സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ട് എന്നൊക്കെ കേള്‍ക്കുമ്പോള്‍, അത് ആഘോഷമാക്കുമ്പോള്‍ ഇന്നും പിടികിട്ടാത്ത ചിലതുണ്ട്. ടാര്‍ഗറ്റ് ചെയ്ത കള്ളപ്പണം പിടിച്ചോ ? എത്ര 500, 1000 രൂപാ നോട്ടുകള്‍ കിട്ടി? എത്ര കള്ളപ്പണക്കാരെ കിട്ടി? അവര്‍ ആരൊക്കെയാണ്? അതില്‍ പ്രമുഖരൊന്നുമില്ലേ? അപ്പോള്‍ ഈ കള്ളപ്പണക്കാര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?

നോട്ടു നിരോധനം കൊണ്ടുവന്ന ദിവസത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു കൂട്ടര്‍ കള്ളപ്പണ വിരുദ്ധ ദിനവും മറ്റൊരു കൂട്ടര്‍ കരിദിനവുമായി ആചരിക്കുന്നു.
ഞാന്‍ ഈ രാജ്യത്തെ സാധാരണ പൗരയാണ്. എന്റെ ചോദ്യങ്ങള്‍ക്ക് ഒരു കൊല്ലം കൊണ്ട് വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. ഇന്നും റേഡിയോ കേള്‍ക്കുന്ന സ്വഭാവക്കാരിയാണ്. രാവിലെ റേഡിയോ ഓണ്‍ ചെയ്തു വെയ്ക്കുന്നതാണ്. വീട്ടു ജോലിക്കിടയില്‍ റേഡിയോ പരിപാടികള്‍ കേള്‍ക്കുന്നു. പാട്ടുണ്ട്, സുഭാഷിതമുണ്ട്, പാചകവും അഭിമുഖവും കരിയര്‍ ഗൈഡന്‍സുമൊക്കെ കേള്‍ക്കുന്നു. ഒപ്പം വാര്‍ത്തകളും. ദിവസം രണ്ടു നേരമെങ്കിലും പ്രാദേശിക – പ്രധാന വാര്‍ത്തകള്‍ കേള്‍ക്കുന്നു. ദേശീയ വാര്‍ത്തയായ പ്രധാന വാര്‍ത്തകള്‍ പലപ്പോഴും ഫലിതമായിട്ടു തോന്നും. ഉത്തരം കിട്ടാത്ത ചില കാര്യങ്ങള്‍ ഫലിതമായി മാറാറുണ്ട്. ചിലപ്പോള്‍ തോന്നും ഇതൊരു നുണപ്രചരണയന്ത്രമാണോ എന്ന്. കാരണമുണ്ട്. പ്രധാനമന്ത്രിയോ കേന്ദ്രധനമന്ത്രിയോ ദിവസവും എവിടെയെങ്കിലുമൊക്കെപ്പോയി സംസാരിക്കും. എന്നിട്ടു പറയും. നോട്ട് നിരോധനം അഴിമതി ഇല്ലാതാക്കിയെന്ന്. കള്ളപ്പണത്തിനെതിരെ വിട്ടുവീഴചയില്ലാത്ത പോരാട്ടത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്. അതിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന്. കള്ളപ്പണക്കാരെ തുരത്തിയെന്ന്. എനിക്ക് മനസ്സിലാവുന്നില്ല അവരെ എങ്ങോട്ടാണ് തുരത്തിയതെന്ന്.

പ്രധാനമന്ത്രിയും ധനമന്ത്രാലയവും നുണകള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയല്ലേയെന്ന് സംശയിക്കുന്നു. നുണകള്‍ നൂറാവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന് ഗീബല്‍സിനെ ഉദ്ധരിച്ച് നമ്മള്‍ പറയാറുണ്ട്. ഒന്നു വീതം മൂന്നു നേരം എന്ന ഗുളിക കഴിക്കലിന്റെ കണക്കു പറയുമ്പോലെ വാര്‍ത്തകളില്‍ പ്രധാനമന്ത്രി പറഞ്ഞു കൊണ്ടേയിരിക്കുന്നു ‘നോട്ടു നിരോധനം വന്‍ വിജയമായിരുന്നു’ എന്ന്. ഈ ഗുളിക ദിവസവും വിഴുങ്ങിയിട്ടും എന്റെ സംശയങ്ങള്‍ മാറുന്നില്ല. ഗീബല്‍സ് തോറ്റു പോകുന്നു.

കുറച്ചു ദിവസം മുമ്പ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) നല്‍കിയ ഒരു വിവരാവകാശ മറുപടിയില്‍ പറയുന്നത് വന്ന നോട്ടുകള്‍ എണ്ണി കഴിഞ്ഞില്ലെന്നാണ്. ഞങ്ങള്‍ വിശ്വസിക്കുന്ന ബാങ്കുകളുടെ കേന്ദ്ര ബാങ്കും നുണ പറയാന്‍ തുടങ്ങിയോ എന്ന് ശങ്കിക്കുന്നു- ഇത്തരത്തിലുള്ള വിഡ്ഢിത്തം നിറഞ്ഞ ഉത്തരങ്ങള്‍ കേള്‍ക്കുമ്പോള്‍.

എണ്ണിയാല്‍ തീരാത്തതാണോ നോട്ടുകള്‍ ? റിസര്‍വ്വ് ബാങ്ക് എന്നത് കണക്കില്ലാത്ത, കുത്തഴിഞ്ഞ ഒരു സ്ഥാപനമാണോ? അല്ലെന്നാണ് വിശ്വാസം. അച്ചടിക്കുന്ന ഓരോ നോട്ടിനും വിതരണം ചെയ്യുന്ന നോട്ടിനും തിരിച്ചു വരുന്ന നോട്ടിനും കാലവിളംബമൊന്നുമില്ലാത്ത കണക്കുകളുണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. എന്നിട്ടും റിസര്‍വ്വ് ബാങ്ക് എന്തുകൊണ്ടു സത്യം പറയുന്നില്ല എന്നാണ് മനസ്സിലാവാത്തത്.

കാരണം, ഞാന്‍ ഒരു ബാങ്കു ജീവനക്കാരിയായിരുന്നു വ്യാഴവട്ടക്കാലം. ഒരു ബാങ്കിലെ എല്ലാ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. കുറച്ചു കാലം കാഷ്യറുമായിരുന്നു. ബാങ്കില്‍ വരികയും പോവുകയും ചെയ്യുന്ന നോട്ടിന് കണക്കുണ്ട്. വൈകിട്ട് ക്യാഷ് ക്ലോസ് ചെയ്യുമ്പോള്‍ പഴയത്, പുതിയത്, മുഴിഞ്ഞത് എന്നൊക്കെ ഡിനോമിനേഷന്‍ എഴുതി വെയ്ക്കാറുമുണ്ട്.
അന്നന്ന് തന്നെ എല്ലാ ബ്രാഞ്ചുകളിലേയും ക്യാഷ് ബാലന്‍സിനെക്കുറിച്ച് ഹെഡോഫീസില്‍ അറിയിക്കണം. നിര്‍ബന്ധമാണ് . ഇത് എല്ലാ ബാങ്കുകള്‍ക്കും നിര്‍ബന്ധമാണ്. ആധുനിക കാലത്ത് എല്ലാം ഒരു നൊടിയിടയില്‍ അറിയാനുള്ള സംവിധാനങ്ങളുള്ളപ്പോള്‍ റിസര്‍വ് ബാങ്കില്‍ എണ്ണി തിട്ടപ്പെടുത്താനാവാത്ത നോട്ടുകളുണ്ടെന്നത് അവിശ്വസനീയമാണ്.
നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച ഗുണം ലഭിച്ചില്ല എന്നല്ലേ കരുതേണ്ടത്. സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണം ഒളിപ്പിച്ചവര്‍ക്ക് വന്‍ നഷ്ടമാണ് എന്ന് ഒരു കൊല്ലമായി പറയാന്‍ തുടങ്ങിയിട്ടും കള്ളപ്പണത്തിന്റെ കണക്ക് കിട്ടിയിട്ടില്ല. വിചാരിച്ചതില്‍ ഏറെ പണം മടങ്ങി വന്നിരിക്കുന്നു എന്നല്ലേ കരുതേണ്ടത്. കള്ളപ്പണം മുഴുവന്‍ വെളുത്തിരിക്കുന്നു. കര്‍ഷകരും ദരിദ്രരുമായ സാധാരണക്കാരില്‍ സാധാരണക്കാരായ ജനം ഇപ്പോഴും വെയിലത്തു നില്‍ക്കുന്നു. ആത്മഹത്യ ചെയ്യുന്നു. തൊഴിലില്ലാതാവുന്നു. മാന്ദ്യത്തിലാകുന്നു. ആരാണ് ഉത്തരവാദി?
Demonetisation, modi , maina umaiban, writer

‘സമ്പന്നര്‍ അതിസമ്പത്തിലേക്കും ദരിദ്രന്‍ പരമദാരിദ്യത്തിലേക്കും പോകും. ഇടത്തരക്കാര്‍ എന്നൊരു വര്‍ഗ്ഗം വംശനാശ ഭീഷണിയിലാവും. ഉരസിയും കിഴിവു നേടിയും മറ്റും മറ്റും നിലവിലെ ഇടത്തരക്കാരില്‍ കൈയ്യൂക്കുള്ളവര്‍ സമ്പന്നതയിലേക്ക് കുതിക്കും. ഇതൊന്നുമറിയാത്ത കാശേ, കാശേ എന്നു കരയുന്നവര്‍ താഴോട്ടു പോകും.’

‘ജീവിത നിലവാരത്തിലെ ഉയര്‍ച്ചയും താഴ്ച്ചയും 2000 ത്തിന്റെയും 100 ന്റേയും ഇടയിലെ വ്യത്യാസമായിരിക്കും! ‘എന്ന് ഒരു വര്‍ഷം മുമ്പ് ഞാന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ഇപ്പോഴും ആകുലതകളേയുള്ളു.

Read More : നോട്ട് നിരോധനം: വാക്കുകളും വസ്തുതകളും

പ്രധാനമന്ത്രി ഡിജിറ്റലാവാന്‍ ആഹ്വാനം ചെയ്യുന്നു. ഇപ്പോഴും എപ്പോഴും. അഞ്ചാറു വര്‍ഷമായി എടിഎം കാര്‍ഡുപയോഗിക്കുന്നുണ്ട്. നെറ്റ് ബാങ്കിങും ദൈനംദിന ആവശ്യത്തിനുള്ള വീട്ടു സാധനങ്ങള്‍ മേടിക്കല്‍ ഇതുവരെ ഡിജിറ്റല്‍ ആയിരുന്നില്ല. സുഹൃത്തുക്കളില്‍ ബന്ധുക്കളില്‍ പലരും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി പലതും മേടിച്ചത് കണ്ടിട്ടും അനങ്ങാതിരുന്നു. വേണമെങ്കില്‍ തല തിരിഞ്ഞ സാമൂഹ്യ പ്രതിബദ്ധത കൊണ്ടായിരുന്നെന്ന് പറയാം. കഴിയുന്നത്ര കുത്തകകളെ പ്രോത്സാഹിപ്പിക്കണ്ട എന്ന നിലപാട്. അടുത്തുള്ള ചെറിയ പല കടകളില്‍ നിന്ന് സാധനങ്ങള്‍ മേടിക്കും. എല്ലായിടത്തും നോട്ട് കൊടുത്ത് . അടുത്തുള്ള സൂപ്പര്‍ / ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയി എല്ലാം ഒരുമിച്ച് മേടിച്ച് കാര്‍ഡുരസി പോരാമായിരുന്നു. അവരെ വളര്‍ത്തുകയും ചുറ്റുവട്ടത്തുള്ള കൊച്ചു കച്ചവടക്കാരെ തളര്‍ത്തുകയും വേണ്ടെന്നായിരുന്നു ഇതുവരെ . (സൂപ്പര്‍ മാര്‍ക്കറ്റില്‍ കേറാറേയില്ലെന്നല്ല ) സൊസൈറ്റിയില്‍ നിന്നായിരുന്നു പാലു മേടിക്കുന്നത്. ബേക്കറിയില്‍ നിന്ന് പലഹാരങ്ങള്‍, അതിനോടു ചേര്‍ന്ന പെട്ടിക്കടയില്‍ നിന്ന് ബാലപ്രസിദ്ധീകരണങ്ങള്‍, ആനുകാലികങ്ങള്‍, അതിനപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള കടകളില്‍ നിന്ന് പച്ചക്കറി, പലവ്യഞ്ജനങ്ങള്‍…

Demonetisation, modi , maina umaiban, writer

എന്റെ കൈയ്യില്‍ 2000 ന്റെ നോട്ടേയുള്ളൂ അല്ലെങ്കില്‍ കാര്‍ഡേയുള്ളു. നേരെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് നടക്കാമല്ലേ! ഓണ്‍ലൈന്‍ മാര്‍ക്കറ്റിലേക്കൊന്നു നോക്കിയാല്‍ കാണാം കാർഡ് കൊടുത്തു മേടിക്കുന്ന പലതിനും 10 മുതല്‍ 75 ശതമാനം വരെ കിഴിവ്. വീട്ടിലെത്തും സാധനങ്ങള്‍ ! ആര്‍ക്കു വേണം പ്രതിബദ്ധത അല്ലേ?

സാമ്പത്തികാടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ശ്രദ്ധിച്ചിരുന്നു. പ്രതികരണ ശേഷി നശിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍. അങ്ങേയറ്റം സംയമനം പാലിക്കുന്ന ജനങ്ങള്‍. ഇത്ര ദിവസങ്ങളായിട്ടും നൂറ്റിമുപ്പത്തൊന്നു കോടിയും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനുള്ള കാത്തിരിപ്പാണെന്നു തോന്നിനിയിരുന്നു… ജയിപ്പിച്ചു വിട്ട കൊഞ്ഞാണന്മാര്‍ സുഖനിദ്രയില്‍ തന്നെയായിരുന്നു! ഇപ്പോഴും ആകുലപ്പെടുന്നു.

അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണല്ലോ കുറെയായി കിട്ടുന്ന ഉത്തരം. എന്നാലും സന്ദേഹം കൊണ്ടു ചോദിക്കുന്നു. എന്തിന്റെ വാര്‍ഷികമാണ് നവംബര്‍ എട്ട്?

ഒന്നുകൂടി അടുത്തിടെ മനസ്സിലാവുന്നു. ഇമെയില്‍ വരുന്നത് ഏറെയും ലോണ്‍ വാഗാദാനങ്ങളുമായാണ് -മുമ്പ് വല്ലപ്പോഴും ഇന്‍ഷുറന്‍സ്-നിക്ഷേപം തുടങ്ങിയവയായിരുന്നു. വണ്ടി, വീട്, മറ്റാവശ്യങ്ങള്‍. വായ്പ വിരല്‍ത്തുമ്പിലാണെന്ന് ആ പരസ്യങ്ങള്‍ പറയുന്നു. അടുത്തിടെ മാത്രമുണ്ടായ ഈ മാറ്റം എങ്ങനെയെന്ന് വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്നത് ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുന്നുകൂടി കിടക്കുന്നുവെന്നാണ്. നിക്ഷേപ-വായ്പ അന്തരം വലുതായിരിക്കുന്നു. ജനം ബാങ്ക് വായ്പയെടുത്തില്ലെങ്കില്‍ സംഭവിക്കുന്നത് ഹിഡന്‍ ചാര്‍ജ്ജുകളിലൂടെയും സര്‍വ്വീസ് ചാര്‍ജ്ജുകളിലൂടെയും ലാഭമുണ്ടാക്കാനുളള വഴികളായിരിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നേ തുടങ്ങിക്കഴിഞ്ഞു.

നോട്ടു നിരോധനം കൊണ്ട് ആരുടെ നിലയാണ് മെച്ചപ്പെട്ടത്?

കളളപ്പണവുമായി നടന്ന പണക്കാര്‍ പണമെല്ലാം വെളുപ്പിച്ച് സ്വസ്ഥതയോടും സമാധാനത്തോടും കൂടിയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ, കക്കുന്നവന് നിൽക്കാനറിയില്ലെന്ന് വിചാരിക്കാനാവുമോ? അവര്‍ എങ്ങനെയും വെളുപ്പിക്കും. വെളിപ്പിച്ചു എന്നതാണ് സത്യം.

അപ്പോള്‍, എന്ത് ആഘോഷമാണ് പ്രധാനമന്ത്രീ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook