മനാമ: ബഹ്‌റൈനില്‍ വന്‍ തീവ്രവാദസംഘത്തിലെ 14 പേരെ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 26ന് പബ്ലിക് സെക്യൂരിറ്റി ബസിനു നേരെ നടന്ന ബോംബാക്രമണ കേസുകളിലെ പ്രതികളാണിവര്‍. ഈ ബോംബാക്രമണത്തില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.

ബഹ്‌റൈനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്ത് താമസിക്കുന്ന സെരായ അല്‍ അഷ്തര്‍ ബ്രിഗേഡ് എന്ന ഭീകര സംഘടനയിലെ നേതാക്കളാണ് ഇവരെ റിക്രൂട്ട് ചെയ്തത്. ഇവരില്‍ 11 പേര്‍ക്ക് ഇറാനിലും ഇറാഖിലും സൈനിക പരിശീലനം ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇവര്‍ ഇറാനിലേക്ക് നിരവധി തവണ യാത്ര ചെയ്തതായി കണ്ടെത്തി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.

ഓട്ടോമാറ്റിക് ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ബോംബുകള്‍, ബോംബുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ സംഘത്തില്‍ നിന്നും പിടിച്ചെടുത്തു. പ്രതികള്‍ അവരുടെ വീടുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഭീകര സംഘം ഉണ്ടാക്കുകയും അതില്‍ അംഗങ്ങളാകുകയും ചെയ്യല്‍, വധ ശ്രമം, ആയുധങ്ങളും പടക്കോപ്പുകളും ഉപയോഗിക്കുന്നതില്‍ പരിശീലനം നേടല്‍, തീവ്രവാദ സംഘടനക്ക് ധനസമാഹരണം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കുമേല്‍ ചുമത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ