മസ്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട മെകുനു ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ദക്ഷിണ ഒമാനില്‍ മലയാളികളടക്കം 11 പേര്‍ മരിച്ചു. മലയാളിയായ ഷംസീര്‍ അലിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കണ്ണൂര്‍ പാലയാട് സ്വദേശിയായ മധുവിനായി തിരച്ചില്‍ തുടരുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മറ്റു ചില ഇന്ത്യന്‍ സ്വദേശികളേയും കാണാതായിട്ടുണ്ട്.

ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു ഏഷ്യക്കാരനും തദ്ദേശവാസികളുമാണു മരിച്ചത്. റോഡുകൾക്ക് പുറമെ നൂറു കണക്കിന് വാഹനങ്ങൾക്കും, കൃഷിയിടങ്ങൾക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. ദോഫാര്‍ അല്‍ വുസ്ത പ്രദേശത്താണ് മെകുനു ആഞ്ഞടിച്ചത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിനെത്തുടർന്ന് സൊക്കോര്‍ട്ടാ ദ്വീപില്‍ കനത്ത മണ്ണിടിച്ചിലുണ്ടായി.

സലാലയിലെ തഖായിലെ ക്യാംപ് സന്ദര്‍ശിച്ച എംബസി ഉദ്യോഗസ്ഥര്‍ 460 പേര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി. ഇതില്‍ 145 ഇന്ത്യക്കാരും 315 ബംഗ്ലാദേശി സ്വദേശികളുമാണ്. 50 പേര്‍ ഇന്ത്യന്‍ എംബസിയുടെ താത്കാലിക അഭയകേന്ദ്രങ്ങളില്‍ സുരക്ഷിതരാണ്. തീരത്തിനടുത്ത് 4 ഇന്ത്യന്‍ പായ്ക്കപ്പലുകള്‍ മുങ്ങിയതായി സലാല തീരദേശ അധികൃതര്‍ വ്യക്തമാക്കി. എല്ലാ ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ