കേരളത്തിലെ മന്ത്രിസഭ അംഗീകരിച്ച ആരോഗ്യനയത്തിന്റെ കരട് പുനഃപരിശോധിക്കുന്നതിന് കഴിഞ്ഞ ദിവസം അവസാനിച്ച ലോക പ്രതിരോധകുത്തിവെയ്പ്പ് വാരം മികച്ച അവസരമാണ് തുറന്നിട്ടത്. കുട്ടികളെ പ്രൈമറി സ്‌കൂളിലേക്ക് ചേര്‍ക്കുമ്പോള്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതാണ് നിലവില്‍ രൂപീകരിച്ചിരിക്കുന്ന കരട് നയം. വിദ്യാഭ്യാസത്തെയും പ്രതിരോധ കുത്തിവെപ്പിനെയും ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നത് പുതിയ സംവാദത്തിനാകും തുടക്കം കുറിക്കുക. വ്യക്തിപരമായ ഇഷ്ടത്തിനാണോ അതോ പൊതുജനാരോഗ്യത്തെയാണോ കണക്കിലെടുക്കേണ്ടത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ചില വാക്‌സിനുകള്‍ സൃഷ്ടിച്ചേക്കാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് പ്രതിരോധ കുത്തിവെപ്പുകള്‍ സഹായകമാകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആരോഗ്യമുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് വഴി പകര്‍ച്ചവ്യാധികള്‍ക്കെതിരെ സാമൂഹികമായ പ്രതിരോധ ശേഷി(herd immunity)സാധ്യമാക്കാനാവും എന്നതാണ് പുതിയനയം നടപ്പിലാക്കുന്നതിലൂടെയുള്ള മെച്ചം. എന്നാല്‍ കുട്ടിക്ക് കുത്തിവെപ്പ് നല്‍കുന്നതിന് രക്ഷിതാവ് വിസമ്മതിക്കുകയാണെങ്കില്‍ അത് പൊതുപ്രതിരോധശേഷിക്കും(collective immunity) വിശാല പൊതുജനാരോഗ്യമെന്ന അനുശാസനത്തിന് വിഘാതമായി മാറും.

എന്നിരുന്നാലും നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത വാക്‌സിനേഷന്‍ മാര്‍ഗ്ഗങ്ങളില്‍ നിന്ന് മിക്ക സര്‍ക്കാരുകളും പൊതുവേ വിട്ടു നില്‍ക്കുകയാണ് ചെയ്യുന്നത്. ആരോഗ്യമുള്ള കുട്ടികളിലൂടെ ആരോഗ്യമുള്ള നാട് സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് വ്യക്തികളെ ബോധവത്കരിക്കുകയെന്ന മാര്‍ഗ്ഗമാണ് നിലവില്‍ തുടരുന്നത്. ബിഹേവിയറല്‍ ചെയ്ഞ്ച് കമ്യൂണിക്കേഷന്‍ രീതിയാണ് ഇതിനായി അവലംബിക്കുന്നത്. ഇന്ത്യ വിജയകരമായി നടപ്പിലാക്കിയ പോളിയോ നിര്‍മ്മാര്‍ജ്ജനമാണ് ഇതിന് ഉത്തമ ഉദാഹരണമായി രാജ്യാന്തര സമൂഹം തന്നെ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി ബോധവത്കരണം നടത്തിയതിനെ തുടര്‍ന്നാണ് പോളിയോ നിര്‍മ്മാര്‍ജ്ജനം സാധ്യമായത്. ഇതുപോലെയുള്ള പ്രചരണ/ ബോധവത്കരണ പദ്ധതികളാണ് വാക്‌സിനേഷനെതിരെയുള്ള കുപ്രചരണങ്ങളെ തുരത്തുന്നതിന് ആവശ്യം. മീസില്‍സ് റുബെല്ലാ വാക്‌സിനെതിരെ മലപ്പുറത്ത് നടന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ഇതിന് ഉദാഹരണമാണ്. മലപ്പുറത്തെ സംഭവ വികാസങ്ങള്‍ കൂടി കണക്കിലെടുത്താണ് നിലവിലെ കരട്‌നയത്തിന്റെ രൂപീകരണം.
വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിക്കേണ്ട ജനാധിപത്യ സര്‍ക്കാരുകള്‍ എന്തുകൊണ്ടാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്? അധികാരപ്രയോഗത്തിലൂടെയുള്ള നയം നടപ്പാക്കല്‍ ദീര്‍ഘകാലാടിസ്ഥാന ത്തില്‍ പരാജയപ്പെടുമെന്ന ആഗോള അനുഭവത്തില്‍ നിന്നാണ് ഈ സമീപനമെന്നാണ് ഈ ചോദ്യത്തിന് ഏറ്റവും ലളിതമായി ഉത്തരം നല്‍കാനാവുക. അധികാരം ഉപയോഗിച്ച് നടപ്പിലാക്കുകയെന്ന നയം സ്വീകരിക്കുന്നത് വാക്‌സിനേഷന്‍ സംബന്ധിച്ച് ആശങ്കയുള്ളവരെ പോലും കടുത്ത വാക്‌സിന്‍ വിരുദ്ധരാക്കിമാറ്റിയേക്കാനുള്ള സാധ്യത കൂടുതലാണ്. എന്റെ കുട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ള ഒരു കാര്യം ഭരണകൂടം നിര്‍ബന്ധമായി നടപ്പിലാക്കുന്നത് എന്തിനാണ്? സ്‌കൂള്‍ പ്രവേശനവുമായി ഇതിനെ കൂട്ടിക്കെട്ടുന്നത് എന്തിനാണ്? ഇത്തരത്തിലുള്ള ഭയാശങ്കകള്‍ക്ക് മാത്രമേ നിര്‍ബന്ധിത വാക്‌സിനേഷന്‍ വഴി തെളിക്കുകയുള്ളൂ. തുടര്‍ച്ചയായ പ്രചരണങ്ങളിലൂടെ അവരുടെ അഭിപ്രായത്തെ സ്വാധീനിക്കുകയാണ് ഇത്തരം കാര്യങ്ങളില്‍ ഫലവത്തായ മാര്‍ഗ്ഗം.vaccination,kerala

രാജ്യാന്തര തലത്തില്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ ഇതുവരേയ്ക്കും പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. യുഎസില്‍ പൊതു സ്‌ക്കൂളുകളില്‍ പ്രവേശനം നേടുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കിലും ന്യായമായ കാരണങ്ങളിന്മേല്‍ ഈ നിയമത്തില്‍ ഇളവ് പല സംസ്ഥാനങ്ങളും അനുവദിക്കാറുണ്ട്. ഓസ്‌ട്രേലിയയില്‍ പ്രീ- സ്‌കൂള്‍ പ്രവേശനത്തിന് പുറമേ പതിനെട്ട് മാസം മെറ്റേണിറ്റി അലവന്‍സ്, ശിശുപരിചരണ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അല്‍പ്പം കൂടി ഉദാരമായ നയങ്ങളാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇപ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ വാക്‌സിനേഷന്‍ നയങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പ്രീ-സ്‌കൂളില്‍ ചേര്‍ക്കുന്നതിനായി വാക്‌സിന്‍ നിര്‍ബന്ധമാക്കുക മാത്രമല്ല, വാക്‌സിനെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 7,500 യൂറോ( ഏകദേശം 6 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ഏര്‍പ്പെടുത്തി ഇറ്റലി നിയമം കൊണ്ടുവന്നിരുന്നു. വാക്‌സിനെടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്കെതിരെ ഫ്രാന്‍സും നിയമം ശക്തമാക്കിയിട്ടുണ്ട്.

1853 ലെ വാക്‌സിനേഷന്‍ നിയമം വഴി ബ്രിട്ടനാണ് നിര്‍ബന്ധിത വാക്‌സിനേഷനെന്ന ആശയം നടപ്പിലാക്കിയത്. വസൂരി വ്യാപകമായതിനെ തുടര്‍ന്നായിരുന്നു വാക്‌സിനേഷന്‍ നിയമത്തിന്റെ പിറവി. വാക്‌സിന്‍ നിരസിക്കുന്നവര്‍ക്ക് ഒരു പൗണ്ട് പിഴയും അന്ന് ഏര്‍പ്പെടുത്തിയിരുന്നു. ബലപ്രയോഗത്തിലൂടെ നിയമം നടപ്പിലാക്കുന്നതിനോട് വിമുഖത പുലര്‍ത്തുന്ന നയമാണ് ബ്രിട്ടന്‍ സ്വീകരിച്ചത്. സ്വീഡന്‍,നോര്‍വേ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളും സമാന നയമാണ് സ്വീകരിച്ചത്.

ദൗര്‍ഭാഗ്യവശാല്‍, സ്വയം സന്നദ്ധ വാക്‌സിനേഷനെക്കാള്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ മാര്‍ഗ്ഗങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പ്രതിരോധനിരക്കിനെ കൂടുതല്‍ സ്വാധീനിച്ചു എന്ന് സമര്‍ത്ഥിക്കാന്‍ നമുക്ക് കൃത്യതയാര്‍ന്ന ഒരു പഠന റിപ്പോര്‍ട്ട് പോലുമില്ല( gold standard evaluations). കുട്ടികള്‍ക്കുള്ള മൂന്ന് വാക്‌സിനുകള്‍ എടുക്കുന്നതിനെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ അസെറ്റ് ( Action Plan on Science in Society Related Issues in Epidemics and Total Pandemics) ഒരു പഠനം നടത്തിയിരുന്നു. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ 14 രാജ്യങ്ങളെ മറ്റ് പതിനഞ്ച് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ മാര്‍ഗ്ഗങ്ങളാണ് പ്രതിരോധനിരക്കിനെ സ്വാധീനിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. 2007-2013 കാലയളവിലാണ് ഈ പഠനം നടന്നത്. നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമങ്ങളുള്ള രാജ്യങ്ങളിലെ നിരക്ക് വര്‍ധന സാമൂഹ്യ- സാമ്പത്തിക ഘടകങ്ങളെ കൂടി ആശ്രയിച്ചുള്ളതാവാമെന്ന് മറ്റ് പഠന റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നുണ്ട്. അതേസമയം നിര്‍ബന്ധിത മാര്‍ഗ്ഗങ്ങള്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് ആശങ്കകളുള്ളവരെ വാക്‌സിന്‍ സ്വീകരണത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി 2016 ലെ ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.vaccination,kerala

വാക്‌സിന്‍ സംബന്ധിച്ച രക്ഷിതാക്കളുടെ അഭിപ്രായത്തെ വ്യക്തി-സമൂഹ-പരിസ്ഥിതി ഘടകങ്ങള്‍ സ്വാധീനിക്കുന്നുവെന്നാണ് ഈ പഠനങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. വളരെ ചെറിയ കമ്യൂണിറ്റിയില്‍പോലും വാക്‌സിന്‍ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നത് ദൂരീകരിക്കാന്‍ കൃത്യമായ പ്രചരണ പരിപാടികളിലൂടെ (behavioural change interventions)മാത്രമേ സാധിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ ഇത്തരം പ്രദേശങ്ങളില്‍ രോഗപ്രതിരോധ നിരക്ക് ഉയര്‍ത്തുന്നതിന് സാധിക്കുകയുള്ളു.

ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളാണ് വാക്‌സിനേഷനെയും വിദ്യാഭ്യാസത്തെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതെന്ന വസ്തുത ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സാക്ഷരതയുടെ കാര്യത്തിലും മറ്റ് സാമൂഹിക- സാമ്പത്തിക ഘടകങ്ങളിലും ഇവ ഇന്ത്യയെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങുടെ പ്രതിരോധശേഷിനിരക്ക് കൈവരിക്കണമെന്ന് ഇന്ത്യ ആഗ്രഹിച്ചുകൂടാ എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല. എന്നിരുന്നാലും, ഈ ലക്ഷ്യം കെവരിക്കാന്‍ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച രീതി ഇത്തരം രാജ്യങ്ങള്‍ സ്വീകരിച്ച പാത ആവണമെന്നില്ല. വികസിത രാജ്യങ്ങളിലെ രോഗപ്രതിരോധശേഷി നിരക്ക് സംബന്ധിച്ച് 2018 ലെ ഒരു ശാസ്ത്ര ലേഖനത്തിലെ കണ്ടെത്തല്‍ ശ്രദ്ധേയമാണ്. “വാക്‌സിനേഷന്‍ സംബന്ധിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയെന്നത് കുത്തിവെയ്പ്പ് എടുത്ത ജനങ്ങളുടെ അനുപാതം വര്‍ധിപ്പിക്കുന്നത് പോലെയാണെന്നാണ്”.

കുട്ടിക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാതിരിക്കുമോ എന്ന ഭയവും ആശങ്കയും ഒഴിവാക്കിക്കൊണ്ട് , പ്രതിരോധ കുത്തിവെയ്പ്പ് ശീലമാക്കുകയെന്ന സ്വഭാവം രക്ഷിതാക്കളില്‍ വളര്‍ത്തിയെടുക്കുകയെന്നതാണ് കേരളം പോലെ ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം ശ്രദ്ധിക്കേണ്ടത്. ‘ദി ഡെവിള്‍ ആന്റ് മിസ്സ്.പ്രൈ’മില്‍ ” മാന്യമായി പെരുമാറാന്‍ എനിക്ക് കഴിയുമെന്ന് നീ വിശ്വസിച്ചത് കൊണ്ട് ഞാന്‍ അങ്ങനെ തന്നെ ചെയ്തു” എന്ന് പൗലോ കൊയ്‌ലോ പറയുന്നത് പോലെയാണിതും. ജനങ്ങളെ വാക്‌സിനേഷനായി പ്രോത്സാഹിപ്പിക്കുന്നതാവും അധികാരപ്രയോഗത്തിലൂടെ അനുസരിപ്പിക്കുന്നതിനെക്കാള്‍ നല്ലതെന്നതില്‍ തര്‍ക്കമില്ല.

പരിഭാഷ: റീനു മാത്യു

Read More: ഈ  ലേഖനം ഇംഗ്ലീഷിൽ വായിക്കാം:A nudge is better than a push

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook