ഒറ്റ തലക്കെട്ടിനുള്ളിൽ ഒതുങ്ങാത്ത സംജ്ഞയാണ് തൊഴിലിടങ്ങളിലെ സ്ത്രീ. ഒരേ യൂണിറ്റ് വെച്ചളക്കാനാകാത്ത പ്രതിസന്ധികളും ചൂഷണങ്ങളും പല ഘടകങ്ങൾക്കും തലക്കെട്ടുകൾക്കും കീഴിൽ അണിനിരന്ന് നിൽക്കുന്നത് കാണാം. ഏത് തൊഴിലിടങ്ങളെന്നും, ഏത് വർണ- വർഗ- ജാതി മൂലധനമുള്ള സ്ത്രീയെന്നതിനുമനുസരിച്ച് വ്യത്യാസപ്പെടുമെന്നേയുള്ളൂ, അനീതിയുടേയും പ്രതിസന്ധിയുടേയും അടയാളപ്പെടുത്തലുകളില്ലാത്ത തൊഴിലിടമില്ലെന്നതാണ് സത്യം.

തൊഴിലിടം എന്ന ‘ഫ്രെയിം ഓഫ് റഫറൻസ്’ മറ്റേതൊരു പൊതുവിടവുമെന്ന പോലെ തന്റേതാക്കിയെടുത്തിട്ടുണ്ട് എന്നതാണ് ചരിത്രപരമായി ആണധികാരം നിറവേറ്റിയ പല ദൗത്യങ്ങളിൽ ഒന്ന്. ആണിന് വേണ്ടി നിലനിൽക്കുന്ന ഭൗതിക സാഹചര്യങ്ങൾ, വേതന ആനുകൂല്യങ്ങൾ, മാനസികാന്തരീക്ഷങ്ങൾ, മുൻതൂക്കങ്ങൾ എന്നിവയൊന്നും പ്രകടമാവാത്ത തൊഴിലിടമെന്നത് നൂറിലൊരു ദശാംശമെന്ന് ചുരുക്കിയേ വായിക്കാനാവൂ.

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വിദ്യാഭ്യാസം നേടുന്ന ഇക്കാലത്ത് ഇതൊക്കെ എടുത്തു പറയേണ്ടതുണ്ടോ എന്ന് കുറ്റകരമായ നിഷ്കളങ്കതയോടെ ചോദിക്കുന്നവരുണ്ടാകും. മറുപടിയെ കീറി മുറിച്ചു കൊണ്ട് തന്നെ പുനരവതരിപ്പിക്കാം.

ഒന്നാമതായി സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ വിദ്യാഭ്യാസം നേടുക എന്നതിപ്പോഴുമൊരു വസ്തുനിഷ്ഠയാഥാർത്യമായിട്ടില്ല. മധ്യവർഗത്തെ സംബന്ധിച്ചോ ഉപരിവർഗത്തെ സംബന്ധിച്ചോ കേരളത്തിലെങ്കിലും ഇത് ശരിയായിരിക്കാം. അപ്പോഴും ഇഷ്ടമുള്ള കോഴ്സ് പഠിക്കാനോ ഇഷ്ടമുള്ള കാലം വരെ പഠിക്കാനോ ഉള്ള പ്രിവിലേജുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ അല്ല. ഈ വർഗ വിഭജിത രാജികളിൽ താഴേക്കിടയിൽ തുടരേണ്ടി വരുന്നവരിൽ പ്രാഥമിക വിദ്യാഭ്യാസത്തിനടക്കം മുൻതൂക്കം ലഭിക്കുന്നുവെങ്കിൽ അത് ആൺകുട്ടികൾക്കാവുന്നതും തഴയപ്പെടുന്നത് പെൺകുട്ടികളാവുന്നതും യാദൃശ്ചികമല്ല.

‘ഒരേ പോലെ ‘ ആൺകുട്ടികളും പെൺകുട്ടികളും പരിഗണിക്കപ്പെടുന്ന ക്ലാസ് മുറികളോ അക്കാദമിക സമൂഹമോ നമുക്കില്ലെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഒരു പോലെ ജോലി ചെയ്യുന്നു എന്ന പറച്ചിൽ അസത്യമാണ്.

ഒരേ ജോലിക്ക് വിവിധ വേതനങ്ങളും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നുണ്ട്. തന്ത്രപ്രധാനമായ ഇടങ്ങളിൽ, തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്ന ഇടങ്ങളിൽ തന്നെത്തന്നെ പ്രതിഷ്ഠിക്കാനുള്ള ആണത്ത വെമ്പലിന്‍റെ ഉദാഹരണങ്ങൾ കൂടെയാണ് തൊഴിലിടങ്ങൾ പലതും. വാർത്താവതാരക സ്ത്രീ ആയേക്കാം.പക്ഷേ ഏത് വാർത്ത വരണമെന്ന് തീരുമാനിക്കുന്ന വിരലുകളിപ്പോഴും ആണിന്റേതാവുന്നത് നിത്യജീവിതക്കാഴ്ചയാണ്. ഓഫീസുകളിലും സിനിമയടക്കമുള്ള ഇൻഡസ്ട്രിയിലും കൂലിപ്പണിയിടങ്ങളിലുമൊക്കെ പ്രകടമാവുന്ന ഈ കർതൃത്വാവകാശം പെണ്ണിന് ലഭിക്കാറില്ല ഭൂരിഭാഗം സമയത്തും.

തന്റേതായ സമരം കൊണ്ട് ഇതിനെയൊക്കെ അതിജീവിച്ച ,തൊഴിലിടത്തിന്‍റെ ന്യൂക്ലിയസ് ആയിത്തീർന്ന സ്ത്രീകളുണ്ടെന്നത് വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ആ യാത്രയ്ക്ക് അവരുപയോഗിക്കേണ്ടി വരുന്നത് അധ്വാനത്തിന്‍റെയും സമരത്തിന്‍റെയും എത്രയോ അധിക മൂലധനമാണെന്ന യാഥാർത്ഥ്യത്തെയാണ്. ആണിടമെന്ന ‘ഫ്രെയിം ഓഫ് റഫറൻസ്’ ജോലിയിലെ സാധ്യതകൾ ആണിന് സ്വാഭാവികമായി നൽകുമ്പോൾ പെണ്ണിനത് നിരന്തര സമരത്തിലൂടെ മാത്രമേ സാധ്യമാകുന്നുള്ളൂ എന്നത് കാണാതിരിക്കാനാവില്ല.

jipsa puthuppanam, womens day

‘ഇൻവിസിബിൾ ഗ്ലാസ് സീലിങ്’ എന്നൊന്നുണ്ട്. പ്രിവിലേജ് അനുഭവിക്കുന്നവർക്ക് അത് മനസിലായിക്കൊള്ളണമെന്നില്ല. പ്രിവിലേജ് ഇല്ലാത്തവർക്ക് പല തലത്തിൽ പല തരങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളുടെ ഒരദൃശ്യ മതിൽ.

അതിലൂടെ കടന്നു പോകുന്നവർക്ക് മാത്രം തൊട്ടറിയാവുന്ന അനുഭവങ്ങളാണത്. ഒരാൾക്കും വിവരിച്ചു നൽകാൻ പോലും സാധിക്കണമെന്നില്ല. അതു കൊണ്ടാണ് തൊഴിൽ ചെയ്യുന്നത് ആണിന് ജീവിക്കലാണെങ്കിൽ പെണ്ണിന് അതിജീവിക്കലാവുന്നത്. അതിജീവിച്ച സ്ത്രീകൾ ഇതിനെ മറികടക്കാനായവരാണ്. ഇതൊക്കെ മറികടക്കാനുള്ള മൂലധനം പലപ്പോഴും അവർക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്‍റെയോ വർഗപരമോ ജാതിപരമോ ആയ ഘടകങ്ങളുടെ സംഭാവനയോ ആണ് പലപ്പോഴും. അപ്പോൾ ഈ മൂലധനങ്ങളുടെ ലഭ്യതകളവകാശപ്പെടാനില്ലാത്ത സ്ത്രീക്ക് ഈ മറികടക്കലുകൾ എത്രയോ ഇരട്ടി ഭാരമുള്ളതാവുന്നു.അതു കൊണ്ട് തൊഴിലിടങ്ങളുടെ മുഖ്യധാരയിൽ സ്ത്രീയെവിടെ, ദളിത് സ്ത്രീയെവിടെ, ദരിദ്രയായ ദളിത് സ്ത്രീയെവിടെ എന്നൊക്കെ മാറി മാറി ചോദിക്കേണ്ടി വരുന്നു.

പെണ്ണിന് തൊഴിലിടങ്ങളിലേക്കുള്ള സാന്നിധ്യമാവൽ ഒരു സമരമാണ്. അവിടെ നിലനിൽക്കൽ മറ്റൊരു സമരമാണ്.

ഭൗതികമായ സാഹചര്യങ്ങൾ പലപ്പോഴും അനുകൂലമാവാറില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. വൃത്തിയുള്ള ബാത്റൂമുകളോ റെസ്റ്റ് റൂമുകളോ നിലവിലില്ലാത്ത ഇടങ്ങളുണ്ട്. മുലയൂട്ടുന്നവരായ സ്ത്രീകൾക്ക് അതിനുള്ള സൗകര്യങ്ങളുണ്ടോ എന്ന ചോദ്യത്തെ മുലയൂട്ടുന്ന സ്ത്രീകൾ ജോലിക്ക് വരണോ എന്നുത്തരം പറഞ്ഞൊതുക്കാനാണ് സമൂഹത്തിന് താൽപര്യം. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ കൂടി ഒരുക്കിയാൽ മതിയെന്ന ഇൻക്ലൂസീവ് മറുപടി അറിയാഞ്ഞിട്ടോ സാധ്യമാവാഞ്ഞിട്ടോ അല്ല, വേണമെന്ന് തോന്നാറില്ല പലയിടങ്ങൾക്കും. രാവിലെ ജോലിക്ക് കയറിയാൽ തിരിച്ചിറങ്ങും വരെ മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത സമയ ബാധ്യതകളാണ് ഞങ്ങൾക്ക് മുകളിലെന്ന് സെയിൽസ് ഗേളുകൾ വിളിച്ചു പറഞ്ഞ സമര സമയങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകൾ തൊഴിൽ മേഖലാ ചൂഷണങ്ങൾ എണ്ണിക്കാട്ടി നമ്മളെ പൊള്ളിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ മാലാഖമാരെന്ന വിളിപ്പേരൊക്കെ കയ്യിൽ വെച്ചോളൂ, ഞങ്ങൾക്ക് അർഹിക്കുന്ന വേതനം വേണമെന്നതിന് നഴ്സ്മാർക്ക് ചെയ്യേണ്ട സമരം ആജീവനാന്തമെന്ന പോലെ നിൽപ്പുണ്ട്.

തൊഴിലിടത്തിലെ ലൈംഗികമായ ആക്രമണങ്ങൾ മാത്രമല്ല ലൈംഗികച്ചുവയുള്ള സംസാരവും സെക്ഷ്വൽ ഫേവറുകൾ ആവശ്യപ്പെടുന്നതുമൊക്കെ നിയമപരമായി കുറ്റമെന്ന് നിർവചിക്കപ്പെട്ട നാടാണിത്. ഇന്റേണൽ കംപ്ലൈയ്ന്റ്സ് കമ്മറ്റി അടക്കം നിർബന്ധമാക്കപ്പെട്ട നാട്. എന്നിട്ടും തൊഴിലിടങ്ങളിലെ സെക്ഷ്വൽ ഹരാസ്മെന്റ് പറഞ്ഞാലും എഴുതിയാലും തീരാത്ത പരമ്പരയായി തുടരുന്നു. തീൻമേശകളെയും വിശ്രമമുറികളേയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ അടക്കി ഭരിക്കുന്നു. നിവൃത്തികേടുകളും ഗതികേടുകളുമടക്കം മുതലെടുക്കപ്പെടുന്നു.

jipsa puthuppanam, womens day

ഇത്തരം അനേകം പ്രതിസന്ധികളെയും മാനസിക സമ്മർദ്ദങ്ങളെയും അതിജീവിച്ചു കൊണ്ട് ജോലി ചെയ്യുന്ന പെണ്ണുങ്ങൾക്ക് ചെയ്യാൻ അതിലേറെ പ്രധാനപ്പെട്ട മറ്റൊന്ന് കിടപ്പുണ്ട്; കുടുംബം നോക്കൽ. കുടുംബത്തിന്‍റെ സാമ്പത്തികമായ കർതൃത്വം പങ്കുവെക്കുമ്പോഴും അല്ലാത്തപ്പോഴും കുടുംബം നോക്കൽ പെണ്ണിന് മാത്രമായി ‘സംവരണം’ ചെയ്തതാണ് ഇവിടെ.

വീട്ടിലെ വിശപ്പ് ആണിന്‍റെ വിശപ്പായും വീട്ടിലെ അടുക്കള പെണ്ണിന്‍റെ അടുക്കളയായും തുടരുമ്പോൾ വീടും ജോലിയുമെന്ന രണ്ട് ചുമതലകളുടെ ബാലൻസിങ് ആകുന്നു പെണ്ണിന്‍റെ ജീവിതം. ഈ ബാലൻസിങ് സാധ്യമല്ലെങ്കിൽ ജോലി ഒഴിവാക്കി കുടുംബത്തിനകത്ത് കയറൂ എന്നതാണ് പലയിടങ്ങളിലെയും ആണധികാര മുദ്രാവാക്യം.

ജോലിയും വരുമാനവും ഉണ്ടെങ്കിലും സ്വന്തമായി സാമ്പത്തിക വിനിമയം സാധ്യമല്ലാത്ത സ്ത്രീകൾ ധാരാളമാണ്. ഭാര്യമാരുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ മുതൽ എ.ടി.എം കാർഡുകൾ വരെ നിയന്ത്രിക്കാൻ താൽപര്യപ്പെടുന്നവർ ഏറെയുണ്ട്. ജോലി സ്ഥലത്ത് നിന്ന് അവൾ ഇത്തിരി നേരം വൈകിപ്പോയാൽ, ജോലി സ്ഥലങ്ങളിൽ കൂടുതൽ സൗഹൃദങ്ങളുണ്ടായാലൊക്കെ കലഹങ്ങളുടെ വിസിൽ മുഴങ്ങുന്ന പ്രഷർകുക്കറുകളാണ് പല കുടുംബങ്ങളും. ഞാനവളെ അടുക്കളയിൽ ഹെൽപ് ചെയ്യാറുണ്ടെന്ന ഔദാര്യവും മൾട്ടി ടാസ്കിങ്ങ് വുമൺ എന്ന പ്രതിഭാ പട്ടം ചാർത്തലുമൊന്നും മതിയാവില്ല ഈ പ്രതിസന്ധിയെ മറികടക്കാൻ. അതിന് കുടുംബ വ്യവസ്ഥയ്ക്കകത്തെ ആണധികാര ചുവരുകൾ പൊളിച്ച് കളഞ്ഞ് അവിടെ ജനാധിപത്യം സ്ഥാപിക്കപ്പെടേണ്ടതുണ്ട്. തൊഴിലിടങ്ങളിലും കുടുംബത്തിനകത്തുമൊക്കെ ചൂഷണമെന്ന് പറയുമ്പോൾ വ്യക്തിപരമായി അതനുഭവിക്കാത്തവരുണ്ടാകും. പക്ഷേ ആ ന്യൂനപക്ഷത്തിന്‍റെ അനുഭവങ്ങൾ കൊണ്ട് ഒരു വലിയ വിഭാഗത്തിന്‍റെ നിത്യജീവിത സത്യങ്ങളെ നിഷേധിക്കാനാവില്ല എന്ന് ഓർക്കണം.

പകലന്തിയോളം പണിയെടുത്താലും പകുതിക്കൂലി മാത്രം ലഭിക്കുന്ന കൂലിപ്പണിക്കാരായ സ്ത്രീകളുണ്ട്. പ്രിവിലേജുകളനവധി അനുഭവിക്കുമ്പോഴും ചൂഷണങ്ങളനുഭവിക്കേണ്ടി വരുന്ന സിനിമ പോലുള്ള മേഖലകളിൽ ജീവിക്കുന്ന സ്ത്രീകളുണ്ട്. സെക്യൂരിറ്റി ജോലി ചെയ്യുമ്പോൾ ജനലിനുള്ളിലേക്ക് പൈസയെറിഞ്ഞ് കൂടെ കിടക്കാൻ ക്ഷണം കേൾക്കേണ്ടി വരുന്ന സ്ത്രീകളുണ്ട്. പല തരം ചൂഷണങ്ങളുള്ള പല തരം മേഖലകൾ.

പക്ഷേ ഇവിടങ്ങളിലൂടെക്കെ മുൻപേ നടന്ന സ്ത്രീകൾ കടന്നു പോയ ചെറുത്തു നിൽപ്പുകളുടെ ചരിത്രപരമായ മൂലധനം ഇന്നത്തെ ഓരോ പെണ്ണിനുമുണ്ട്. കല്ലെറിഞ്ഞെത്ര ഓടിച്ചാലും ഒഴിവാക്കാനാവാത്ത ഒരു റോസിയുടെ ഓർമയാണ് വുമൺ ഇൻ സിനിമാ കലക്ടീവിൽ എത്തി നിൽക്കുന്നത്.

സ്ത്രീക്കനുയോജ്യമെന്ന് പട്ടം ചാർത്തപ്പെട്ട ഇടങ്ങൾ മാത്രം പോര. ആരുടെയും ഇടങ്ങളെ കയ്യേറുകയല്ല, കയ്യേറ്റ ഭൂമികകളെ തിരിച്ചുപിടിക്കുകയാണ് വേണ്ടത്.  അതേ,നമ്മളാരും ഒറ്റയ്ക്കല്ല,  പോരാടിപ്പോയവരുടെ ഒരു ചരിത്രം നമുക്കൊപ്പം നടക്കുന്നു.

#PressforProgress
#InternationalWomensDay
#IWD2018

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ