ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണം ഇന്ത്യയെ സ്വേച്ഛാധിപത്യത്തിന്റെ നീണ്ട, ഇരുണ്ട രാത്രിയിലേക്കു തള്ളിവിടുകയാണ്. കലാപങ്ങളെന്നത് ഗൗരവതരമായ കാര്യമാണ്. എല്ലാ കുറ്റവാളികളെയും നിര്‍ബന്ധമായും സംശയലേശമെന്യേയും തിരിച്ചറിയുകയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം. പകരം, സിവില്‍ സമൂഹത്തെ തകര്‍ക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിക്കു നാം സാക്ഷ്യം വഹിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കില്‍, ഡല്‍ഹിയില്‍ എന്താണു സംഭവിക്കുന്നതെന്നു മനസിലാക്കേണ്ടതുണ്ട്.

നിയമവാഴ്ചയുടെ അടിസ്ഥാനത്തിലുള്ള സമൂഹത്തില്‍, വിധി പ്രസ്താവിക്കുന്നതിനുമുമ്പ് അന്വേഷണത്തെ സ്വഭാവികഗതിയില്‍ നടത്താന്‍ സാധാരണഗതിയില്‍ നാം അനുവദിക്കണം. പക്ഷേ, നാം ജീവിക്കുന്നത് ഈ നിയന്ത്രണത്തിനു വിധേയമാകാത്ത, ഭരണകൂടവും മാധ്യമങ്ങളും കൈകോർക്കുന്ന ലോകത്താണ്. കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും സായന്തനങ്ങളിലെ മാധ്യമവിചാരണകള്‍ ആളുകളുടെ ജീവിതത്തെയും യശസിനെയും നശിപ്പിക്കുന്നു. ആഖ്യാന ആധിപത്യം സ്ഥാപിക്കുന്നതിനും ഭയപ്പെടുത്തുന്നതിനുമുള്ള ഉപായമായി അന്വേഷണങ്ങള്‍, ചോര്‍ന്ന തെളിവുകള്‍, കുറ്റപത്രങ്ങള്‍ എന്നിവയെ ഭരണകൂടം ഉപയോഗിക്കുന്നു. കുറ്റബോധത്തിലോ നിരപരാധിത്വത്തിലോ ഭരണകൂടം താല്‍പ്പര്യപ്പെടുന്നില്ല. ശിക്ഷാനടപടികളില്ലാതെ തന്നെ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതിലാണു ഭരണകൂടത്തിനു താല്‍പ്പര്യം.

ഭരണകൂടത്തിനു നിങ്ങളെ തീവ്രവാദിയോ മയക്കുമരുന്ന് രാജാവോ ആയി പ്രഖ്യാപിക്കാനോ യുഎപിഎ കേസില്‍ പെടുത്താനോ കഴിയും. ഡസന്‍ കണക്കിനു വിദ്യാര്‍ഥികളും പ്രമുഖ അക്കാദമിക് വിദഗ്ധരും ഡല്‍ഹി കലാപ കുറ്റപത്രങ്ങളില്‍ ഈ വസ്തുത നേരിടുന്നു. ‘നിയമം അതിന്റെ വഴിക്കു നീങ്ങും’ എന്നാണു ഭരണകൂടം പറയാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, അതിനിടയില്‍, ഞങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് കാണിച്ചുതരാം. ഞങ്ങള്‍ക്കു നിങ്ങളെ എങ്ങനെ ഉദാഹരണമാക്കാന്‍ കഴിയുമെന്നു കാണിച്ചാൽ പിന്നെ മറ്റു ബുദ്ധിജീവികള്‍ സംസാരിക്കാന്‍ ധൈര്യപ്പെടില്ല. നിയമത്തോട് ഭരണകൂടത്തിനു പ്രതിപത്തിയുണ്ടെങ്കില്‍ നിയമം അതിന്റേതായ മാര്‍ഗം സ്വീകരിക്കണം. പ്രത്യയശാസ്ത്രപരവും ശാരീരികവുമായ ഭയപ്പെടുത്തലിന്റെ ഉപകരണമായി ഭരണകൂടം നിയമത്തെ ഉപയോഗിക്കുമ്പോള്‍, ‘നിയമം അതിന്റെ വഴിക്കു നീങ്ങട്ടെ’ എന്ന പ്രയോഗം നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള മറയായി മാറുന്നു.

Also Read:  Explained: ഉമർ ഖാലിദിന്റെ അറസ്റ്റ്; എന്താണ് തീവ്രവാദ വിരുദ്ധ നിയമം?

കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്ന രീതി എന്താണ് സൂചിപ്പിക്കുന്നത്? ഇത് ഒരു തിരക്കഥയെ
ആസ്പദമാക്കിയാണ്. ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ലിബറല്‍, ഇടത്, ഇസ്ലാമിക ഗൂഢാലോചനയുണ്ടെന്നു സ്ഥാപിക്കുകയാണു  ലക്ഷ്യം. രാഷ്ട്രീയ വര്‍ഗം ഇത് ആവര്‍ത്തിക്കുന്നു, മാധ്യമങ്ങള്‍ ഇത് ഏറ്റുപാടുന്നു. പൊലീസാവട്ടെ മുന്‍കൂട്ടി ലഭിച്ച നിര്‍ദേശം പോലെ പ്രശ്നങ്ങള്‍ ഈ രീതിയില്‍ കെട്ടിച്ചമയ്ക്കുന്നു. അക്രമത്തില്‍നിന്നും വിവേചനത്തില്‍നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുക മാത്രമല്ല, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഏതൊരാളെയും വിധ്വംസക പ്രവര്‍ത്തനം നടത്തുന്നയാളായി പ്രഖ്യാപിക്കുകയെന്നതു കൂടിയാണ് പദ്ധതി. ജനങ്ങളുടെ ശത്രുവിനെ വിദ്യാര്‍ഥികള്‍ക്കും ബുദ്ധിജീവികള്‍ക്കുമിടയില്‍നിന്നു കണ്ടുപിടിക്കുക എന്നതാണ്. കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഊന്നല്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലേക്കു ഭരണകൂടം ബോധപൂര്‍വം മാറ്റി.

കലാപ അന്വേഷണങ്ങളില്‍ ഇന്ത്യന്‍ പൊലീസിന് മുന്‍കാലങ്ങളില്‍ ഒരു മോശപ്പെട്ട ചരിത്രമുണ്ട്. 1984 നെക്കുറിച്ച് ചിന്തിച്ചുനോക്കുക. എന്നാല്‍ നിലവിലെ സംഭവപരമ്പരകളുടെ സയോജനത്തെക്കുറിച്ച് വ്യത്യസ്തമായ ചിലതുണ്ട്. സാധാരണഗതിയില്‍, ശക്തരായ കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി പൊലീസ് അലസമായ അന്വേഷണം നടത്തുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ഇത് പലപ്പോഴും മാതൃകയായിരുന്നു. ചിലപ്പോള്‍ അന്വേഷണഫലങ്ങളുണ്ടാക്കാന്‍ സമ്മര്‍ദമുണ്ടാകും. ഈ പ്രക്രിയയില്‍, പൊലീസിന് ചിലപ്പോള്‍ സംശയമുള്ള ചിലരെ പിടികൂടാന്‍ കഴിയും. എന്നാല്‍ ഡല്‍ഹിയില്‍ നടക്കുന്നത് വ്യത്യസ്തമായ ക്രമത്തിലാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വളഞ്ഞുപിടിക്കാനോ മുന്നറിയിപ്പ് നല്‍കാനോ പൊലീസിനെ ഉപയോഗിക്കുന്നു. ഇതൊരു പ്രത്യയശാസ്ത്ര വേട്ടയാണ്. പ്രത്യയശാസ്ത്ര നിലപാടുകളും ഗൂഢാലോചനക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. കേവല ചിന്തയോ നിലപാടോ നിലപാടിന്റെ അല്ലെങ്കില്‍ അടിസ്ഥാനത്തിലുള്ള പ്രസംഗമോ കാരണം നിങ്ങളുടെ മേൽ പ്രേരണയ്ക്കുള്ള ഗൂഢാലോചന ചുമത്തപ്പെടാമെന്നതാണ് ഇപ്പോഴത്തെ പൊതു പ്രവണത. ഭീമ കൊറേഗാവ് കേസുകളില്‍ ഈ പ്രവര്‍ത്തന രീതി ഫലപ്രദമായി പ്രയോഗിച്ചു. അവിടെയും ഊന്നൽ സംഭവത്തിലായിരുന്നില്ല, മറിച്ച് പ്രത്യയശാസ്ത്രപരമായി എതിർഭാഗത്തുനിൽക്കുന്നുവെന്ന് കരുതുന്ന ആനന്ദ് തെല്‍തുംദെ, സുധ ഭരദ്വാജ് തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു.

രണ്ടാമത്തേത്, നിയമാനുസൃത പ്രതിഷേധവും ഭരണകൂടത്തിനെതിരായ ഗൂഢാലോചനയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുക എന്നതാണ്. ഏതൊരു ജനാധിപത്യ സമൂഹവും സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. സവിശേഷമായ സമരതന്ത്രങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വിയോജിക്കാം. എന്നാല്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ഭരണകൂടത്തെ അട്ടിമറിക്കുന്നതിനു സമാനമല്ല. ഡല്‍ഹി കേസില്‍ ജനാധിപത്യ പ്രതിഷേധം, കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമായി ചേര്‍ത്ത് മനപ്പപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പ്രതിഷേധം സംഘടിപ്പിക്കുന്നത് കലാപം സൃഷ്ടിക്കുന്നതുമായി താരതമ്യം ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കുന്നു.

Also Read: ഓഗസ്റ്റ് 5; പുതിയ ജനാധിപത്യത്തിന്റെ തറക്കല്ലിടല്‍

ഏതെങ്കിലും നയം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്നു നിങ്ങൾ ശക്തമായി വാദിക്കുകയാണെങ്കിൽ, അതേത്തുടർന്ന് മറ്റാരെങ്കിലും എന്തെങ്കിലും പ്രവർത്തിച്ചാൽ അതിന്  നിങ്ങൾ ഉത്തരവാദിയാെണെന്നു പറയുന്നതാണ് മൂന്നാമതായുള്ള ദുഷ്‌പ്രേരണയുടെ സിദ്ധാന്തം. എന്നാൽ, മന്ത്രിമാരും രാഷ്ട്രീയക്കാരും ആൾക്കൂട്ടത്തിനൊപ്പം ‘ഗോലി മാരോ സാലോന്‍ കോ’ (വെടിവച്ച് കൊല്ലുക അവരെ) എന്ന് ആർത്തുവിളിക്കുകയാണെങ്കില്‍ അത് നിയമവാഴ്ചയ്ക്കു വേണ്ടിയുള്ള പ്രതിരോധമാണ്. പ്രേരണയുടെ നിര്‍വചനം പോലും നമ്മുടെ ആലോചനയേക്കാൾ പക്ഷപാതിത്തമുള്ളതാണ്.

ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ കുറ്റസമ്മത മൊഴികളും അജ്ഞാത സാക്ഷികളുടെ മൊഴികളും വായിച്ചാല്‍, ഒരു ജനാധിപത്യ റിപ്പബ്ലിക്കിനേക്കാള്‍ ഉപരി മാവോയുടെ ചൈനയെ നിങ്ങളെയത് ഓര്‍മപ്പെടുത്തും. അക്രമങ്ങള്‍ പ്രത്യയശാസ്ത്ര ക്ലിക്കുകളുടെ സൃഷ്ടിയാണെന്നു ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനായി അവരുടെ സാങ്കല്‍പ്പിക പ്രത്യയശാസ്ത്ര പ്രചോദനത്തിനു പേരിടാനും തള്ളിപ്പറയാനും വിദ്യാര്‍ഥികള്‍ക്കുമേല്‍ സമ്മര്‍ദമുണ്ട്.

കലാപത്തിലെ നിരവധി ബിജെപി നേതാക്കളുടെ പ്രേരണയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്. സമൂഹത്തിനുണ്ടാകുന്ന ഭയാനകമായ നഷ്ടത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ക്കു വിയോജിപ്പുള്ള രാഷ്ട്രീയമുള്ള, എന്നാല്‍ ഈ രാജ്യം കൂടുതല്‍ മികച്ചതാകാണമെന്നു ചിന്തിക്കുകയും അതിനുവേണ്ടി ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തുവെന്ന ഒരേയൊരു കുറ്റമാണ് ഇപ്പോള്‍ തീവ്രവാദികളാണെന്ന ആരോപിക്കപ്പെട്ട ഡസന്‍ കണക്കിനു ചെറുപ്പക്കാര്‍ നേരിടുന്നത്. ഇത് ഷര്‍ജീല്‍ ഇമാമോ ഉമര്‍ ഖാലിദോ ദേവംഗാന കലിതയോ ആണോ അല്ലയോ എന്നതല്ല പ്രശ്‌നം. ചിന്ത കുറ്റകരമാണെന്നും പ്രതിഷേധം വിധ്വംസകപ്രവര്‍ത്തനമാണെന്നും ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ അവര്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒരു കെണിയാണ്. ഓരോ ചെറുപ്പക്കാരനും ഒരു സന്ദേശം നൽകുക എന്നതാണ് പ്രധാന കാര്യം: ജനാധിപത്യ പ്രതിഷേധം, ചിന്ത അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം എന്നിവയ്ക്കിടയിലുള്ളത് തിരഞ്ഞെടുക്കുക. ഈ സന്ദേശം കടുത്ത മരവിപ്പുണ്ടാക്കുന്നതാണ്.

Also Read: സുശാന്ത് സിങ് രാജ്‌പുത്തിന്റെ ആത്മഹത്യ പ്രതിഫലപ്പിക്കുന്നത് രോഗാതുരമായ രാജ്യത്തെ

കുറ്റപത്രത്തില്‍ പ്രൊഫസര്‍ അപൂര്‍വാനന്ദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍,
അദ്ദേഹത്തിന്റെ പ്രേം ചന്ദിനെക്കുറിച്ചുള്ള പുറത്തിറങ്ങാനിരിക്കുന്ന അതിശയകരമായ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഇന്ത്യയിലെ മികച്ച സാഹിത്യപണ്ഡിതരില്‍ ഒരാളാണ്, മനുഷ്യന്‍ എന്നതിന്റെ അര്‍ഥത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധ്യാനമായ അദ്ദേഹം. അദ്ദേഹം ഇടതുപക്ഷവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഗാന്ധിയെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്നയാളാണ്. അക്രമത്തിനെതിരായി ശാന്തിക്കുവേണ്ടി ഉഴിഞ്ഞുവച്ചതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. മറ്റുള്ളവരെക്കുറിച്ച് ഗാന്ധി പ്രകടിപ്പിച്ച നിരുപാധികമായ ഉത്കണ്ഠ അദ്ദേഹത്തിനുമുണ്ട്. ആദരണീയരായ ലിബറലുകള്‍ പോലും മുസ്ലിം രാഷ്ട്രീയ  വ്യക്തിത്വങ്ങളില്‍നിന്ന് ഓടിയകലുന്ന, അവരുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന ശരിയായ തരത്തിലുള്ള മുസ്ലിങ്ങളെ കണ്ടെത്താന്‍ വികൃതരീതിയില്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം തന്റെ മകനെപ്പോലെയുള്ള ഒരാളായി ഉമര്‍ ഖാലിദിനെ പരസ്യമായി ആശ്ലേഷിച്ചു. വിദ്യാര്‍ത്ഥികളോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം മാതൃകാപരമാണ്.

കലാപ കുറ്റപത്രത്തില്‍ പേരുള്ളതും യുഎപിഎയുടെ നിഴലില്‍ നിര്‍ത്തിയതുമായ അദ്ദേഹത്തെ (മറ്റു പലരെയും പോലെ) ഡല്‍ഹി പൊലീസിനു ചോദ്യം ചെയ്യാമെന്നത് നിങ്ങളെ അസ്വസ്ഥരാക്കും.”ഡല്‍ഹിയില്‍ ഉമര്‍ ഖാലിദ്, താഹിര്‍ ഹുസൈന്‍, ഖാലിദ് സൈഫി, സഫൂറ സര്‍ഗാര്‍, അപൂര്‍വാനന്ദ് ‘ടൈപ്പ്’ ആളുകള്‍ ആസൂത്രണം ചെയ്ത് കൊലപാതകം നടത്തി. അവര്‍ 26/11 മാതൃകയിലുള്ള ഭീകരാക്രമണത്തില്‍ ഏര്‍പ്പെട്ടു. ഈ തീവ്രവാദികളെ, കൊലയാളികളെ തൂക്കിക്കൊല്ലണം. ഡല്‍ഹി പൊലീസിന് അഭിനന്ദനങ്ങള്‍,” എന്ന് കപില്‍ മിശ്രയ്ക്കു ട്വീറ്റ് ചെയ്യാന്‍ കഴിയുമെന്നത് നിങ്ങളെ അസ്വസ്ഥരാക്കും. ആരുടെ തിരക്കഥ പിന്തുടരുന്നു? ഡല്‍ഹി പൊലീസിന് അഭിനന്ദനങ്ങള്‍. ശരിക്കും കലാപത്തിനു പ്രേരിപ്പിച്ചവര്‍ സ്വതന്ത്രമായി വിഹരിക്കുന്നു. എന്നാല്‍ ഭരണഘടനയെ പ്രത്യാശയുടെ ഇടമായി കണ്ട നാമെല്ലാം ഇപ്പോള്‍ തീവ്രവാദികളാണ്.

  •  ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്ററാണ് ലേഖകന്‍

Read in English: PB Mehta writes: Delhi riots chargesheet invents conspiracy and enemy, as per script

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook