ഇന്ത്യയിലെ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബി ജെ പി നേതാവും എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായി ഗുസ്തി താരങ്ങൾ നടത്തുന്ന ജന്തർ മന്ദർ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതല്ലെന്ന് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ട്രാക്ക് താരവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റുമായ പി ടി ഉഷ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ ആരോപണത്തെ പിന്തുണച്ച് രംഗത്ത് വന്ന ഒളിംപ്യന്മാരായ വനിതാ ഗുസ്തിക്കാർ അച്ചടക്കമില്ലാത്തവരാണെന്ന് ഉഷ മുദ്രകുത്തി.
രാഷ്ട്രത്തിന്റെ ആഗോള ധാരണയെക്കുറിച്ച് വളരെ ബോധമുള്ള ഒരാൾക്ക്, ലോക വേദിയിൽ ഇന്ത്യൻ ഗുസ്തിയെ പ്രതിനിധീകരിക്കുന്ന സിങ്ങിനെ കുറിച്ച് ഉഷയ്ക്ക് എന്ത് തോന്നുന്നു എന്നറിയുന്നത് രസകരമായിരിക്കും. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിക്കാരാണ്, സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിന് സംബന്ധിച്ച് ഇത് ആദ്യത്തെ അനുഭവവുമല്ല.
തൊണ്ണൂറുകളിൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്നാരോപിച്ച് ടാഡ പ്രകാരം കേസെടുത്തിരുന്നു, നിലവിലുള്ള നിരവധി കോടതി കേസുകളിൽ സിങ്ങിന്റെ പേര് കാണാം. ആയുധം കൈവശം വെക്കുന്നത് സംബന്ധിച്ച കേസുകൾ, കൊലപാതക ശ്രമങ്ങൾ, തുടങ്ങി സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേഷന്റെ നീതിബോധമുള്ള ഒരു പോസ്റ്റർ ബോയ് അക്കാൻ കഴിയാത്ത കളങ്കങ്ങളാണ്. ഫെഡറേഷൻ മേധാവി എന്ന നിലയിൽ ഒരു ചരിത്ര രേഖ – ലോകമെമ്പാടുമുള്ള ഗുസ്തി വേദികളിൽ ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഒരു വസ്തുതയാണോ ഇത്?
തങ്ങളുടെ പോരാട്ടത്തോടുള്ള മറ്റ് പല കായിക താരങ്ങളുടെയും നിസ്സംഗത അധികാരത്തിലിരിക്കുന്നവർക്ക് എതിരെ, നീതിക്ക് വേണ്ടി നിലകൊള്ളാനുള്ള ധൈര്യമില്ലായ്മയാണ് കാണിക്കുന്നതെന്ന് ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് അഭിപ്രായപ്പെട്ടു. ജന്തര്‍ മന്ദർ പ്രതിഷേധത്തിന്റെ മുഖമായ വിനേഷ് ഫോഗട്ട് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് ഈ അഭിപ്രായം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഉഷയുടെ പ്രസ്താവന. ഫോഗട്ടിനും ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്‌രംഗ് പുനിയയ്ക്കും അത് ഹൃദയഭേദകമായി – ഏറെ ആഘോഷിക്കപ്പെട്ട ഈ ഗുസ്തി താരങ്ങൾ ഇപ്പോൾ രാത്രികളിൽ ജന്തര്‍ മന്തറിലെ കൊതുകുകളോട് മല്ലിടുകയാണ്. അധികാര സോപാനത്തിലെത്തിയ ഉഷയാകട്ടെ, പരാതിക്കാരോട് നിർവികാരത കാട്ടി എന്ന് മാത്രമല്ല, ഈ പ്രക്ഷോഭത്തിനു തുരങ്കം വയ്ക്കുകയും ചെയ്തു.
ക്ഷുഭിതയായ തറവാട്ടമ്മ
ഉഷ അവിടം കൊണ്ടും നിർത്തിയില്ല. ഒരു കുടുംബ രഹസ്യം ചോർന്നതിൽ ദേഷ്യം വന്ന ഒരു തറവാട്ടമ്മയെ പോലെ, അവർ ഗുസ്തി താരങ്ങളെ കുറ്റപ്പെടുത്തി. താരങ്ങൾ നീതിക്ക് വേണ്ടി തെരുവിലിറങ്ങിയതിനും ഐഒഎയെ സമീപിക്കാത്തതിനുമായിരുന്നു ഉഷയുടെ കുറ്റപ്പെടുത്തൽ. ഗുസ്തി താരങ്ങളും സിങ്ങുമായുള്ള വിഷയത്തെ കൃത്യമായി പിന്തുടരുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെങ്കില്‍ നമ്മുടെ സംവിധാനത്തിൽ അവർക്കുള്ള അവിശ്വാസത്തിന് പിന്നിലുള്ള കാരണം ഉഷയ്ക്ക് മനസിലാകുമായിരുന്നു.
സിങ്ങിനെതിരായ ലൈംഗികാരോപണങ്ങൾ പരിശോധിക്കാൻ കായിക മന്ത്രാലയം ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചിട്ട് മൂന്ന് മാസമായി – ബോക്‌സിങ് ഇതിഹാസം എംസി മേരി കോം അധ്യക്ഷയായും ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത് അംഗമായുമുള്ള സമിതി. അന്വേഷണത്തിന്റെ പൂർണ റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ല.
ബി ജെ പി എം പിയായ സിങ്ങിനെപ്പോലെ ഉഷയെയും മേരി കോമിനെയും ബിജെപി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. ദത്ത് ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർട്ടിയുടെ സ്റ്റാർ പ്രചാരകനായി തുടരുകയും ചെയ്തു.
മേരി കോം കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന്റെ “പ്രധാന കണ്ടെത്തലുകൾ” എന്ന് സർക്കാർ വിശേഷിപ്പിച്ചത് പങ്കുവെച്ചു. എന്നാൽ, താരങ്ങൾ ഉന്നയിച്ച പ്രധാന വിഷയ -ബി ജെ പിയുടെ എംപിയായ സിങ്ങിനെതിരായ ഗുരുതരമായ കുറ്റാരോപണങ്ങളിൽ വിശദീകരിക്കപ്പെടാത്തതും നിഗൂഢവുമായ മൗനം പാലിച്ചു. ഡൽഹി പൊലീസിനെ സമീപച്ചതും സഹായകരമായില്ല. കൃത്യമായ സ്ഥലം, സമയം എന്നിവ ഉൾപ്പടെ ഗുസ്തിതാരങ്ങൾ നൽകിയ പരാതികളൊന്നും ഡൽഹി പൊലീസിനെ കർമ്മനിരതരാക്കാൻ സാധിച്ചില്ല. സുപ്രീം കോടതിയെ സമീപിക്കുന്നതു വരെ എഫ് ഐ ആർ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി അവരുടെ കാലുതേഞ്ഞത് മാത്രം മിച്ചം.
അവസാന ശ്രമം എന്ന നിലയിൽ, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവരുടെ തലസ്ഥാനത്തെ പ്രതീക്ഷയുടെ തുരുത്തായ ജന്തര്‍ മന്ദറിലേക്ക് നീങ്ങാൻ ഗുസ്തി താരങ്ങൾ നിർബന്ധിതരായി. ഈ ഘട്ടത്തിൽ, ഇന്ത്യയിലെ എല്ലാ കായിക സംഘടനകളുടെയും ഏകോപിത സംഘടനയായ (അംബ്രല്ല ഓർഗനൈസേഷൻ) ഐഒഎ ഗുസ്തിതാരങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന ഒളിമ്പ്യന്മാരുടെ മാത്രമല്ല, ലൈംഗിക പീഡനം ആവർത്തിക്കുന്നതിന്റെ ആഘാതത്തിൽ ജീവിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പടെയുള്ള സഹകായികതാരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്തം ഉഷയ്ക്കുണ്ടായിരുന്നു.
ഉഷ, 80കളിലെ സ്പ്രിന്റ് റാണിയായിരുന്നപ്പോൾ, കായികതാരങ്ങൾക്ക് അവരുടെ പരാതികൾ പറയാനുള്ള ഫോറങ്ങൾ ഇല്ലായിരുന്നു എന്നത് വസ്തുതയാണ്. അക്കാലത്ത്, കായികതാരങ്ങളുടെ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്ന ബാധ്യതയായിരുന്നു ഫെഡറേഷനുകളുടെ ഭാരവാഹികൾക്ക് ഉണ്ടായിരുന്നത്. പോഷ് (POSH), ഐ സി സി (ICC), എന്നീ ചുരുക്കെഴുത്തുകൾ അന്ന് രൂപം കൊണ്ടിട്ടില്ലായിരുന്നു. പല മുൻ കായികതാരങ്ങളും, വിരമിച്ചതിന് ശേഷവും, കായിക സ്വപ്നങ്ങളുള്ള യുവതിയെന്ന കാലത്തെ പേടിസ്വപ്നത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അക്കാദമികളിൽ തനിച്ചായിരിക്കുകയും പുരുഷ പരിശീലകരുമായി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്യേണ്ടി വരുന്ന അവർ പലപ്പോഴും അസുഖകരവും ഭീഷണവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പ്രതികരണം അഭിമാനം നഷ്ടമാക്കുമെന്ന അനന്തരഫലത്തെ ഭയന്ന് ചിലർ, മോശമായ പെരുമാറ്റം സഹിച്ച് ജീവിക്കും. മറ്റുള്ളവർ അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കുകയോ വിവാഹം കഴിക്കുകയോ തങ്ങള്‍ക്ക് ചേരാത്ത ജോലിയിൽ ഏർപ്പെടുകയോ ചെയ്ത് ഈ രംഗത്ത് നിന്നു തന്നെ വഴിമാറി പോകും.
തന്റെ വസതിയിൽ നിന്ന് ജന്തര്‍ മന്ദറിലേക്കുള്ള ആ ചെറിയ ദൂരത്തേക്ക് ഉഷ ഒന്ന് നടന്നു എത്തിയിരുന്നുവെങ്കിൽ വിഷയത്തിന്റെ കാര്യഗൗരവം അവർക്ക് തിരിച്ചറിയാനാകുമായിരുന്നു. പ്രതിഷേധത്തിന് ചെവി കൊടുത്തിരുന്നുവെങ്കിൽ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന വിഷയം ഉഷയ്ക്ക് ബോധ്യപ്പെടുമായിരുന്നു.
പ്രതിഷേധത്തിന്റെ ആദ്യ നാളുകളിൽ, നട്ടെല്ല് നിവർത്തി, തിളങ്ങുന്ന വെളുത്ത ധോത്തിയും കുർത്തയും തലപ്പാവും ധരിച്ച ഒരു വൃദ്ധൻ, അവിടെയെത്തിയ ഹരിയാൻവി യൂട്യൂബർക്ക് മുന്നിൽ രോഷാകുലനായി. ദേഷ്യം കൊണ്ട് വീർപ്പുമുട്ടുന്നുണ്ടായിരുന്നു, ദേഷ്യം നിയന്ത്രിക്കാൻ അദ്ദേഹം ചുണ്ടുകൾ കടിച്ചു പിടിക്കുന്നുണ്ടായുന്നു. ഒരു ഒളിമ്പ്യനെ വളർത്താൻ ഒരു കുടുംബം എടുക്കുന്ന വേദനകളെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. “ഹമാരേ ഹരിയാന കെ ലോഗ് ജമീൻ ബെച്ച്‌ദേതേ ഹെ അപ്‌നേ ബച്ചോ – ലഡ്‌ക യാ ലഡ്‌കി – കോ ഒളിമ്പ്യൻ ബനാനെ മേം” (ഹരിയാനയിലെ ആളുകൾ അവരുടെ ആൺമക്കളെയും പെൺമക്കളെയും ഒളിമ്പ്യന്മാരാക്കാൻ അവരുടെ ഭൂമി വരെ വിൽക്കുന്നു. തങ്ങളുടെ കുട്ടികളെ കായികരംഗത്ത് മികവുറ്റതാക്കാൻ ഉള്ളതെല്ലാം അവർ ചെലവഴിക്കുന്നു, കുട്ടികൾ ഉയരങ്ങളിലേക്ക് കയറിപ്പോകുമ്പോൾ അവരെ സംരക്ഷിക്കാൻ ആരുമില്ല. ഇത് ആരുടെ ഉത്തരവാദിത്തമാണ്?” അദ്ദേഹം മൈക്രോഫോണിലേക്ക് നോക്കി ഗർജ്ജിച്ചു, അദ്ദേഹത്തിന്റെ കഴുത്തിലെ ഞരമ്പുകൾ അപകടകരമായി പിടച്ചുനിന്നു.
യൂ ട്യൂബർ അഭിമുഖം നിർത്തി. “ചൗധരി സാബ് കുറച്ച് വെള്ളം കുടിക്കൂ,” എന്ന് പറഞ്ഞു കാമറയിൽ നിന്നും കണ്ണുകൾ മാറ്റി. പ്രതാപിയായ ആ മനുഷ്യൻ കുപ്പിയിൽ നിന്നും ഒറ്റവലിക്ക് വെള്ളം വായിലേക്ക് ഒഴിച്ചുവെങ്കിലും അതിറക്കാനാവാതെ ഹതാശനായി നിലത്തിരുന്നു.
വളർന്നുവരുന്ന ഒരു ഗുസ്തി താരത്തിന്റെ യുവതിയായ അമ്മ ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കുന്നുണ്ടായിരുന്നു. ആരോപണങ്ങൾ വായിച്ചപ്പോൾ മുതൽ തന്നെ കുട്ടിയെ ക്യാമ്പുകളിലേക്ക് അയക്കുന്നതിനെക്കുറിച്ച് അവർ ആശങ്കാകുലയായിരുന്നു. അവൾ വിനേഷിനെയും സാക്ഷിയെയും ചൂണ്ടി പറഞ്ഞു, “ഇവരെ നോക്കൂ, അവർ ഗ്രാമത്തിലെ എല്ലാ പെൺകുട്ടികൾക്കും മാതൃകയാണ്. ഇപ്പോൾ, അവർ ആരുമല്ലാത്തവരെ പോലെ ഇവിടെ ഇരിക്കുന്നു. അവർ നിസ്സഹായരും സുരക്ഷിതരുമല്ലെന്ന് തോന്നുന്നുവെങ്കിൽ, എന്റെ പെൺകുട്ടിയുടെ കാര്യമോ,” ദുപ്പട്ട ഉപയോഗിച്ച് കണ്ണീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. ചാനൽ ലേഖിക ചോദ്യങ്ങൾ നിർത്തി, “എല്ലാം ശരിയാകും, ഒരു മാറ്റമുണ്ടാകും.” എന്ന് പറഞ്ഞ് ആ അമ്മയെ ആശ്വസിപ്പിച്ചു.
ജന്തര്‍ മന്ദറിൽ എല്ലാവരും സംസാരിക്കുന്ന ‘മാറ്റം’ സിങ്ങിനെ ആശങ്കപ്പെടുത്തുന്നു. ഒരു ദശാബ്ദത്തോളമായി അദ്ദേഹം ഗുസ്തി ഫെഡറേഷന്റെ ചുമതല വഹിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യന്‍ ഗുസ്തി ടീം ഒളിമ്പിക്സിൽ സ്ഥിരമായി പങ്കെടുതിരുന്നു. 2008 ലെ ബെയ്ജിംഗ് ഒളിമ്പിക്സ് മുതൽ, ഒരു ഇന്ത്യൻ ഗുസ്തിക്കാരൻ മെഡൽ നേടാത്ത ഒരു സമ്മർ ഗെയിംസ് ഉണ്ടായിട്ടില്ല. എന്നാൽ മേരി കോം കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പോലും ഡബ്ല്യുഎഫ്ഐയുടെ ഘടനാപരമായ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ അഭാവം, ഫെഡറേഷനും ഗുസ്തിക്കാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം എന്നിവ അവർ പരാമർശിക്കുന്നു. എന്നാൽ യഥാർത്ഥ്യം അതിലും വലുതാണ്.
അധികാര ദുർവിനിയോഗം
സിങ്ങിന്റെ സ്വേച്ഛാധിപത്യ രീതികളെ കഥകൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. നാടകീയമായാണ് സ്ഥാനം ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ അധികാര ദുരുപയോഗം. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഇത് നന്നായി കാണാൻ കഴിയും. ഈ സംഭവങ്ങൾ രാജാക്കന്മാരും പ്രജകളും എന്ന കാലത്തേക്കുള്ള തിരിച്ചുപോക്കാണ്. കൊളീസിയത്തിലിരുന്ന് ഒരു മഹാരാജാവ് മൽപ്പിടിത്തം കാണുന്നത് പോലെ സ്റ്റേഡിയത്തിൽ ഇരിക്കുന്നു, വിജയികൾക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ പ്രഖ്യാപിക്കും, ഒരു റഫറിയുടെ വിധി മാറ്റും, അല്ലെങ്കിൽ ഒരു വൈറലായ യൂട്യൂബ് വീഡിയോയിൽ കാണുന്നത് പോലെ, അസ്വീകാര്യമായി പെരുമാറിയ ഗുസ്തിക്കാരന് അടി കൊടുക്കും.
ഇന്ത്യൻ എക്‌സ്‌പ്രസ് ഐഡിയ എക്‌സ്‌ചേഞ്ചിൽ വിനേഷ്, ഡബ്ല്യുഎഫ്‌ഐയിൽ സിങ്ങിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു. “അദ്ദേഹത്തിന് തോന്നുന്നതെന്തും ചെയ്യും… ഫെഡറേഷൻ ഉദ്യോഗസ്ഥർ ചെറിയ കാര്യങ്ങൾക്ക് ഞങ്ങളെ ശല്യപ്പെടുത്തുന്നു. അവർ മ്ലേച്ഛമായി പെരുമാറും. ‘നിങ്ങൾക്കെതിരെ ആരോ പരാതി പറഞ്ഞിട്ടുണ്ട്. നേതാ (സിങ്) അത് കേട്ടു, അയാൾ ദേഷ്യത്തിലാണ്, അതിനാൽ സൂക്ഷിക്കുക.’ അവർ ഭീഷണിപ്പെടുത്തും. അവിടെയുള്ള കായികതാരങ്ങൾക്ക് വെള്ളം എടുത്തു കൊടുക്കുന്ന സഹായിക്ക് പോലും ഈ മനോഭാവം ഉണ്ടായിരുന്നു, ‘ആരാണ് നീ?ഇവിടെ ഞാനാണ് ബോസ്സ്’.” അതിനിടെ, അയാളുടെ ചൊൽപ്പടിയിൽ നിൽക്കുന്ന, ഏറാന്മൂളികളായ ഗുസ്തിക്കാർക്ക് വിരമിച്ച ശേഷമുള്ള പ്രധാന തസ്തികകളിൽ നിയമനം പ്രതിഫലമായി ലഭിക്കും.
ഉഷയ്ക്ക് ഈ സംവിധാനം അറിയേണ്ടതാണ്. സ്ഥാപനങ്ങളും ചിലരുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളും തമ്മിലും നിയമനവും കോ-ഓപ്‌ഷനും തമ്മിലുമെല്ലാം ഉള്ള വ്യത്യാസം അവര്‍ തിരിച്ചറിയേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. ജന്തര്‍ മന്ദർ ആവശ്യപ്പെടുന്ന ‘മാറ്റത്തിന്റെ’ചുക്കാന്‍ പിടിക്കാന്‍ ലഭിച്ച അവസരം ഉഷ കൈവിട്ടു.’ഗ്രാന്‍ഡ് പോഡിയം’ ഒരിക്കല്‍ കൂടി അങ്ങനെ അവരുടെ കൈവിട്ടു പോയി.