്‍ നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന 42 വയസ്സുള്ള രാജേഷ് ലിങ്കയ്യ ഓഡ്‌നാലയ്ക്കാണ് മനുഷ്യത്വപരമായ കാരണങ്ങളാല്‍ ആശുപത്രി ബില്‍ ഇളവ് ചെയ്തു നല്‍കിയത്.

ഏപ്രില്‍ 23-ന് ദുബായിലെ ദുബായ് ആശുപത്രിയില്‍ അസുഖം മൂലം പ്രവേശിപ്പിക്കപ്പെട്ട രാജേഷിന് പിന്നീട് കോറോണവൈറസ് ബാധ സ്ഥിരീകരിച്ചു.

80 ദിവസത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ 7,62,555 ദിര്‍ഹമിന്റെ ബില്ലാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. എന്നാല്‍, ഈ ബില്ല് അടയ്ക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.

Read Also:

ആശുപത്രിയില്‍ അഡ്മിറ്റായത് മുതല്‍ രാജേഷുമായി ബന്ധം പുലര്‍ത്തിയിരുന്ന ദുബായിലെ ഗള്‍ഫ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റായ ഗുണ്ടെല്ലി നരസിംഹ വിഷയം ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസിലെ സന്നദ്ധ സേവകനായ സുമത് റെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹവും ബിഎപിഎസ് സ്വാമിനാരായണ്‍ ട്രസ്റ്റിന്റെ സന്നദ്ധ പ്രവര്‍ത്തകനായ അശോക് കോട്ടെച്ച കോണ്‍സുലേറ്റ് ഓഫീസിലെ കോണ്‍സുലായ ഹര്‍ജീത് സിംഗിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. സിംഗ്, ബില്‍ മാനുഷിക പരിഗണനയില്‍ ഇളവ് ചെയ്തു നല്‍കണമെന്ന് ദുബായ് ആശുപത്രി മാനേജ്‌മെന്റിന് കത്തെഴുതി.

ഇതേതുടര്‍ന്ന്, ആശുപത്രി ബില്ലില്‍ ഇളവ് നല്‍കുകയും രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അശോക രാജേഷിനും കൂടെ സഹായിയായി യാത്ര ചെയ്യുന്ന ദേവര കന്‍കയ്യയ്ക്കും സൗജന്യമായി വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും വഴിച്ചെലവിനായി 10,000 രൂപ നല്‍കുകയും ചെയ്തു.

നാട്ടിലെത്തിയ രാജേഷ് സ്വന്തം ഗ്രാമത്തില്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook