നീതിക്കായുളള സ്ത്രീകളുടെ ശബ്ദം ഉയർന്ന വര്‍ഷമായാണ് 2017 രേഖപ്പെടുത്തപ്പെട്ടത്. ലോകത്താകമാനമുള്ള സ്ത്രീകള്‍ ജോലിസ്ഥലത്തും പൊതുവിടങ്ങളിലും തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വര്‍ഷം. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തിലും മലയാള സിനിമയിലും സ്ത്രീകള്‍ ഒന്നിച്ചു കൂടിയ വര്‍ഷം. കേരളത്തിൽ രൂപംകൊണ്ട വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് (ഡബ്ല്യൂ സി സി) എന്ന കൂട്ടായ്മ ആണ്‍ ലോകത്തെ തെല്ലൊന്നുമല്ല ആലോസരപ്പെടുത്തിയത്. ഏറ്റവുമൊടുവിലായി നടി പാര്‍വ്വതിയെക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തിയും അതിനു പിന്നാലെ വിമന്‍ ഇന്‍ സിനിമാ കളക്റ്റിവിന്‍റെ ഫേസ്ബുക്ക്‌ പേജിനെ റേറ്റിങ് കുറയ്ക്കാൻ അവിരാമം അധ്വാനിച്ചുമാണ് ഇവിടുത്തെ ആണ്‍ ലോകം സന്തോഷം കണ്ടെത്തുന്നത്. ഇതിനൊന്നും തങ്ങളെ തളര്‍ത്താനാവില്ല എന്ന് നിലപാട് വ്യക്തമാക്കി ഡബ്ല്യൂ സി സിയും മുന്നോട്ട് പോകുന്നു. അതായത് കഴിഞ്ഞ വർഷം ഉയർന്നു കേട്ട, നീതിക്കായുളള ഉറച്ച സ്ത്രീ ശബ്ദങ്ങൾ വരുംനാളുകളിൽ വീണ്ടും വീണ്ടും ഉയരുകയും വ്യാപിക്കുകയും ചെയ്യുമെന്ന് ഉറപ്പുകൂടെയാണ്.

ഹോളിവുഡില്‍ പുതുവര്‍ഷം പിറന്നത്‌ ഒരു കൂട്ടം സ്ത്രീകളുടെ സമത്വത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ആരവങ്ങള്‍ക്കിടയിലാണ്. സിനിമാ വിനോദ മേഖലയിലെ ആയിരത്തോളം വരുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രശസ്തരും അപ്രശസ്തരുമായ മൂന്നൂറ് സ്ത്രീകള്‍ ചേര്‍ന്ന് എഴുതിയ ഒരു കത്ത് ന്യൂ യോര്‍ക്ക്‌ ടൈംസില്‍ പ്രസിദ്ധീകരിച്ച് കൊണ്ടാണ് അവര്‍ തങ്ങളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും തുടക്കം കുറിച്ചത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങളെയും ശാരീരികമായും സാമ്പത്തികമായും അനുഭവിക്കുന്ന ഭീഷണികളെയും കുറിച്ചുള്ള തുറന്നു പറച്ചിലുകളുടെ അനിവാര്യതയില്‍ തുടങ്ങി, മാധ്യമങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അവര്‍ പ്രതീഷിക്കുന്ന പിന്തുണ, കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്ന നിലപാടുകള്‍, അവരുടെ ആശങ്കകള്‍, തൊഴിലിടങ്ങളില്‍ അക്രമമോ വിവേചനമോ നേരിടുന്ന സ്ത്രീകള്‍ക്ക് നല്‍ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് രൂപീകരിച്ച ‘ലീഗല്‍ ഫണ്ട്‌’, എന്നിവയെ കുറിച്ചുളള നിലപാട് വ്യക്തമായി   പറയുന്ന  കത്ത് ആണത്.  സ്ത്രീകള്‍ക്ക് വേണ്ടി പോരാടുന്നവരും അതിനെ എതിര്‍ക്കുന്നവരും സാക്ഷിയായി നിലകൊള്ളാന്‍ തീരുമാനിച്ചിരിക്കുന്നവരുമെല്ലാം വായിച്ചിരിക്കേണ്ട ഒന്ന്.

പ്രിയ സഹോദരിമാരെ,

സിനിമാ, ടെലിവിഷന്‍, നാടക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം സ്ത്രീകളെ പ്രതിനിധീകരിച്ചാണ് ഞങ്ങള്‍ ഈ കുറിപ്പെഴുതുന്നത്. നമ്മുടെ വിനോദവ്യവസായ മേഖലയില്‍ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ഗുരുതരമായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ധീരമായ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായത് ഏതാണ്ട് രണ്ട്  മാസങ്ങള്‍ക്ക് മുന്‍പാണല്ലോ. ദൗര്‍ബല്യങ്ങളും പ്രതിസന്ധികളും മാത്രം കൂടെയുണ്ടായ അക്കാലയളവില്‍ ശക്തമായ ഒരു സന്ദേശം ഞങ്ങള്‍ക്ക് നല്‍കി അനുതാപപൂര്‍വം ഞങ്ങളോടൊപ്പം നിന്ന ദേശീയ വനിതാ കാര്‍ഷിക തൊഴിലാളിസഖ്യത്തിന് (the National Farmworker Women’s Alliance) ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

സഖ്യത്തിലെ അംഗങ്ങളോടും രാജ്യമെമ്പാടുമുള്ള മറ്റു സ്ത്രീ തൊഴിലാളികളോടും ഞങ്ങള്‍ക്ക് പങ്കുവെക്കാനുള്ളത് നന്ദി മാത്രമല്ല. നാം ഒരുപോലെ തങ്ങളുടെ തൊഴിലിടങ്ങളില്‍ അധികാരികളില്‍ നിന്നും നേരിടുന്ന അക്രമങ്ങളെയും ശാരീരികമായും സാമ്പത്തികമായും അനുഭവിക്കുന്ന ഭീഷണികളെയും കുറിച്ചുള്ള തിരിച്ചറിവ് കൂടിയാണ്. തുറന്നുപറച്ചിലുകള്‍ നമ്മേ നശിപ്പിച്ചേക്കുമെന്ന ഭീതിയില്‍ നാം ഒരുപോലെ ഇത്തരം അതിക്രമങ്ങള്‍ കടിച്ചമര്‍ത്തിയിട്ടുണ്ട്. നിങ്ങളുടെ രോഷവും അപമാനഭാരവും ഞങ്ങളും പങ്കിടുന്നു. ആരും നമ്മെ വിശ്വസിക്കില്ലെന്നും മറ്റുള്ളവരുടെ മുന്നില്‍ നാം ദുര്‍ബലരായി കാണപ്പെടുമെന്നും നാം ഒരുപോലെ ഭയപ്പെടുന്നു. നമ്മെ ഈ ഇടങ്ങള്‍ പുറന്തള്ളും എന്നും ആരും മറ്റൊരു ജോലിക്കും നമ്മെ തെരഞ്ഞെടുക്കില്ലെന്നും നാം പേടിക്കുന്നു. എന്നാല്‍, നിങ്ങളില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ക്കുള്ള മെച്ചങ്ങള്‍ ഞങ്ങള്‍ മറക്കുന്നില്ല. ഞങ്ങളുടെ ശബ്ദം പുറത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് നിങ്ങളെക്കാള്‍ ഏറെ എളുപ്പമാണ് എന്നതും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിനു കര്‍ഷകതൊഴിലാളികള്‍ അടക്കമുള്ള മറ്റു സ്ത്രീകളുടെ പ്രശ്നങ്ങളേക്കാള്‍ ജനശ്രദ്ധ പിടിച്ചു പറ്റാനായി.

ഞങ്ങള്‍ സംസാരിക്കുന്നത് നിങ്ങളോടാണ്‌; അധികാരികളുടെ ലൈംഗിക ചൂഷണത്തെ ദിവസേന നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷക തൊഴിലാളി സ്ത്രീകളോട്, ഉപദ്രവിക്കാന്‍ തുനിയുന്ന അതിഥിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹോട്ടല്‍ ജീവനക്കാരികളോട്, എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചേക്കാവുന്ന കെട്ടിടമേൽ നോട്ടക്കാരനെ പേടിച്ച് ഓരോ രാത്രിയും കഴിച്ചുകൂട്ടുന്ന ശുചീകരണ  തൊഴിലാളികളോട് (janitor), കയറിപ്പിടിക്കുന്ന ഉപഭോക്താവിനോടും ചിരിച്ചു കൊണ്ട് നില്‍ക്കേണ്ടിവരുന്ന വിളമ്പുകാരികളോട്, കൂടുതല്‍ ജോലിക്കായി ലൈംഗികകൃത്യങ്ങള്‍ പകരം നല്‍കേണ്ടി വരുന്ന ഫാക്ടറി തൊഴിലാളികളോട്, ഉടമസ്ഥന്‍ പീഡിപ്പിക്കുന്ന വീട്ടുജോലിക്കാരികളോട്, മതിയായ രേഖകളില്ലാത്തത്തിന്റെ പേരില്‍ നാടുകടത്തപ്പെടുമോ എന്ന് ഭയന്ന് ലൈംഗിക ചൂഷണത്തിന് നിന്നുകൊടുക്കേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികളോട്, അങ്ങനെ ജീവിക്കാന്‍ വേണ്ടി അതിക്രമങ്ങളും അപമാനവും സഹിക്കേണ്ടി വരുന്ന എല്ലാ മേഖലകളിലെയും സ്ത്രീകളോടുമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു.

പ്രവൃത്തികളുടെ അര്‍ത്ഥപൂര്‍ണമായ ഉത്തരവാദിത്തം ഉറപ്പുവരുത്താനും പ്രത്യാഘാതം നീതിപൂര്‍ണമാക്കാനും ഉതകുന്ന നടപടികള്‍ക്കായി സമ്മര്‍ദം ചെലുത്താന്‍ മുന്‍പുള്ളതിനേക്കാള്‍ ഇപ്പോള്‍ സാധ്യതകളുണ്ട് നമുക്ക് മുന്നില്‍. മാധ്യമങ്ങള്‍ അതിനുള്ള ഉപാധികളാണ്. ലൈഗികാതിക്രമത്തെ അതിജീവിച്ച എല്ലാവര്‍ക്കും തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനും സമൂഹത്തിനു മുന്നില്‍ വിശ്വാസ്യത നേടാനും കുറ്റവാളികള്‍ക്ക് മേല്‍ ഉത്തരവാദിത്തം ചുമത്താനും കഴിയണം. നീതി നേടാനും ആ പ്രക്രിയയില്‍ ആവശ്യമായ സഹായം ലഭിക്കാനും ഇവര്‍ക്ക് കഴിയണം. സാമ്പത്തിക സുരക്ഷ തീരെ കുറഞ്ഞ, അതുമൂലം ലൈംഗിക അതിക്രമ നിരക്ക് ഏറെ ഉയര്‍ന്ന, താഴ്ന്ന വേതനത്തില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ ശാക്തീകരണമാണ് ഏറ്റവും പ്രധാനം.

തീരുമാനങ്ങള്‍ എടുക്കപ്പെടുന്ന മിക്ക അധികാര കേന്ദ്രങ്ങളിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. വ്യവസ്ഥാതലത്തിലുള്ള ഈ അസമത്വം ദൈനംദിന ജീവിതത്തിലെ അക്രമങ്ങളും ചൂഷണവും വര്‍ധിപ്പിക്കുന്നു. എല്ലാ രംഗത്തും നേതൃസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് തുല്യ പ്രാതിനിധ്യവും അവസരങ്ങളും, അധികാരവും എല്ലാ രംഗത്തും ലഭിക്കുന്നതോടൊപ്പം വെളുത്ത, സിസ്-ഹെറ്റെറോ ലൈംഗികതയുള്ള, സ്ത്രീകളെക്കാള്‍ ചൂഷണം നേരിടുന്ന, കറുത്തവര്‍ക്കും, കുടിയേറ്റക്കാര്‍ക്കും ഭിന്ന ലൈംഗികതയുള്ളവര്‍ക്കും അധിക പ്രാതിനിധ്യം ഉണ്ടാവേണ്ടതാണ്. പുരുഷാധിപത്യമുള്ള ഈ തൊഴിലിടങ്ങളില്‍ അംഗീകരിക്കപ്പെടാനുള്ള സ്ത്രീകളുടെ ദൈനംദിന സമരം അവസാനിക്കേണ്ടതാണ്. ഈ കുത്തകയുടെ കാലം അതിക്രമിച്ചിരിക്കുന്നു.

ലൈംഗിക അതിക്രമത്തെയും പീഡനത്തെയും ലിംഗഭേദത്തെയും ഇരുളടഞ്ഞ നിശബ്ദതയില്‍ നിന്നു പുറത്തുകടത്തി പൊതുസമൂഹത്തില്‍ സംഭാഷണം സാധ്യമാക്കുന്ന എല്ലാ വ്യക്തികളോടും നാം കടപ്പെട്ടിരിക്കുന്നു. ഹോളിവുഡില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ പരസ്യപ്പെടുത്താന്‍ സഹായിക്കുന്ന മാധ്യമങ്ങള്‍ ഗ്ലാമര്‍-കുറഞ്ഞ മറ്റു മേഖലകളിലെ സ്ത്രീകളുടെ അനുഭവങ്ങള്‍ കൂടി സമൂഹമധ്യത്തില്‍ എത്തിക്കാന്‍ ശ്രമിക്കണം.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു പ്രത്യാഘാതവും ഉണ്ടാകാറില്ലെന്നതുകൊണ്ടാണ്. മിക്കപ്പോഴും പ്രതിരോധിക്കാനുള്ള സാമ്പത്തിക സാമൂഹ്യ ശേഷിയില്ലാത്താവരായിരിക്കും കുറഞ്ഞ വരുമാനക്കാരായ സ്ത്രീകള്‍. അതുകൊണ്ട് തന്നെ, ഈ കുറിപ്പിന്റെ പ്രഥമ പ്രധാനമായ ലക്‌ഷ്യം എല്ലാ രംഗങ്ങളിലും പണിയെടുക്കുന്ന അതിക്രമാങ്ങൾക്കിരയാവുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ നിയമപരമായ ചെലവുകള്‍ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക എന്നതാണ്. ഈ കത്തിൽ ഒപ്പ് വച്ചിരിക്കുന്ന ഞങ്ങളെല്ലാം ആ അപേക്ഷയാണ് നിങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുന്നത് അവര്‍ക്ക് നീതി ലഭിക്കാനും അവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാനും ഉതകുന്ന ആ സഹായ നിധിയെക്കുറിച്ചുള്ള ആശയമാണ്. തുല്യതയും സുരക്ഷിതത്വവും ഉള്ള തൊഴിലിടങ്ങള്‍ ഈ വിനോദ വ്യവസായ രംഗത്ത് ഉണ്ടാക്കാനും കുറ്റകൃത്യങ്ങള്‍ക്ക് സത്വരമായി നീതി ഉറപ്പാക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കും. മാത്രമല്ല, സ്ത്രീകളുടെ കഥകള്‍ അവരുടെ ശബ്ദങ്ങളിലൂടെ തന്നെ പുറത്തെത്തിക്കാനും സമൂഹം അവരെ നോക്കിക്കാണുന്നതും അവരെ പരിഗണിക്കുന്നതുമായ രീതികള്‍ പുരോഗമനപരമായി മാറ്റുന്നതിനും കൂടി വേണ്ടിയാണ് ഈ  കൂട്ടായ്മ എന്ന് ഞങ്ങള്‍ അടിവരയിടുന്നു.

ഐക്യദാര്‍ഢ്യത്തോടെ,

നടിമാരായ മെറില്‍ സ്ട്രീപ്, പെനിലോപ്പി ക്രൂസ്, അമേരിക്ക ഫെരാര, ഇവാ ലോന്ഗോറിയ, അഭിഭാഷകയായ നിന ഷാ, ടീന ചെന്‍, നിര്‍മ്മാതാവ് ഷോണ്ടാ റൈംസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഹോളിവുഡ് വനിതാ കൂട്ടായ്മ ന്യൂയോര്‍ക്ക്‌ ടൈംസില്‍ പ്രസിദ്ധീകരിച്ച ‘ടൈം ഈസ്‌ അപ്പ്‌’ എന്ന ലേഖനത്തിന്‍റെ പൂര്‍ണ്ണ രൂപം.

പരിഭാഷ: ആര്‍ദ്ര എന്‍ ജി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ