അബുദാബി: അബുദാബിയിലെ 30 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ക്കു പരുക്ക്. അല്‍ സാഹിയ ഏരിയയിലെ കെട്ടിടത്തില്‍ ഉച്ചയ്ക്കുശേഷമാണു തീപടര്‍ന്നത്.
പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.
അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അബുദാബി പൊലീസും ട്വിറ്ററില്‍ അറിയിച്ചു. തീയണയ്ക്കാനായി സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂണിറ്റുകളാണു സ്ഥലത്തെത്തിയത്.
അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസില്‍ നിന്നുള്ള വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂയെന്നും പൊലീസ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തില്‍നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.