scorecardresearch

ക്ഷമിക്കണം, എനിക്ക് നിന്നെ അറിയില്ല

“ബാലസാഹിത്യ രചനയെ ഗൗരവത്തോടെ കാണുന്നവർ നിശ്ചയമായും മലയാളത്തിലുണ്ട്. എന്നാൽ ന്യൂനപക്ഷമാണവർ. കേവലം ഉപരിവിപ്ലവമായ രചനാതന്ത്രങ്ങളാൽ ചിലത് തട്ടിക്കൂട്ടി കുട്ടികൾക്ക് ഇത്രയും മതിയെന്ന് അവരെ നിസ്സാരവൽക്കരിക്കുകയാണ്. ഭൂരിപക്ഷം ബാലസാഹിത്യകാരന്മാരും. മലയാള ബാലസാഹിത്യം കുട്ടികളാൽ തന്നെ നിരാകരിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല” ഗവേഷകനും ബാലസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ലേഖകന്റെ നിരീക്ഷണം ഡോ. കെ. ശ്രീകുമാർ

ക്ഷമിക്കണം, എനിക്ക് നിന്നെ അറിയില്ല

അത്രകണ്ട് ആശാവഹമല്ല, മലയാള ബാലസാഹിത്യത്തിന്റെ വർത്തമാനമുഖം- തികച്ചും വൈയക്തികമായ വിലയിരുത്തലിലൂടെ എത്തിച്ചേർന്ന ഒരു നിഗമനമായി മാത്രം ഈ​ പ്രസ്താവനയെ കണ്ടാൽ മതിയാവും. ബാലസാഹിത്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഈ നിരാശപർവ്വത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ എനിക്കുമാവില്ല. ഇവിടെ പ്രതികളും കാരണക്കാരും ആര്? കാരണങ്ങൾ എന്തൊക്കെ? ഈ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്. അവിടെയും ഒന്നോർക്കുക., സർഗാത്മക മേഖലയെ സംബന്ധിച്ച നിഗമനങ്ങളേതും ആപേക്ഷികങ്ങളാണ്, അവസാനവാക്കല്ല.

ബാലസാഹിത്യകാരൻ കാലപ്പഴക്കം കൊണ്ട് അപ്രസക്തനാകുന്ന കാഴ്ച മലയാള ബാലസാഹിത്യരംഗത്ത് സർവ്വസാധാരണമാണ്. ബാലസാഹിത്യകാരന്റെ/കാരിയുടെ പതിവ് വിഡ്ഢിത്തമാണ് കാര്യങ്ങൾ കൂടുതൽ കുഴയ്ക്കുന്നത്. സമൂഹത്തിൽ തനിക്കെന്ത് റോളാണ് വഹിക്കാനുളളത് എന്നത് സംബന്ധിച്ച് തികച്ചും അജ്ഞരാണ് അവർ. ഒരു ഭാണ്ഡം നിറയെ ഉപദേശഭാരവുമായി കുട്ടികൾക്ക് മുന്നിൽ ഞെളിഞ്ഞുനിന്ന് അവ തന്റെ രചനകളിലൂടെ കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണ് തന്റെ പരമമായ ലക്ഷ്യമെന്ന് അയാൾ ധരിച്ചു വശാകുന്നു. സന്മാർഗ്ഗോപദേശത്തിനപ്പുറമൊരു ലക്ഷ്യം തനിക്കില്ലെന്ന് അയാൾ മനസ്സിലുറപ്പിക്കുന്നു. സത്യം പറയണം, അച്ഛനമ്മമാരെ ബഹുമാനിക്കണം, ഗുരുക്കന്മാരെ അനുസരിക്കണം എന്നിങ്ങനെ കേവലം ഉപരിവിപ്ലവമായ ഗുണപാഠക്കുറിപ്പുകളോടെ തന്റെ മഹാസൃഷ്ടികൾ കുട്ടികൾക്ക് മുന്നിൽ സമർപ്പിച്ച് തൃപ്തിയടയുന്നു, അയാൾ.

“കുട്ടി”യെ കുറിച്ചുളള ബാലസാഹിത്യകാരന്റെ നിർവചനത്തിലുമുണ്ട് പഴക്കച്ചുവ. ഇക്കാര്യത്തിൽ ഒട്ടും ഉദാരനല്ല, അയാൾ, താൻ പടച്ചെടുത്ത ചട്ടക്കൂടിനുളളിൽ ഒതുങ്ങുന്നതാവണം കുട്ടിയെന്ന് അയാൾ നിർബന്ധം പിടിക്കും. അതിനിണങ്ങാത്ത കുട്ടിത്തത്തെ അടിച്ചുപരത്തി ചട്ടമൊപ്പിക്കാനോ കവിഞ്ഞ് നിൽക്കുന്നവയെ നിർദ്ദയം അരിഞ്ഞു തളളാനോ അയാൾക്ക് ലവലേശം മടിയില്ല. ഇന്നത്തെ കുട്ടിയും കുട്ടിത്തവും എന്ത് എന്ന് അയാൾ വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്നം. വളരെ ലളിതമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം പിടിവാശി കൊണ്ടോ മൂഢത്വം കൊണ്ടോ ഗുരുതരമാവുന്ന കാഴ്ചയാണിവിടെ. പുതിയ തലമുറയിലെ കുട്ടിയെ കണ്ടെത്താൻ അത്രകണ്ട് തല പുകയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. കണ്ണും മനസ്സും തുറന്ന് ചുറ്റുമൊന്ന് നോക്കുക, യാതൊരു മുൻവിധിയും കൂടാതെ അവരെയും അവരുടെ കുറുമ്പുകളെയും തുറന്ന മനസ്സോടെ സ്വീകരിക്കുക- അത്രമാത്രം, ദൗർഭാഗ്യവശാൽ, ബഹുഭൂരിപക്ഷം വരുന്ന ബാലസാഹിത്യകാരന്മാരിൽ നിന്നും ഇത്തരമൊരു നോട്ടം ഉണ്ടാവുന്നില്ല. നല്ല രചനകളുടെ അഭാവവും ബാലസാഹിത്യകാരന്റെ പരാജയവും യഥാർത്ഥത്തിൽ ഇവിടെ തുടങ്ങുന്നു.k sreekumar, childrens day

മഴ ചാറിപ്പോയ പുതുമണ്ണിന്റെ മണം, ചാറ്റൽമഴയ്ക്കൊപ്പം ചിതറിവീണ ആലിപ്പഴങ്ങൾ, മഴപ്പെയ്ത്തിനുശേഷമുളള ആഘോഷവരവ്, മഴയുടെ ശാന്ത-രൗദ്ര സംഗീതങ്ങൾ, മണ്ണിനൊപ്പം മനസ്സും തണുത്ത് മരവിക്കുന്ന കാലവർഷം, ഗൃഹാതുരത്വം നിറഞ്ഞ എഴുത്തനുഭവങ്ങൾ കുറച്ചൊന്നുമല്ല മുൻതലമുറയിലെ ഒരു ബാലസാഹിത്യകാരന് മഴമുതലായുളളത്. മഴയ്ക്ക് അപ്പുറത്തേയ്ക്ക് മനസ്സ് കെട്ടഴിച്ചുവിട്ടാലോ? നിർവൃതികരമായ ഒരു മുഴുവൻ ഗ്രാമീണ ജീവിതവും അവിടെ മഴവിൽത്തിളക്കത്തോടെ തെളിയും. നേർത്ത വരമ്പിലൂടെ അഭ്യാസിയെപ്പോലെ ഓടുന്നതിനിടെ പാൽപ്പാകമെത്തിയ ഇളം നെല്ലൂരിയെടുത്ത് ഊ​റ്റിക്കുടിക്കുന്ന കുട്ടിയും ചുവന്നുതുടുത്ത ചെത്തിപ്പഴം കൈവെളളയിൽ വച്ച് അത് പാമ്പൂതിയതാകുമോ എന്ന ആശങ്കയിൽ തിന്നാൽ മടിക്കുന്ന കുട്ടിയുമൊക്കെ ഇന്നും അയാളിൽ സജീവമായിരിക്കും. ഋതുഭേദങ്ങൾക്കും ഞാറ്റുവേലകൾക്കും കാലക്രമവവും വ്യവസ്ഥയുമുണ്ടായിരുന്നിരിക്കാം. തിരുവാതിര ഞാറ്റുവേല പെരുമഴപ്പെയ്ത്തായി പെയ്തൊഴിയുന്നത് അയാളുടെ മനസ്സിലായിരിക്കും. മേലാസകലം ചൊറിയുമെന്നറിഞ്ഞിട്ടും വൈക്കോൽത്തുറവിൽ കുത്തിമറിഞ്ഞ് കളിക്കാൻ അയാളുടെ ബാല്യം ഇന്നും തയ്യാറായിരിക്കണം. കമഴ്ന്നും മലർന്നും മുങ്ങാംകുഴിയിട്ടും നീന്തിത്തിമിർത്ത നാളുകൾ ആ മനസ്സിനെ ഇന്നും ചലിപ്പിക്കുന്നുണ്ടാകണം. നടുകറുത്തും ഇരുവശവും ചുവന്നുമുളള ഇത്തിരിപ്പോന്ന പുഴുക്കൾ ഒരു തലമുറയിലെ കുട്ടികളെ വശീകരിച്ചിരിക്കണം. ദൈവത്തിന് എണ്ണയുമായി പോകുന്ന അവറ്റയെ തൊട്ട് വിരലിൽ പുരണ്ട എണ്ണ ഭക്തിപൂർവ്വം നെറ്റിയിൽ തൊട്ടതും അവർ മറക്കാനിടയില്ല. ഇന്നും അത്തരം പുഴുക്കളുണ്ടോ ആവോ?

അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നുവേണം സർഗാത്മക സാഹിത്യം രചിക്കാനെന്നൊരു വാദമുണ്ടല്ലോ. ഇതുവരെ പറഞ്ഞ ധന്യമായ പാരമ്പര്യ മുദ്രകളുമായി ബാലസാഹിത്യം എഴുതാൻ അരയും തലയും മുറുക്കിയെത്തുന്ന ഒരാൾക്ക് സ്വാഭാവികമായും അനുഭവനിർഭരമായ രചന സാധ്യമാകും. ആ എഴുത്തുകാരന്റെ തലമുറയിലെ കുട്ടികൾക്ക് അവ സ്വാംശീകരിക്കാനുമാവും. പക്ഷേ, കാലം കുട്ടിയിൽ വരുത്തിയ മാറ്റം ഈ വിജയഫോർമുലയൊക്കെ തകിടം മറിക്കുന്നു. കാളിദാസൻ പോലും കാലത്തിന്റെ ദാസനാവുന്ന സ്ഥിതിക്ക് അൽപ്പവിഭവനായ ബാലസാഹിത്യകാരന്റെ തുച്ഛായുസ്സിനെ കുറിച്ച് പറയേണ്ടതുണ്ടോ? മുതിർന്നവരുടെയൊരു മിനിയേച്ചർ രൂപം- ഒരു ബോൺസായ് മൊഴിമാറ്റം- കുട്ടികളെ സംബന്ധിച്ച പ്രശസ്തമായ ഒരു നിർവ്വചനമാണിത്. ഇന്നത്തെ കുട്ടിക്ക് പഴയ അർത്ഥത്തിലുളള കുട്ടിത്തമില്ല. അത് കുട്ടിയുടെ കുറ്റമേയല്ല. അവനെ പിറക്കുമ്പോഴേ മുതിർന്നവനാക്കാനാണ് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും തിടുക്കം. കുട്ടിത്തത്തിന്റെ മഴവിൽസ്വപ്നങ്ങൾ നഷ്ടപ്പെട്ട അവന് അപ്പൂൻതാടി ഊതിപ്പറപ്പിക്കാനോ പ്ലാവിലത്തൊപ്പി വെച്ച് രാജാവാകാനോ, പച്ചോലപ്പന്ത് തട്ടിക്കളിക്കാനോ താൽപ്പര്യം കാണില്ല.

ഇടയ്ക്കോരോർമ്മ- കതിരിട്ട് നിൽക്കുന്ന ഏറനാടൻ നെൽവയലുകൾക്ക് ഓരം ചേർന്നൊരു തീവണ്ടി യാത്ര. നെല്ലോലകളിൽ നിന്നൊരെണ്ണം ഊരിയെടുത്ത് വായിൽവെച്ചു വലിച്ചതും ചുണ്ടുനിറയെ പാലൊഴുകുന്ന ബാല്യകാല കുസൃതിയിൽ മനസ്സുനട്ടിരിക്കെ, അടുത്തിരുന്ന ഏഴ് വയസ്സുകാരന്റെ സംശയം- “മമ്മാ വാട്ടീസ് ദിസ്?” അതുകേട്ട് അമ്മയുടെ മുഖവും വാടി. മകനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? ഒടുവിൽ, അവർ മകനെ സമാധിനിപ്പിച്ചത് ഇങ്ങനെ- “മോനെ, ഇത് റൈസ് ഉണ്ടാവുന്ന പ്ലാന്റ്!” ദൈവമേ! അതുകേട്ട് മനസ്സുമുറിഞ്ഞു. ആരാണ് പഴഞ്ചൻ?

ബാലസാഹിത്യകാരൻ, താൻ സ്വയം തയ്യാറാക്കിയ പീഠത്തിലിരുന്ന് കുട്ടികളെ  ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. അതിൽപ്പരമൊരു ഭോഷ്ക്ക് വേറെയില്ല. അയാൾക്ക് ആരും അത്തരമൊരു ഉന്നതപദവി നൽകിയിട്ടില്ല. പീഠം തട്ടിമറിച്ച് താഴെയിറങ്ങാനുളള മനോവികാസം അയാൾ നേടണം. തന്റെ പഴയ വിഭവങ്ങൾക്കൊപ്പം പുതിയ കുട്ടിയുടെ ലോകം ഇണക്കിച്ചേർക്കാനുളള ശ്രമങ്ങളിൽ ഏർപ്പെടണം. കമ്പ്യൂട്ടറടക്കമുളള പുതിയ വിവരസാങ്കേതികയുഗത്തെയപ്പാടെ തളളണമെന്ന് അനുശാസിക്കുന്ന ബാലസാഹിത്യരചന വരെ മലയാളത്തിലുണ്ടായിട്ടുണ്ട്. അത് വായിക്കുന്ന കുട്ടിയുടെ മനസ്സിൽ പ്രാകൃതനായ ഒരു കോമാളിയുടെ രൂപം തെളിഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവുമോ? അതേസമയം കമ്പ്യൂട്ടറിലൂടെ ലോകത്തെ പുഷ്പാരാമം മുഴുവൻ കണ്ടാസ്വദിച്ച ശേഷം നിഷ്ക്കളങ്കനായ കുട്ടി, ടെർമിനലിൽ തെളിഞ്ഞ മുല്ലപ്പൂവിനോട് “നിനക്കെന്താ മുറ്റത്തെ ചക്കമുല്ലയെപ്പോലെ മണമില്ലാത്തെ?” എന്ന് ചോദിച്ചാലോ? ഇവിടെ അവന്റെ വിരുദ്ധധ്രുവങ്ങളുടെ സമ്മേളനവും യാന്ത്രികലോകത്തിന് മേൽ സ്വാഭാവികലോകം നേടുന്ന മേൽക്കയ്യും അവന്റെ ഹൃദയത്തെ തൊടില്ലേ?- പറയുന്നതെന്തായാലും പറയേണ്ടതു പോലെ പറഞ്ഞാൽ “ശ്രുതം ശ്രോതവ്യം” എന്നുതോന്നും, ബാലസാഹിത്യകാരനും ഇത് ബാധകമാണ്.k sreekumar, childrens day

എളുപ്പമുളള എഴുത്തല്ല ബാലസാഹിത്യം എന്ന് പറയുമ്പോൾ വർഷാവർഷം പുറത്തിറങ്ങുന്ന ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ കൂമ്പാരം ഒരു ചോദ്യചിഹ്നമായി വായനക്കാരുടെ കണ്ണിൽ തെളിയാം. ബാലസാഹിത്യത്തിലെ സൂകരപ്രസവം ഒരിക്കലും അതിന്റെ ഗുണവശം വ്യക്തമാക്കുന്നതാവുന്നില്ല. ഇവയിൽ പലതും കുട്ടികളെ മുന്നിൽക്കണ്ട് രചിക്കുന്നത് പോലുമല്ല. വിപണികേന്ദ്രീകൃതമായചില ചാകരക്കാലങ്ങൾ മറ്റേത് സാഹിത്യമേഖലയെക്കാളുമേറെ ബാലസാഹിത്യത്തിനുണ്ട്. സർക്കാർ ധനസഹായത്തോടെയുളള വൻ പുസ്തക വാങ്ങൽ മേളകൾക്കായി ചുട്ടെടുക്കുന്ന ഈ​കൃതികളിലധികവും എഴുത്തുകാരനും പ്രസാധകനും തമ്മിലുളള സ്വകാര്യ സംരഭങ്ങൾ മാത്രമായി അധഃപതിക്കുന്നു. ഇവ മലയാള സാഹിത്യത്തിനോ കുട്ടികൾക്കോ യാതൊരുവിധ ഗുണവും ചെയ്യുന്നില്ല. കുട്ടികളുടെ മനസ്സറിഞ്ഞ്, നല്ല പുസ്തകങ്ങൾ രചിക്കുക തികച്ചും ശ്രമകരമാണ്, സംശയമൊന്നുമില്ല.

‘ഹാരിപോർട്ടർ’ പരമ്പരയ്ക്ക് കേരളത്തിലെ കുട്ടികൾക്കിടയിലും വൻചലനം ഉണ്ടാക്കാനായത് എത്രയൊക്കെ വിപണിതന്ത്രങ്ങളെന്ന് കുറ്റപ്പെടുത്തിയാലും അവയിലെ ചടുലാവിഷ്ക്കാരം കൊണ്ടുകൂടിയാണ്. പഞ്ചതന്ത്രവും ഭൃഹത് കഥയും ജാതക കഥയുമൊക്കെപ്പോലെ കരുത്തുറ്റ കഥാതന്ത്രങ്ങൾ മാത്രല്ലേ ഇന്നും നമുക്ക് ആത്മവിശ്വാസത്തോടെ എടുത്തു കാട്ടാനുളളൂ. ‘ഹാരിപോർട്ട’റോട് കിടപിടിക്കാവുന്ന മലയാള ബാലസാഹിത്യകൃതികൾ എന്തുകൊണ്ട് ഉണ്ടാവുന്നില്ല? ഇവിടെ എഴുത്തുകാരും പ്രസാധകരുമൊക്കെ പ്രതിസ്ഥാനത്താണ്. ബാലസാഹിത്യത്തിന് ഇന്നതൊക്കയേ വിഷയമാകാവൂ എന്ന മിഥ്യാധാരണ ഇരുകൂട്ടരും വെച്ചുപൂലർത്തുന്നു. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ ബാലസാഹിത്യത്തിന് വിഷയമാക്കിയപ്പോൾ പ്രമുഖ പ്രസാധകരെല്ലാം അതിനോട് മുഖംതിരിച്ചത് ഒരുദാഹരണം മാത്രം. സാധാരണ ബാലസാഹിത്യ രചനാസങ്കേതങ്ങളെ അപേക്ഷിച്ച് അൽപ്പം ഗൗരവമായ സമീപനം സ്വീകരിച്ച് തയ്യാറാക്കിയ ബാലനോവൽ പക്ഷേ, പ്രമുഖമായ ഒരു ആനുകാലികത്തിൽ അടിച്ചുവന്നത് “നോവലൈറ്റ്” എന്ന ലേബലിലാണ്! “കുട്ടികൾക്ക് ഇത്രയൊക്കെ മതി” എന്ന കാഴ്ചപ്പാടാണ് ബാലസാഹിത്യ വികാസത്തിന് തടസ്സമാകുന്ന മറ്റൊരു ഘടകം. പഴയ കുട്ടിയെ മുന്നിൽകണ്ട് പുറത്തിറങ്ങുന്ന ബാലപ്രസിദ്ധീകരണങ്ങൾക്കും ഈ പോരായ്മയുണ്ട്.

“ഞങ്ങളെഴുതുന്നത് വായിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണെ”ന്ന പഴയ നിയമം ഇനി കുട്ടികളുടെയടുത്ത് നടപ്പില്ല. “നിങ്ങൾക്കു വേണ്ടതെന്തെന്ന് അന്വേഷിച്ചറിഞ്ഞ് അങ്ങനെയെഴുതുന്ന ഉറ്റതോഴന്മാരാണ് ഞങ്ങളെ”ന്ന ജനാധിപത്യപരമായ പുതിയ സമീപനമാണ് ഇനി സ്വീകാര്യം. കാപട്യത്തിന്റെയും ഗർവ്വിന്റെയും പുറംതോട് പൊട്ടിച്ചെറിഞ്ഞ് കുട്ടികൾക്കിടയിലേയ്ക്കിറങ്ങാൻ ബാലസാഹിത്യകാരൻ തയ്യാറാവണം. അവന്റെ ലോകം അഹങ്കാരലേശമില്ലാതെ പഠിച്ചെടുക്കണം. ബാലസാഹിത്യകാരനെയും ബാലസാഹിത്യത്തെയും അവഗണിക്കുന്നു എന്ന മുറവിളിയല്ലാതെ മറ്റൊന്നും ബാലസാഹിത്യകാരന്മാരിൽ നിന്നും കേൾക്കാത്ത കാലമാണ് കടന്നുപോകുന്നത്. റോയൽറ്റി കുറവ്, അവാർഡ് തുക കുറവ്, സാഹിത്യകാരനെന്ന നിലയിൽ അംഗീകാരം കുറവ്… ഇങ്ങനെ പോകുന്നു ആ ദീനവിലാപങ്ങൾ.

കേരള സാഹിത്യ അക്കാദമി ബാലസാഹിത്യകാരന്മാരെ അവാർഡ് നൽകാതെ എൻഡോവ്മെന്റ് നൽകി ഒതുക്കുന്നുവെന്ന് വിലപിക്കാത്തവർ വിരളമായിരുന്നു. ഇപ്പോൾ ആ പരിഭവവും തീർന്നിരിക്കുന്നു. ഇപ്പോഴിതാ ഡൽഹിയിലെ സാഹിത്യ അക്കാദമിയും വിവിധ ഇന്ത്യൻ ഭാഷകളിലെ ബാലസാഹിത്യകാരന്മാരെ പ്രതിവർഷം ‘ബാലസാഹിത്യ പുരസ്ക്കാർ’ നൽകി ആദരിക്കുന്നു. ഇതിൽപ്പരമൊരു പുണ്യം വേറെന്തുവേണം? ഇനിയെങ്കിലും ഉൾക്കരുത്താർന്ന രചനയ്ക്ക് മനസ്സൊരുക്കുക. കുട്ടികളോളം സമർത്ഥരായ വിധികർത്താക്കൾ വേറെയില്ലെന്നറിയുക. അവർ തളളുന്ന രചനകൾ കാമ്പില്ലാത്തവയാണെന്നും മനസ്സിലാക്കുക. ഇനി ക്ഷണനേരം പാഴാക്കാതെ നമുക്ക് ആത്മവിശകലനത്തിന്റെ തലനാരിഴ കീറാം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Writing for children challenges opportunities k sreekumar

Best of Express