ജൂണ്‍ അഞ്ച് മുതല്‍ യുഎഇയില്‍ 5ജി സേവനം ലഭിക്കും. 5ജി സാങ്കേതിക വിദ്യയുള്ള ഫോണുകള്‍ വിപണിയിലെത്തിയാലുടന്‍ സേവനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പ്രമുഖ ടെലികോം ദാതാക്കളായ എത്തിസലാത്ത് അറിയിച്ചു. 5ജി സജ്ജമായ ഫോണുകള്‍ ലഭ്യമാകാത്തതാണ് തടസ്സമെന്നും നേരത്തെ തന്നെ തങ്ങള്‍ 5G നല്‍കാൻ തയ്യാറായിരുന്നെന്നും എത്തിസലാത്ത് കൂട്ടിച്ചേര്‍ത്തു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന അറബ് ഫോറത്തിന്‍റെ 18-ാമത്തെ എഡിഷനിലാണ് എത്തിസലാത്ത് ഗ്രൂപ്പിന്‍റെ കോര്‍പ്പറേറ്റ് സ്ട്രാറ്റജിയുടെ ചീഫും ഗവേണന്‍സ് ഓഫീസറുമായ ഖലീഫ അല്‍ഷംസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മാധ്യമ രംഗത്ത് ടെക്നോളജിയുടെ പങ്കിനുള്ള മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പുകളാണ്. “റേഡിയോ ഉപയോഗിച്ചാണ് റൂസ്വെല്‍റ്റ് ജനങ്ങളിലേക്ക് തന്‍റെ സന്ദേശങ്ങളെത്തിച്ചിരുന്നത്. കെന്നഡി ടെലിവിഷനും. സോഷ്യൽ മീഡിയയെ ആദ്യമായി ഉപയോഗിച്ചത് ഒബാമയാണ്.” മെച്ചപ്പെട്ട രീതിയിൽ റിപ്പോർട്ടു ചെയ്യുന്നതിനായി ഡ്രോണുകൾ, ഓട്ടോമോട്ടീവ് വാഹനങ്ങൾ എന്നിവയും 5 ജി ഉപയോഗപ്പെടുത്തിയേക്കാമെന്നും അല്‍ഷംസി ചൂണ്ടിക്കാട്ടി.
മറ്റൊരു ടെലികോം ദാതാവായ ഡുവും 5ജി സേവനം നല്‍കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ദുബായ്, അബുദാബി തുടങ്ങി എല്ലാ എമിറേറ്റുകളിലും ഒരേ സമയത്ത് തന്നെ 5ജി ലഭ്യമാകും. രണ്ട് മാസങ്ങള്‍ക്ക് ശേഷം 5ജി സാങ്കേതികവിദ്യയിലുള്ള ഫോണുകള്‍ യുഎഇ വിപണിയിലെത്തും.
Around 20 times faster than 4G and with ultra-low latency, 5G technology will enable users to stream live 4K resolution video anywhere at any time, with virtually no lag and supporting an expected 300,000 users on peak days. #Dubai pic.twitter.com/6686B053Kc
— Dubai Media Office (@DXBMediaOffice) July 11, 2018
ഷാങ്ഹായ്: 5 ജിയിലേക്ക് ആദ്യമെത്തിയ നഗരം
5 ജി ഉപയോഗിക്കുന്ന ആദ്യ നഗരമെന്ന റെക്കോർഡ് ചൈനയിലെ ഷാങ്ഹായ് നഗരത്തിന് സ്വന്തം. അമേരിക്ക, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ട് മാര്‍ച്ച് 30നായിരുന്നു ഈ പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് മാസങ്ങളായി നടന്നു വന്ന പരീക്ഷണങ്ങൾ വിജയം കണ്ടതിനെ തുടർന്നായിരുന്നു ഓദ്യോഗിക പ്രഖ്യാപനം. ഹുവായ് മേറ്റ് X എന്ന ഹുവായിയുടെ 5 ജി മൊബൈലിൽ വീഡിയോ കോൾ ചെയ്ത് ഷാങ്ഹായ് വൈസ് മേയർ വു ക്വിങ് ആണ് ഉദ്ഘാടനം ചെയ്തത്. ചൈനയുടെ മറ്റ് ഭാഗങ്ങളിലും ഹുവായ് 5 ജി സ്റ്റേഷനുകൾ സ്ഥാപിച്ച് കഴിഞ്ഞു.
4ജിയേക്കാള്‍ 5ജിക്കുള്ള മെച്ചം?
‘നെക്സ്റ്റ് ജനറേഷന്‍ ഓഫ് വയര്‍ലെസ്’ എന്നാണ് 5ജിയെ വിശേഷിപ്പിക്കുന്നത്. വേഗത തന്നെയാണ് ആദ്യം പറയേണ്ടത്. 4ജിയെ അപേക്ഷിച്ച് പത്തു മടങ്ങ് വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. 4ജിയില്‍ ഡൗണ്‍ലോഡിങ് സെക്കന്‍ഡില്‍ ഒരു ജിബി ആണെങ്കില്‍ 5ജിയില്‍ അത് 20 ജിബി ആണ്. ചുരുക്കത്തില്‍ ഹൈക്വാളിറ്റിയുള്ള എച്ച്ഡി വീഡിയോസ് വെറും നൂറ് സെക്കൻഡില്‍ ഡൗണ്‍ലോഡ് ചെയ്യാം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 4ജിയില്‍ 6 മിനിറ്റായിരുന്നെങ്കില്‍ 5ജിയില്‍ സെക്കന്‍ഡുകള്‍ കൊണ്ട് ഇത് സാധ്യമാകും.
മറ്റൊരു സവിശേഷത 4ജിയില്‍ ഒരു സ്ക്വയര്‍ കിലോമീറ്റര്‍ വെറും ഒരു ലക്ഷം ഉപകരണങ്ങളെ കണക്റ്റ് ചെയ്യുമ്പോള്‍ 5ജിയില്‍ അത് ഒരു മില്യണ്‍ ഉപകരണങ്ങളെ കണക്റ്റ് ചെയ്യാന്‍ സാധിക്കും. 5ജി എത്തിയാല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ തടസ്സമില്ലാതെ കളിക്കാം. Millimeter Waves, Small Cell, Massive MIMO,Beam Forming, Full Duplex ഈ അഞ്ചു കാര്യങ്ങളാണ് 5ജിയുടെ വേഗതയ്ക്കും കരുത്തിനും പിന്നില്‍. 5ജിയില്‍ ഉപയോഗിക്കുന്ന തരംഗങ്ങള്‍ വീട്ടിൽ വയ്ക്കാവുന്ന തരത്തിലുള്ള റൗട്ടറുകളില്‍ നിന്ന് പുറപ്പെടുവിക്കാമെന്നതിനാല്‍ ഇപ്പോഴുള്ള വലിയ മൊബൈല്‍ ടവറുകള്‍ ഒഴിവാക്കാനാകും.
5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഫോണുകള്‍ക്കും ഇതിനനുസരിച്ച് വില ഉയരാം. സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമല്ല, സ്മാര്‍ട്ട് ടിവികളും മറ്റ് ഗാഡ്ജറ്റുകളിലും 5ജി സപ്പോര്‍ട്ട് ചെയ്യും. അടുത്ത തലമുറയിലെ വീട്ടുപകരണങ്ങളില്‍ വരെ മാറ്റം കൊണ്ടു വരാന്‍ 5ജിക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ എന്നെത്തും 5ജി?
ഇന്ത്യയും 5ജിക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും 2021 വരെ കാത്തിരിക്കേണ്ടി വരും. 5ജി സേവനം ലഭ്യമായാലുടന്‍ അതിനനുസരിച്ചുള്ള ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് പ്രധാനപ്പെട്ട മൊബൈല്‍ നിര്‍മാണ കമ്പനികളെല്ലാം അറിയിച്ചിട്ടുണ്ട്. 5ജി സേവനം ആദ്യം നല്‍കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ജിയോ. മറ്റുള്ളവരെ അപേക്ഷിച്ച് 5ജിയിലേക്ക് പെട്ടെന്ന് മാറാവുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് ജിയോയ്ക്കുള്ളതെന്നാണ് പ്ലസ് പോയിന്‍റ്. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന സ്മാർട്ഫോണ്‍ വിപണിയിലിറക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. എയര്‍ടെല്ലും, വോഡഫോണും തൊട്ടു പിന്നാലെ തന്നെ 5ജിയിലേക്കെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 2020ല്‍ 5ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട ലേലം ഉണ്ടാകുമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) അറിയിച്ചുണ്ട്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരെ പെട്ടെന്ന് 5ജിയിലേക്ക് മാറുന്നതില്‍ നിന്ന് പിറകോട്ട് വലിക്കുന്നുണ്ട്.
5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍
സാംസങ് ഗ്യാലക്സി S10, സാംസങ് ഗ്യാലക്സി ഫോള്‍ഡ്, ഹുവായ് മേറ്റ് എക്സ്, വണ്‍ പ്ലസ് 5ജി ഫോണ്‍, സിയോമി മിക്സ് 3 5ജി, ഇസഡ്.ടി.ഇ.ആക്സണ്‍ 10 പ്രോ 5ജി, എച്ച്.റ്റി.സി 5ജി, ഓപ്പോ 5ജി, മോട്ടോ എം.ഐ. എം.എക്സ്3, എല്‍.ജി. വി50 തിന്‍ ക്യൂ എന്നീ ഫോണുകളാണ് 5ജിയെ സപ്പോര്‍ട്ട് ചെയ്യുമെന്ന വാഗ്ദാനവുമായി വിപണിയില്‍ ലഭ്യമായ/എത്താനുള്ള മൊബൈല്‍ ഫോണുകള്‍.
5ജി പരീക്ഷിച്ചപ്പോള്‍ പക്ഷികള്‍ ചത്തൊടുങ്ങിയോ? എന്താണ് വാസ്തവം
നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ 5ജി പരീക്ഷിച്ചപ്പോള്‍ നൂറുകണക്കിന് പക്ഷികള്‍ ചത്തൊടുങ്ങിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2018 ഒക്ടോബറില്‍ 150ലധികം പക്ഷികള്‍ അവിടെ ചത്തൊടുങ്ങിയിട്ടുണ്ടെന്നത് വാസ്തവമാണ്. പക്ഷേ, ഈ സമയത്ത് പക്ഷികള്‍ ഉണ്ടായിരുന്ന സ്ഥലത്തോ പരിസരത്തോ 5ജിയുമായി ബന്ധപ്പെട്ട ഒരു പരീക്ഷണവും നടന്നിട്ടില്ലെന്ന ഔദ്യോഗിക വിശദീകരണക്കുറിപ്പും പിന്നാലെ വന്നു. പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് സാധാരണമല്ലെങ്കിലും സംഭവിക്കാറുണ്ട്. പല കാരണങ്ങളായിരിക്കാം ഇതിന് പിന്നിലുള്ളത്.
എന്ത് തന്നെയായാലും, 5ജിയുടെ പ്രവര്‍ത്തന ക്ഷമത ഉപയോക്താക്കളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കും എന്നതില്‍ സംശയമില്ല. പക്ഷേ 4ജി പോലെ 5ജി വ്യാപകമാകണമെങ്കില്‍ 2025 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.