മനാമ: ഖത്തറിനെ ഒറ്റപ്പെടുത്തിയ നയതന്ത്ര പ്രതിസന്ധി മേഖലയില്‍ വന്‍ യാത്രാപ്രതിസന്ധിക്ക് കാരണമാകുന്നു. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകളെയും ഖത്തര്‍ എയര്‍വേഴ്സ് സര്‍വീസിനെയും സാരമായി ബാധിച്ചു. ദുബായില്‍നിന്നും ദോഹയിലേക്കുള്ള 27 വിമാന സർവീസുകള്‍ റദ്ദാക്കി. സൗദി, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് എന്നിവടങ്ങളിലേക്കുള്ള മുഴുവന്‍ സര്‍വീസും ഖത്തര്‍ എയര്‍വേഴ്സ് നിര്‍ത്തിവച്ചു. ദോഹക്കും ദുബായിക്കുമിടയിലുള്ള റൂട്ട് ബിസിനസ് യാത്രികരുടെ പറുദീസയായാണ് അറിയപ്പെടുന്നത്. ഏഷ്യയിലെയും യൂറോപ്പിലെയും യാത്രികരുടെ പ്രധാന ട്രാന്‍സിസ്റ്റ് ഹബ്ബാണ് ദുബായിയും ഖത്തറും. ദോഹ വിമാനത്താവളത്തെ ബന്ധപ്പെടുത്തി ടിക്കറ്റെടുത്തവര്‍ എല്ലാം കുടുങ്ങിയിരിക്കയാണ്.
ഗള്‍ഫിലെ ഖത്തര്‍ എയര്‍വേഴ്സ് കൗണ്ടറുകളില്‍ യാത്ര അനിശ്ചിതത്വത്തിലായവരുടെ വന്‍തിരക്കാണ്. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് പണം മടക്കി നല്‍കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 30 സര്‍വീസുകളാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. സൗദിയും ബഹ്റൈനും ഖത്തര്‍ എയര്‍വേഴ്സിന് നല്കിയ ലൈസന്‍സ് പിന്‍വലിച്ചത് വന്‍ തിരിച്ചടിയായി. ഖത്തര്‍ എയര്‍വേഴ്സിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കിയ ഇരു രാജ്യങ്ങളും 48 മണിക്കൂറിനകം രാജ്യത്തെ ഓഫീസുകള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചിരുന്നു. ബഹ്റൈനില്‍ ഇതിനകം ഖത്തര്‍ എയര്‍വെയ്സില്‍ നിന്ന് ടിക്കറ്റെടുത്തവര്‍ തുക തിരിച്ചു നൽകാനായി ഉടന്‍ അവരുടെ ഓഫിസുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ വേണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
സൗദി വഴി വിമാനം പോകുന്നതിനും വിലക്കുണ്ട്. ഇത് വന്‍ പ്രതിസന്ധിയാണ് ഖത്തര്‍ എയര്‍വേഴ്സിന് സൃഷ്ടിക്കുക. തെക്കന്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും സൗദി വഴിയാണ് പോകാറ്. ഈ പാത ഇറാന്, തുര്‍ക്കി വഴി റീറൂട്ട് ചെയ്യേണ്ടിവരും. തിങ്കളാഴ്ച രാത്രി 12 ഓടെ ജെറ്റ് എയര്‍വേസ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്രാപാത മാറ്റി. സാധാരണ ദോഹയില്‍നിന്നുള്ള വിമാനങ്ങള്‍ യുഎഇ വ്യോമാതിര്‍ത്തിയിലൂടെയും അറേബ്യന്‍ കടലിന് മുകളിലൂടെയുമാണ് ഇന്ത്യയിലേക്ക് സഞ്ചരിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒമാന്‍ അതിര്‍ത്തിയായ അറേബ്യന്‍ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാന് വഴി പാക്കിസ്ഥാൻ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്ന റൂട്ടാണ് ജെറ്റ് എയര്‍വേസ് ഉപയോഗിക്കുന്നത്. ഈ റൂട്ടില്‍ 45 മിനിറ്റ് അധികമെടുക്കുമെന്ന് ജെറ്റ് എയര്‍വേസ് ഖത്തര്‍ അധികൃതര്‍ പറഞ്ഞു. മറ്റു വിമാന കമ്പനികളും ഉപയോഗിക്കാന്‍ സാധ്യതയുള്ളത് ഈ റൂട്ടാണ്.
പുതിയ സാഹചര്യങ്ങള്‍മൂലം ഖത്തറില്‍നിന്ന് ആളുകള്‍ സ്വദേശത്തേക്ക് മടങ്ങാന്‍ വന്‍തോതില്‍ ടിക്കറ്റ് ബുക്കിങ് നടത്തുന്നതായി അനുഭവപ്പെട്ടില്ലെന്നും ജെറ്റ് അധികൃതര്‍ പറഞ്ഞു. എമിറേറ്റ്സ്, ഗള്‍ഫ് എയര്‍ തുടങ്ങിയ കമ്പനികള്‍ ഖത്തര്‍ വഴിയുളള സര്‍വിസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ആ വിമാനങ്ങളിലെ നിരവധി യാത്രക്കാര്‍ തങ്ങളെ സമീപിക്കുന്നുണ്ട്. എന്നാല്‍, നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ജെറ്റ് അധികൃതര്‍ അറിയിച്ചു.
വിവിധ സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. സ്കൂള്‍ അവധി പ്രമാണിച്ച് ജൂണ്‍ അവസാനം നാട്ടിലേക്കും സെപ്റ്റംബറില്‍ തിരിച്ച് ബഹ്റൈനിലേക്കും ഖത്തര്‍ എയര്‍വെയ്സ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി കുടുംബങ്ങളുണ്ട്. വണ്‍വെ 60 ദിനാറിനടുത്ത് ചാര്‍ജ് ഉണ്ടായിരുന്ന സമയത്താണ് ഇവര്‍ പലരും ടിക്കറ്റ് എടുത്തത്. ഇപ്പോള്‍ 150-200 ദിനാര്‍ വരെയാണ് നിരക്ക്. അതുകൊണ്ട്, മുമ്പെടുത്ത ടിക്കറ്റ് റീഫണ്ട് ചെയ്ത് കിട്ടിയാലും ചെലവ് ഇരട്ടിക്കും. ഇത് ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെ സാരമായി ബാധിക്കും. ഈ അവസ്ഥയില്‍ ചിലര്‍ നാട്ടിലേക്കുള്ള യാത്ര തന്നെ മാറ്റാന്‍ നിര്‍ബന്ധിതമായി.
ഇന്നലെ ബഹ്റൈനിലെ ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമെത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഖത്തര്‍ എയര്‍വെയ്സിനെ സമീപിച്ചവര്‍ക്ക് ഗള്‍ഫ് എയര്‍, ഇത്തിഹാദ്, ഒമാന്‍ എയര്‍ എന്നീ കമ്പനികളുടെ ടിക്കറ്റ് ഇന്നലെ പകരം നല്കി. 48 മണിക്കൂറിനകം ഓഫിസ് പൂട്ടണമെന്ന അറിയിപ്പുവന്നതോടെ, ഇന്ന് തിരക്ക് കൂടാനാണ് സാധ്യത.
പ്രതീക്ഷയോടെ മലയാളി സമൂഹം
അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹം. തിങ്കളാഴ്ച ആശങ്കകളുടേതായിരുന്നെങ്കില് ഇന്ന് ജന ജീവിതം സാധാരണ നിലയിലാണ്. ഷോപ്പിങ് മാളുകളില്‍ തിരക്ക് കുറഞ്ഞു.
സൗദിയടക്കം ആറു രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിക്കുകയും അതിര്‍ത്തി അടക്കുകയും ചെയ്ത വാര്‍ത്ത വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ജനങ്ങള്‍ ഷോപ്പിങ് മാളുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍ തിരക്കു കൂട്ടിയിരുന്നു. പലയിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇപ്പോള്‍ ഉണ്ടായ വിഷയങ്ങള്‍ രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ ഇത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഖത്തര്‍ മന്ത്രിസഭായോഗം വ്യക്തമാക്കി. ഖത്തര്‍ വിപണിയിലെ ‘ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല എത്തുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഒരു കുറവും ഉണ്ടാകില്ലെന്നും സ്റ്റോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രിസഭ അറിയിച്ചു.
ഖത്തറിന്റെ ഏക കര അതിര്‍ത്തിയാണ് സൗദിയുമായുള്ളത്. ഖത്തറിലേക്ക് ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ കൂടുതലായും എത്തുന്നത് സൗദി വഴി. സൗദി അതിര്‍ത്തി അടക്കുന്നത് മൂലം ഭക്ഷണ സാധനങ്ങളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കു കൂട്ടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇറാനില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ പുറപ്പെട്ടതായും ഒമാനില്‍ നിന്ന് നിന്ന് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.