ദുബായ്: മോശം കാലാവസ്ഥയെത്തുടര്‍ന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സര്‍വിസുകള്‍ തടസപ്പെട്ടു. ഇവിടേക്കു വരേണ്ടിയിരുന്ന 10 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കും സമീപത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും വഴി തിരിച്ചുവിട്ടത്.
കനത്ത പൊടിക്കാറ്റിനെത്തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതാണു വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായത്. അബുദാബി, ദുബായ് വ്യോമാതിര്‍ത്തികള്‍ പൊടിപടലം കൊണ്ട് മൂടി. അബുദാബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബായിയില്‍ 43 ഡിഗ്രി സെല്‍ഷ്യസുമാണു താപനില.
അബുദാബി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയായി കുറഞ്ഞതായി ദേശീയ കാലാവസ്ഥ കേന്ദ്രം (എന്‍ സി എം) പറയുന്നത്.
സാധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും ഇവിടെനിന്നുള്ള വിമാനക്കമ്പനികളമായും മറ്റു സേവനദാതാക്കളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണെന്ന് ദുബായ് വിമാനത്താവള അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റം പുറപ്പെടുന്നതും വരുന്നതുമായ ചില വിമാനങ്ങളുടെ കാര്യത്തില്‍ കാലതാമസം വരുത്തിയതായി ഫ്‌ളൈദുബായ് പറഞ്ഞു.
പതിനെട്ടുവരെ കനത്ത മഴ പ്രവചിപ്പിക്കപ്പെട്ട യു എ ഇയില്‍ അസ്ഥിരകാലാവസ്ഥ തുടരുകയാണ്. ഇതേത്തുടര്‍ന്ന് എന്‍ സി എം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുലര്‍ച്ചെ മുതല്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെടുന്നത്. കനത്ത ചൂടും അനുഭവപ്പെടുന്നുണ്ട്.
ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൊടിയില്‍നിന്ന് സുരക്ഷിതമായിരിക്കാന്‍ മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അവശ്യഘട്ടങ്ങളില്‍ മാത്രമേ വാഹനമോടിക്കാവൂയെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വേഗപരിധിയും വാഹനങ്ങള്‍ക്കിടയിലെ ദൂരപരിധിയും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പൊടിക്കാറ്റിനൊപ്പം പല എമിറേറ്റുകളില്‍ കനത്ത മഴ പെയ്തു. ഷാര്‍ജയിലെ വാദി അല്‍ ഹിലോയില്‍ കനത്ത മഴ പെയ്തതായി എന്‍ സി എം റിപ്പോര്‍ട്ട് ചെയ്തു. ഫുജൈറയുടെ എസ്ഫായിലും മസാഫിയിലും കൂടാതെ റാസല്‍ഖൈമയിലെ ഷൗക്ക, വാദി അല്‍ ഉജൈലി, അല്‍ ലയാത്ത് എന്നിവിടങ്ങളിലും മഴ ലഭിച്ചു.
പൊടിക്കാറ്റിന്റെയും മഴയുടെയും ദൃശ്യങ്ങള്‍ എന്‍ സി എം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അടുത്ത നാല് ദിവസങ്ങളില്‍ പൊടി നിറഞ്ഞ കാലാവസ്ഥയ്‌ക്കൊപ്പം മഴ സാധ്യതയും എന്‍ സി എം പ്രവചിച്ചിട്ടുണ്ട്. മഴ കാരണം കനത്ത ജലപ്രവാഹമുണ്ടാകുന്ന താഴ്വരകള്‍ പോലെയുള്ള ‘അപകടകരമായ പ്രദേശങ്ങള്‍’ ഒഴിവാക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.