മനാമ: ചലച്ചിത്ര സ്വപ്നങ്ങള്‍ ഉള്ളിലൊതുക്കി കടല്‍ കടന്ന ബഹ്‌റൈന്‍ പ്രവാസികള്‍ സിനിമാ സങ്കേതങ്ങളുടെ പുതിയ സ്വപ്നങ്ങളില്‍ ഒരുമിക്കുന്നു.24 ക്യാന്‍വാസ്’ എന്ന പേരില്‍ ബഹ്‌റൈനില്‍ ആദ്യമായി ഒരുങ്ങുന്ന ചലച്ചിത്ര പഠന ക്യാംപ് ചലച്ചിത്ര പ്രതീക്ഷകളുടെ ചിറകു വിടര്‍ത്തും. ക്യാംപിനു വെള്ളിയാഴ്ച തുടക്കമാവുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ഏഴിന് സെന്‍ട്രല്‍ മാര്‍ക്കറ്റിനടുത്തുള്ള സാന്‍ റോക്ക് ഹോട്ടല്‍ മനാമയില്‍ ഉദ്ഘാടനം നടക്കും. ഒരാഴ്ച നീളുന്ന ഈ സിനിമ ശില്‍പ്പശാലക്കു മാക്ട ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ഷാജൂണ്‍ കാര്യാല്‍ നേതൃത്വം നല്‍കും.

തിരക്കഥാ രചന ,സംവിധാനം ,അഭിനയം എന്നിവയാണു ക്യാംപില്‍ പരിശീലിപ്പിക്കുക. യുവ സംവിധായകരില്‍ പ്രശസ്തനായ ബോബന്‍ സാമുവല്‍, പ്രമുഖ ചലച്ചിത്ര താരം രശ്മി എന്നിവരുടെ ക്ലാസുകളും ഉണ്ടായിരിക്കും. ഒരു പറ്റം ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ മാക്ട 24 ഫ്രെയിംസ് റീഡേഴ്‌സ് ഫോറം, സിംസ് ബഹ്‌റൈനുമായി സഹകരിച്ചാണു ക്യാംപ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ ചലച്ചിത്ര പ്രവര്‍ത്തകരെ അണിനിരത്തി ഭാവിയില്‍ ഒരു സിനിമ ഒരുക്കാനുള്ള ആലോചനകള്‍ക്ക് ക്യാംപില്‍ അടിത്തറയിടുമെന്നു സംഘാടകര്‍ പറഞ്ഞു.

വൈകീട്ട് 7 മുതല്‍ 10 മണിവരെയാണു ക്യാംപ് നടക്കുക. അന്‍പതോളം പേരെയാണു ക്യാംപില്‍ പ്രതീക്ഷിക്കുന്നത്. നിരവധി വനിതകളും ഇതുവരെ ക്യാംപില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ക്യാമറ, സാങ്കേതിക മേഖലകളെ അടിസ്ഥാനമാക്കി മറ്റൊരു ശില്‍പ്പശാലയും സംഘടിപ്പിക്കും. ‘ഡൈഡോറ കുര്‍ത്തീസ്’ ആണു മുഖ്യ പ്രായോജകര്‍.

ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര് റജിസ്റ്റർ ചെയ്യുവാനായി ഫോണ്‍: 33761338,37733001,34020650. വാര്‍ത്താ സമ്മേളനത്തില്‍ മാക്ട 24 ഫ്രെയിംസ് ബഹ്‌റൈന്‍ ചീഫ് കോ ഓഡിനേറ്റര്‍ അരുണ്‍കുമാര്‍ ആര്‍ പിള്ള, പ്രസിഡന്റ് അനീഷ് മടപ്പള്ളി , സെക്രട്ടറി ദേവന്‍ ഹരികുമാര്‍, രാഗേഷ് ബാബു (ഡൈഡോറ), ഫാത്തിമ ഖമീസ് പങ്കെടുത്തു.

ഇസാ അവര്‍ഡിന് ഈജിപ്ഷ്യന്‍ ചില്‍ഡ്രന്‍സ് കാന്‍സര്‍ ഹോസ്പിറ്റല്‍ അര്‍ഹമായി
മനാമ: ബഹ്‌റൈന്‍ ഏര്‍പ്പെടുത്തിയ, മാനവിക സേവനത്തിനുള്ള ഇസാ അവാര്‍ഡിന് ഇത്തവണ ഈജിപ്ഷ്യന്‍ ചില്‍ഡ്രന്‍സ് കാന്‍സര്‍ ഹോസ്പിറ്റല്‍ അര്‍ഹമായി. ഡപ്യൂട്ടി പ്രീമിയറും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറഖ അല്‍ ഖലീഫയാണ് 20152017 കാലത്തെ അവാര്‍ഡ് പ്രഖ്യാപിച്ചത്.

18 വയസ്സിനു താഴെയുള്ള കുട്ടികളുടെ അര്‍ബുദ ചികില്‍സയില്‍ നല്‍കുന്ന സേവനം പരിഗണിച്ചാണു പുരസ്‌കാരം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തിലേയും അറബ് രാജ്യങ്ങളിലേയും നിരവധി കുട്ടികള്‍ക്ക് ഈ മനുഷ്യത്വ പരമായ സേവനം ലഭിക്കുന്നു. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ രക്ഷാ കര്‍തൃത്വത്തില്‍ ബഹ്‌റൈന്‍ ഇസാ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ