റിയാദ്: സൗദി അറേബ്യയുടെ 2019 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവി​​ന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് 975 ശതകോടി റിയാല്‍ വരവും 1,106 ശതകോടി റിയാല്‍ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റിന് അംഗീകാരം നല്‍കിയത്.

പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള ലെവിയിൽ ഇളവ് വരുത്തുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നാൽ ബജറ്റിൽ അക്കാര്യങ്ങളെ കുറിച്ചൊന്നും പരാമർശമില്ല. സാമ്പത്തിക പ്രതിസന്ധിയുടെയും എണ്ണ വിലയിടിവിന്റെയും സാഹചര്യത്തിൽ സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് രാജാവ് അംഗീകരിച്ചത്. ചരിത്രത്തിലാദ്യമായാണ് സൗദിയുടെ ബജറ്റ് ചെലവ് ട്രില്യന്‍ റിയാലിന് മുകളില്‍ കടക്കുന്നത്. നടപ്പുവര്‍ഷത്തെ ബജറ്റിന്റെ ഒമ്പത് ശതമാനം കൂടുതലാണ് അടുത്ത വര്‍ഷ ബജറ്റ്.

പൗരന്മാരുടെ പുരോഗതിയും സംതൃപ്തിയും തൊഴിലവസരവും മുന്നിൽക്കണ്ടുള്ള ബജറ്റിനാണ് മന്ത്രിസഭ അംഗീകാരം നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030 ന്റെ അടിസ്​ഥാനത്തിൽ തയ്യാറാക്കിയ ബജറ്റ് സ്വദേശികളുടെ സാമ്പത്തിക ഭാരം കുറക്കുമെന്നും രാജാവ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍, നിർമ്മാണ മേഖല, ഹൗസിങ് പദ്ധതികള്‍, ടൂറിസം, സാംസ്കാരികം, വിനോദം എന്നിവക്ക് ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്.

സ്വകാര്യവത്കരണം, സര്‍ക്കാര്‍ ചെലവ് നിയന്ത്രിക്കല്‍, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍, സര്‍ക്കാർ ‍-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കല്‍ എന്നിവയാണ് കമ്മി നികത്താനുള്ള മുഖ്യമാര്‍ഗങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനുള്ള പരിപാടികള്‍ ബജറ്റ് തയ്യാറാക്കുന്നതില്‍ പരിഗണിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്​ധര്‍ അഭിപ്രായപ്പെട്ടു.

നടപ്പുവര്‍ഷമായ 2018 അവസാനിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച 783 ശതകോടി റിയാലിന് പകരം 895 ശതകോടി വരവുണ്ടായതായി രാജാവ് സൂചിപ്പിച്ചു. ചെലവ് പ്രതീക്ഷിച്ച 978 ശതകോടി 1,030 ശതകോടി റിയാലായി വര്‍ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു. കമ്മി പ്രതീക്ഷിച്ച 195 ശതകോടിക്ക്​ പകരം 136 ബില്യനാക്കി കുറയ്ക്കാന്‍ ചെലവ് നിയന്ത്രണത്തിലൂടെ രാഷ്​ട്രത്തിന് സാധിച്ചിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ