ഏതാനും വർഷം മുൻപ് കേരളത്തിലെ പരിസ്ഥിതി സമരങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെപ്പറ്റിയുള്ള ഗവേഷണത്തിൽ കേരളത്തിൻറെ ജൈവ കലവറകളുടെ സംരക്ഷകരായ നിരവധി സ്ത്രീ പോരാളികളെ പരിചയപ്പെടാൻ ഇടയായി. ആധുനിക വിദ്യാഭ്യാസം നേടിയ ആക്ടിവിസ്റ്റുകൾക്ക് മാതൃകയും ആവേശവുമായിത്തീർന്ന ഇവർ പലപ്പോഴും മദ്ധ്യവർഗജീവിതത്തിനു പുറത്തു ജീവിക്കുന്നവരും ആധുനിക വിദ്യാഭ്യാസ-പൊതുമണ്ഡലസാന്നിദ്ധ്യം കുറഞ്ഞവരുമാണെന്നത് കൗതുകകരമായിരുന്നു.

കേരളത്തിലെ പരിസ്ഥിതി സമരങ്ങളിൽ വലിയൊരു ശതമാനവും തുടങ്ങി വച്ചത് സ്ത്രീകളാണെന്ന തിരിച്ചറിവ് അതിലും വലിയ അറിവായി തോന്നി. പിന്നീട് പുരുഷ നേതാക്കളുടെ നിയന്ത്രണത്തിലാകുന്നതോടെ ഒന്നുകിൽ ഈ സ്ത്രീകൾ വിസ്മരിക്കപ്പെടും, അല്ലെങ്കിൽ സമരത്തിൻറെ മാസ്ക്കട്ട് ആയി മാറ്റപ്പെട്ടിരിക്കും–അതായത്, സമരത്തെ പ്രതിനിധീകരിക്കുന്ന നിശ്ചയചിഹ്നമായി ചുരുങ്ങിയിരിക്കും. പ്രകൃതിയോടുള്ള നിരന്തരമായ ഇടപെടലുകളിൽ നിന്ന് അതിലുണ്ടാകുന്ന വിള്ളലുകളെപ്പറ്റിയുള്ള അവബോധം ഈ സ്ത്രീകളെ പ്രതിഷേധങ്ങളിലേക്കു നയിക്കും. പിന്നീട്, സമരത്തിന് വ്യാപ്തിയും ദൃശ്യതയും ഉണ്ടാക്കിയെടുക്കേണ്ട ആവശ്യം ഉയരുന്നതോടെ പുരുഷന്മാർ സമരത്തിൻറെയും സമരവ്യവഹാരത്തിൻറെയും ചുമതല ഏറ്റെടുക്കും – ഇതായിരുന്നു പരിസ്ഥിതിസമരങ്ങളിലെ സ്ത്രീപോരാളികളെപ്പറ്റിയുള്ള ആ പഠനത്തിൽ നിന്ന് ഉയർന്നു വന്ന മുഖ്യ ഉൾക്കാഴ്ച.

ശാന്തിവനത്തിനു വേണ്ടി നടന്നു വരുന്ന സമരത്തെപ്പറ്റിയുള്ള വാർത്തകൾ വായിച്ചപ്പോഴാണ് ഈ പഠനം ഓർമ്മിച്ചത്. അന്ന് ഞങ്ങൾക്ക് അഭിമുഖം നടത്തിയവരായ സ്ത്രീപോരാളികളെ ഭൂമാതാക്കളായി കാണണമോ വേണ്ടയോ എന്നതിനെപ്പറ്റി ഗവേഷണ സംഘത്തിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത്തരം ചിത്രീകരണങ്ങൾ തെറ്റിദ്ധാരണാജനകങ്ങളാണെന്നായിരുന്നു എൻറെ അഭിപ്രായം.

പ്രകൃതിയുമായി സ്വാഭാവിക താദാത്മ്യമുള്ള ഏതോ സ്ത്രൈണസത്തയുടെ വാഹകരാണിവർ എന്ന അവകാശവാദം എന്നെ അസ്വസ്ഥയാക്കി. പ്രകൃതിയെ സ്വന്തം ആത്മത്തിൻറെയും വിഷയിത്വത്തിൻറെയും അവിഭാജ്യഘടകമാക്കിയ, ആത്മീയമെന്നു പോലും വിശേഷിപ്പിക്കാനാവുന്ന, ഇക്കോളജീയ സംസ്കാരത്തിൻറെ വാഹകരാണ് ഇവർ എന്നായിരുന്നു എൻറെ അഭിപ്രായം.

ഞങ്ങളുമായുള്ള അഭിമുഖങ്ങളിൽ ഇവർ പ്രകൃതിയെ കാല്പനികവത്ക്കരിച്ചതായി എനിക്കു തോന്നിയില്ല. നേരെ മറിച്ച്, പ്രകൃതിയെ ആത്മത്തിൻറെ അംശമായിത്തന്നെ തിരിച്ചറിഞ്ഞതു കൊണ്ട് തങ്ങൾക്കു പുറത്തായി സ്ഥിതി ചെയ്യുന്ന മറ്റൊന്നിനെ സംരക്ഷിക്കാനുള്ള സമരങ്ങളായല്ല അവർ പ്രകൃതിസംരക്ഷണസമരങ്ങളെ തിരിച്ചറിഞ്ഞത്. അതായത്, സുഗതകുമാരിയടക്കം പലരും കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിൽ സൃഷ്ടിച്ച സ്ത്രൈണതാവ്യവഹാരം പുൽ-വേർതലത്തിൽ ജീവിക്കുന്നില്ല എന്നായിരുന്നു എന്‍റെ കണ്ടെത്തൽ.

സ്ത്രൈണ ജൈവ ആത്മീയതയെപ്പറ്റി വികാരം കൊള്ളുന്നതും അതിനെ ഹിന്ദുമതത്തോടു ചേർക്കുന്നതും 1980കളിലും 90കളിലും ഒരു ഫാഷൻ തന്നെയായിരുന്നു. ഹിന്ദുത്വവാദം പല്ലും നഖവും കാട്ടി വേട്ടയ്ക്കിറങ്ങിയപ്പോൾ പോലും അതിൻറെ വക്താക്കൾ സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിച്ചില്ല. ഇന്ന് ഒന്നാം ലോക സർവ്വകലാശാലകളിൽ മാന്യത നേടാൻ പാടുപെടുന്ന ഹിന്ദുത്വവാദികൾ ബ്രാഹ്മണമതത്തിൻറെ ഹിംസാത്മകതയെ മറച്ചു പിടിക്കാൻ വളരെ സാധാരണയായി ഉപയോഗിച്ചു വരുന്ന അവകാശവാദമത്രെ ഇത് –സ്ത്രൈണ-ജൈവ ആത്മീയതയുടേതായ ഹിന്ദുമതധാരയെപ്പറ്റിയുള്ള വാഴ്ത്തുവാദം.j devika, shanthivanam

വഴിക്കുളങ്ങര ശാന്തിവനത്തിനായി വർഷങ്ങൾ നീണ്ടു കഴിഞ്ഞ സമരം നടത്തിവരുന്ന മീന, മേൽപ്പറഞ്ഞതു പോലുള്ള ഒരു പരിസ്ഥിതി പോരാളിയാണ് – അതായത്, മീന പ്രതിനിധീകരിക്കുന്നത് ഏതെങ്കിലും ലിംഗവത്കൃതസത്തയെ കവിഞ്ഞു നിൽക്കുന്ന ഇക്കോളജീയ സംസ്കാരത്തെയാണ്. എങ്കിലും അവരുടെ സമരത്തെ സ്ത്രൈണ ജൈവസത്തയുടെ ചെറുത്തുനിൽപ്പായും കെഎസ്ഇബിയെ വികസനവാദ ആണധികാരത്തിൻറെ മൂർത്തീകരണമായും വേണമെങ്കിൽ ചിത്രീകരിക്കാവുന്നതാണ്.

കേരളത്തിൽ ഹിന്ദുവ്യവഹാരം പുഷ്പ്പിച്ചു നിൽക്കുന്ന കാലമായതിനാൽ ഈ സമരം കാവുകൾക്കും വിശ്വാസത്തിനും വേണ്ടിയുള്ള സമരമായി ചിത്രീകരിക്കാനും ഒരുപക്ഷേ എളുപ്പമാണ്. സ്ത്രീകൾക്കു പ്രകൃതിയോടു അഭേദ്യമായ ബന്ധമാണുള്ളതെന്നും ശക്തീസങ്കല്പത്തിൻറെ അന്തഃസത്ത അതാണെന്നും പ്രഖ്യാപിക്കാവുന്നതാണ്. ഇങ്ങനെ ശ്രമമുണ്ടായാൽ അതിനെ സജീവമായിത്തന്നെ ചെറുക്കേണ്ടതുണ്ട്. 1980കളോ 90കളോ ആയിരുന്നെങ്കിൽ അത്തരം ശ്രമം നാം പ്രതീക്ഷിക്കേണ്ടതുമായിരുന്നേന്നെ.

പക്ഷേ മറ്റെന്തു വെല്ലുവിളിയെ നേരിടേണ്ടി വന്നാലും ഹിന്ദുത്വവാദികളുടെ പക്ഷത്തു നിന്ന് ഇന്ന് ഇത്തരമൊരു വായന ഉണ്ടാവുകയും അവർ മീനയെ ഭൂമാതാവായി ദത്തെടുക്കുകയും ചെയ്യുമെന്നും ഞാൻ തീരെ ഭയക്കുന്നില്ല. അഥവാ അങ്ങനെ വല്ല നീക്കവുമുണ്ടായാൽ അത് അല്പായുസ്സായ നാടകം മാത്രമാകാനാണിട. കാരണം, ഹിന്ദുത്വ പ്രത്യയശാസ്ത്രം വിശ്വാസത്തെയല്ല, വീരാരാധനയെയാണ് ഊന്നുന്നത്. തികച്ചും പാശ്ചാത്യമായ ജീവിതശൈലി പിൻതുടർന്നു കൊണ്ട് ചില ചില്ലറ ആചാരങ്ങൾ പാലിച്ചാൽ, ചില പ്രത്യേക ദൃശ്യപ്പെടൽ ശീലങ്ങൾക്കു വഴങ്ങിയാൽ (ഉദാഹരണത്തിന്, ഹിന്ദുസംസ്കാരമെന്നു തിരിച്ചറിയപ്പെടുന്ന ചില വസ്ത്രധാരണവും മറ്റും സ്വീകരിച്ചാൽ), ജാതിരീതികളെയോ, ജാതീയ അഭിരുചികളെ മാത്രമെങ്കിലും, സ്വീകരിച്ചാൽ – നിങ്ങൾ ഹിന്ദുവായി എണ്ണപ്പെടും.j devika, shanthivanam

കേരളത്തിലെ കാവുകളിലും സവിശേഷമായ ജൈവ-പ്രകൃതിലോകത്തിലും വേരോടിയിരുന്ന (ഹിന്ദുവെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ട) സംസ്കാരമല്ല ഹിന്ദുത്വവാദം. അത് കേരളീയ ഇക്കോളജീയ പരിസരങ്ങൾക്ക് തികച്ചും അന്യമാണ്. ഇന്ത്യയിലിന്ന് സകല പ്രകൃതിവിഭവങ്ങളും കൈയ്യടക്കാൻ കച്ചകെട്ടിയിരിക്കുന്ന മുതലാളിത്തത്തിൻറെ തീരാത്ത ആർത്തിയെ തടയാൻ യാതൊന്നും അതിൻറെ കൈവശമില്ലെന്നു മാത്രമല്ല, ആ ശക്തിയുടെ വലംകൈ തന്നെയാണ് ഹിന്ദുത്വവാദം. വിശ്വാസത്തെ അധികാരലബ്ദ്ധിക്ക് ഉതകുന്ന ജഡവിഭവമായി മാത്രം കാണാനേ ഹിന്ദുത്വവാദത്തിനു കഴിയൂ.

അതുകൊണ്ട് മീനയുടെ സമരത്തിന് പിന്തുണയുമായി വിശ്വാസസംരക്ഷകരായ കുലസ്ത്രീകൾ അണിനിരക്കാൻ ഇടയില്ല. അയ്യപ്പൻ എന്ന ദേവൻറെ ചാരിത്ര്യത്തെ ഓർത്ത് അവർ പൊഴിച്ച കണ്ണുനീർ വിശുദ്ധവനങ്ങൾക്കായി വീഴാനിടയില്ല (ശബരിമലവിഷയത്തിൽ തന്നെ, ദേവൻറെ ബ്രഹ്മചര്യമല്ലാതെ മറ്റൊരു വിഷയവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ പേമാരിക്കാലം ഭഗവാൻറെ പൂങ്കാവനത്തിനുണ്ടാക്കിയ ക്ഷതം ആർക്കും ഒരു പ്രശ്നം പോലുമായിരുന്നില്ല).

രാഷ്ട്രീയക്കളിയിൽ എടുത്തുപ്രയോഗിക്കാവുന്ന അസ്ത്രം ഭഗവാനാണ്, ഭഗവാൻ മാത്രമാണ്.  ഇവിടുത്തെ ഹിന്ദുത്വവാദിനികളടക്കം ഇവരെല്ലാം പ്രകൃതിയോടും ശക്തിസങ്കല്പത്തോടും ചേർന്നു നിൽക്കുന്ന സ്ത്രീസങ്കല്പത്തെ പുണരണമെങ്കിൽ മറ്റു സമുദായങ്ങളെ ആക്രമിക്കാനും തകർക്കാനുമുള്ള സാഹചര്യമുണ്ടാകണം. അതുണ്ടെങ്കിൽ സ്ത്രീശക്തി രൗദ്രഭാവത്തിൽ ഹിന്ദുസ്ത്രീസംരക്ഷണത്തിനായി ചാടിയിറങ്ങും. അതെല്ലെങ്കിൽ നശിപ്പിക്കപ്പെടുന്ന കാവുകളിലെ ദേവതകളെ രാഷ്ട്രീയചന്തകളിൽ വിറ്റു കാശാക്കാനുള്ള സാഹചര്യം ഉളവാകണം. അപ്പോൾ സ്ത്രീശക്തി ഭഗവാന്മാരുടെ ചാരിത്ര്യസംരക്ഷണത്തിനായി അണിനിരക്കും. ഈ രണ്ടു സാഹചര്യങ്ങളും തത്ക്കാലം കേരളത്തിൽ ഇല്ലാത്തതിനാൽ മീനയ്ക്ക് തുണ ഇവിടുത്തെ എതിർ-സിവിൽ സമൂഹം തന്നെ.

Read More Articles by J Devika Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook