Latest News

ശബരിമല വിധി തുറക്കുന്ന പല വാതിലുകൾ

“തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സമരങ്ങള്‍, മുന്നേറ്റങ്ങള്‍ എല്ലാ മതങ്ങളിലും സമുദായങ്ങളിലും തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത് സമുദായങ്ങള്‍ക്കുള്ളിലെ ആഭ്യന്തര സമരങ്ങള്‍ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാകെ ജനാധിപത്യവല്‍ക്കരണത്തിനും സാമൂഹിക നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സാമൂഹിക സമരങ്ങളുടെ ഭാഗമാണ്” മാധ്യമപ്രവർത്തകനായ ലേഖകന്റെ നിരീക്ഷണം

Women entry at Sabarimala Supreme Court Judgement repurcussions

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി ഹൈന്ദവര്‍ക്കിടയില്‍ മാത്രമല്ല, എല്ലാ സമുദായങ്ങളിലും വലിയ ചലനമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. കാരണം പ്രാഥമികമായി അത് വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നമല്ല, മറിച്ച് എല്ലാ സമുദായങ്ങളിലും അഭിമുഖീകരിക്കുന്ന തുല്യനീതിയുടെ പ്രശ്നമാണ്. വിശ്വാസത്തിനും ആചാരങ്ങള്‍ക്കും രണ്ടാമത്തെ സ്ഥാനമേയുള്ളൂ ഈ വിഷയത്തില്‍. അതോടൊപ്പം മറ്റ് മത-സമുദായങ്ങളിലേയ്ക്കും ഇതിന്റെ അലകള്‍ കടന്നു ചെല്ലാനുള്ള സാധ്യതകളുമുണ്ട്.

ഇന്ത്യയിലെ എല്ലാ സമുദായങ്ങളിലും സ്ത്രീ രണ്ടാം തരം പൗരത്വമാണ് അനുഭവിക്കുന്നതെന്നത് വസ്തുതയാണ്. മറ്റെല്ലാ മേഖലകളെയും മാറ്റിനിര്‍ത്തിയാല്‍ എല്ലാവര്‍ക്കും തുല്യമായി ആരാധിക്കാനും വിശ്വസിക്കാനും കഴിയുന്ന സങ്കല്‍പ്പമാണ് ദൈവമെന്നാണ് മതങ്ങളെല്ലാം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പ്രാപഞ്ചിക സത്യമായാണ് ഏറെക്കുറെ എല്ലാ മതങ്ങളും ദൈവത്തെ വിശേഷിപ്പിക്കുന്നത്. ശബരിമലയിൽ എഴുതിവെച്ചിരിക്കുന്നത് ‘തത്വമസി’ എന്നാണ്.

എന്നാല്‍ ഈ വാദങ്ങളുടെയെല്ലാം പൊള്ളത്തരമാണ് ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിലക്ക് അടിവരയിടുന്നത്. വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കുന്നതിന്, ആ മൂര്‍ത്തി ഇരിക്കുന്ന ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ആർത്തവത്തിന്റെ പേരിൽ വിലക്ക് നേരിടേണ്ടി വരുന്ന സാഹചര്യം. ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ ദലിത്- പിന്നാക്ക ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളിലേക്കും ക്ഷേത്രങ്ങളുടെ വഴികളിലൂടെ സഞ്ചരിക്കുന്നതിനുമുള്ള വിലക്ക് പോലെ തന്നെയാണിതും. സ്ത്രീകളുടെ കാര്യത്തിലും ശുദ്ധി- അശുദ്ധി കാരണങ്ങളാലാണ് ആര്‍ത്തവത്തിന്റെ പേരിലുള്ള വിലക്കുകള്‍ നിലനില്‍ക്കുന്നത്. ജാതി വിലക്കുകളുടെ കാരണം ജന്മപരമായ ‘അശുദ്ധി’യാണെങ്കില്‍ സ്ത്രീകളുടെ കാര്യത്തില്‍ ജീവശാസ്ത്രപരമായ കാരണത്താലുള്ള അശുദ്ധിയാണെന്ന് മാത്രം. അയിത്ത ജാതികളില്‍ നിന്നുള്ള സ്ത്രീകളാണെങ്കില്‍ ഇരട്ട വിലക്കുകള്‍ നേരിടേണ്ടി വരും. എല്ലാ വിലക്കുകളും കല്‍പ്പിക്കുന്നത് ബ്രാഹ്മണ്യം എന്ന മനുഷ്യവിരുദ്ധമായ ആധിപത്യ ബോധമാണ്.

എന്നാല്‍ ഈ വിവേചനങ്ങളും വിലക്കുകളും നീതി നിഷേധവും ഹിന്ദു മതത്തിന്റെ മാത്രം കുത്തകയുമാണെന്ന് പറയാന്‍ കഴിയില്ല. എല്ലാ അസമത്വങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും കേന്ദ്രം ബ്രാഹ്മണ്യവും ഹിന്ദുത്വവും ആയിരിക്കെ തന്നെ എല്ലാ സമുദായങ്ങളുടെയും മതങ്ങളുടെയും അധികാരഘടനയില്‍ ഏറിയും കുറഞ്ഞും അത് നിലനില്‍ക്കുന്നുണ്ട്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നടത്തിയ ലൈംഗിക അതിക്രമത്തിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരം ഇതിന്റെ മറ്റൊരു മുഖമാണ്.

സമുദായങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന ആധിപത്യങ്ങളും അതിക്രമങ്ങളും എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെതിരായ സമരങ്ങളിലൂടെയും നിയമ നിർമ്മാണങ്ങളിലൂടെയും തിരുത്താനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നവോത്ഥാനത്തിന്റെയും മതപരിഷ്‌കരണങ്ങളുടെയും ചരിത്രം അതാണ്. മതപരിഷ്‌കരണത്തിനും ആചാരപരിഷ്‌കരണത്തിനും വിശ്വാസികള്‍ക്കിടയിലെ തുല്യതയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ മുഖ്യമായും അതാത് മതങ്ങളിലെയും സമുദായങ്ങളിലെയും വിശ്വാസികളും അവിശ്വാസികളും നടത്തിയ ആഭ്യന്തര സമരങ്ങളാണ്. ജനാധിപത്യ ബോധവും നീതിബോധവുമുള്ളവർ ജാതി, മത ഭേദമില്ലാതെ അതിനെ പിന്തുണച്ചിട്ടുണ്ട്. അയ്യങ്കാളിയുടെ കല്ലയും മാലയും ബഹിഷ്‌കരണ സമരത്തിന് ചങ്ങനാശേരി പരമേശ്വരന്‍ പിള്ളയെ പോലുള്ള സവര്‍ണര്‍ നല്‍കിയ പിന്തുണയും കൊച്ചിയില്‍ കെ പി വള്ളോന്റെ നേതൃത്വത്തില്‍ നടന്ന കായല്‍ സമരത്തിന് പണ്ഡിറ്റ് കെ പി കറുപ്പന്‍ നല്‍കിയ പിന്തുണയും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

സമുദായ പരിഷ്‌കരണത്തിനും ഇതര സമുദായങ്ങളുമായുള്ള സാഹോദര്യത്തിനും വേണ്ടി സമരം നടത്തിയവരെ പലപ്പോഴും അവരുടെ സമുദായങ്ങളിലുള്ളവര്‍ തന്നെ ബഹിഷ്‌കരിക്കുകയോ ആക്രമിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടുണ്ട്. സഹോദരന്‍ അയ്യപ്പനും വി ടി ഭട്ടതിരിപ്പാടും സ്വാമി ആനന്ദ തീര്‍ത്ഥനുമെല്ലാം ഉദാഹരണങ്ങളാണ്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിനിറങ്ങിയ പി കൃഷ്ണപ്പിള്ളയെയും എ കെ ഗോപാലനെയും കെ കേളപ്പനേയും പോലുള്ള നായര്‍ യുവാക്കളെ തല്ലിച്ചതച്ചത് നായര്‍ ഗുണ്ടകളായിരുന്നു. അതുകൊണ്ടാണ് ‘ഉശിരുള്ള നായര്‍ മണിയടിക്കും ഇലനക്കി നായര്‍ പുറത്തടിക്കും’ എന്ന് കൃഷ്ണപ്പിള്ളക്ക് പറയേണ്ടിവന്നത്. പുലയരുമൊത്ത് പന്തിഭോജനം നടത്തിയ നാരായണ ഗുരുവിന്റെ പ്രിയ ശിഷ്യനായ സഹോദരന്‍ അയ്യപ്പനെ ‘പുലയന്‍ അയ്യപ്പ’നെന്ന് അധിക്ഷേപിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്തതും തലയില്‍ ഉറുമ്പിന്‍ കൂട് ഇടുകയും ചെയ്തത് ഈഴവര്‍ തന്നെയായിരുന്നു. ബ്രാഹ്മണ്യത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചതിന് വി ടി ഭട്ടതിരിപ്പാടിനെയും ഒപ്പം നിന്നവരെയും ഭ്രഷ്ടരാക്കിയതും സ്വാമി ആനന്ദതീര്‍ത്ഥനെ മര്‍ദ്ദിച്ചതും ബ്രാഹ്മണര്‍ തന്നെയായിരുന്നു.

Read More: നിയമത്തിന്റെ മാറ്റവിധി ദൈവത്തിനോ വിശ്വാസിക്കോ എതിരല്ല

ഏറ്റവും ഒടുവില്‍ ബിഷപ്പിന്റെ ലൈംഗികാതിക്രമത്തിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ സഭ തന്നെ നേരിട്ട് രംഗത്തു വന്നു. അത് വിജയിക്കാതിരുന്നപ്പോഴാണ് ബിഷപ്പിന്റെ അറസ്റ്റിന് ശേഷവും മുൻപും ഒരു സംഘം കന്യാസ്ത്രീകളെ തന്നെ രംഗത്തിറക്കി ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. പാരമ്പര്യ സ്വത്തില്‍ സ്ത്രീയുടെ തുല്യാവകാശത്തിന് വേണ്ടി നിയമയുദ്ധം നടത്തിയ മേരി റോയിയും മത മേധാവിത്തത്താലും പ്രമാണിമാരാലും കല്ലെറിയപ്പെട്ടു. പക്ഷെ അവര്‍ നടത്തിയ നിയമ യുദ്ധത്തിലൂടെ ക്രൈസ്തവ പിന്തുടര്‍ച്ചാവകാശ നിയമം തന്നെ പൊളിച്ചെഴുതി സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം ഉറപ്പു വരുത്തുന്ന വിധി നേടിയെടുത്തു.

പള്ളികളില്‍ പ്രവേശനത്തിനോ ആരാധനാ അവകാശത്തിനോ സ്വത്തിലെ തുല്യാവകാശത്തിനോ വേണ്ടി സമരമോ നിയമ യുദ്ധമോ നടത്താന്‍ ശ്രമിച്ചാല്‍ മുസ്‌ലിം സ്ത്രീകളും ഇത് തന്നെയാണ് നേരിടാന്‍ പോകുന്നത്. സമുദായ ആചാരങ്ങള്‍, വസ്ത്രധാരണ രീതികള്‍ ഇതെല്ലാം അനുസരിക്കാത്തതിന് മുസ്‌ലിം സ്ത്രീകള്‍ ഇപ്പോള്‍ തന്നെ യാഥാസ്ഥിതകരില്‍ നിന്നും സമുദായ സംരക്ഷകരായ സംഘടനകളില്‍ നിന്നും എത്രയോ എതിര്‍പ്പുകള്‍ നേരിടുന്നു. ഖുര്‍ആനെയും ഇസ്‌ലാമിനെയും സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടത് സ്വസമുദായത്തില്‍ നിന്നുള്ളവരുടെ ‘വാളു’കളാലാണ്.

ഏത് സമുദായത്തിലും മതത്തിലും പരിഷ്‌കരണത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ, സമരങ്ങളെ കല്ലെറിഞ്ഞ് പരാജയപ്പെടുത്താന്‍ അതിനുള്ളില്‍ നിന്നുള്ളവരാകും ആദ്യം രംഗത്തു വരിക. ഒരുപക്ഷേ നീതി നിഷേധിക്കപ്പെടുന്ന ഇരകളെയാകും മതപ്രമാണിത്തം പരിഷ്‌കരണവാദികളെ നേരിടാന്‍ മുന്നില്‍ നിര്‍ത്തുക. കാരണം ഏത് പരിഷ്‌കരണവും വിശ്വാസ-ആചാരങ്ങളുടെ കുത്തക അവകാശപ്പെടുന്നവര്‍ക്ക്, യാഥാസ്ഥിതികതക്ക്, പ്രാമാണിത്തത്തിന് ചെറുതോ വലുതോ ആയ ആഘാതങ്ങളുണ്ടാക്കുമെന്നത് സ്വാഭാവികമാണ്. അതിനാല്‍ അവര്‍ പരിഷ്‌കരണങ്ങള്‍ക്കെതിരായ തടസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും.

Read More: പഞ്ചകന്യകമാരുയർത്തിയ ചോദ്യങ്ങൾ

ഇപ്പോള്‍ ശബരിമല സ്ത്രീകള്‍ക്കായി തുറക്കുമ്പോഴും ആ വിധിയെ എതിര്‍ക്കുവാൻ മാധ്യമ ചര്‍ച്ചകളില്‍ രംഗത്തിറങ്ങുന്നത് ഹിന്ദു സ്ത്രീകളാണ്. നാളെ സ്ത്രീകളുടെ കൂട്ടങ്ങള്‍ തന്നെ ശബരിമലയിലേയ്ക്ക് പോകുന്ന സ്ത്രീകളെ നേരിടാന്‍ തെരുവിലിറങ്ങിയെന്ന് വരാം. എന്നാല്‍ അതു കൊണ്ടൊന്നും പരിഷ്‌കരണങ്ങള്‍ നടക്കാതെ പോയിട്ടില്ല.

ആരെതിര്‍ത്താലും തടഞ്ഞാലും ശബരിമലയിൽ സ്ത്രീകള്‍ പ്രവേശിക്കുമെന്ന് തീര്‍ച്ചയാണ്. വൈക്കം ക്ഷേത്രത്തിന് മുന്നില്‍ ‘അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമില്ല’ എന്ന് എഴുതിവെച്ചിരുന്ന തീണ്ടല്‍ പലകകള്‍ എടുത്തു കളഞ്ഞതു പോലെ ശബരിമലയില്‍ മാത്രമല്ല, എല്ലാ ആരാധാനാനാലയങ്ങളിലും ആർത്തവമുള്ള സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്ന ബോര്‍ഡുകള്‍ എടുത്ത് മാറ്റേണ്ടിവരും.

പൗരോഹിത്യത്തിനെതിരായ, ചൂഷണത്തിനെതിരായ കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും സമരവും തുടരും. ഇതൊന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല, മറിച്ച് ദീര്‍ഘമായ പരിശ്രമങ്ങളിലൂടെയും സമരങ്ങളിലൂടെയും നേടിയെടുത്ത തുല്യ നീതിയുടെ പ്രശ്‌നമാണ്. ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടന ഉറപ്പുനല്‍കുന്ന സ്ത്രീ- പുരുഷന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന തുല്യ നീതിയുടെ നടപ്പാക്കലാണ് വിഷയം.

വൈക്കം സത്യാഗ്രഹം ക്ഷേത്രത്തില്‍ കടക്കാന്‍ കഴിയാത്ത കീഴാളരുടെ സമരമായിരുന്നില്ല. ഇ വി രാമസ്വാമി നായ്ക്കര്‍ പറഞ്ഞതുപോലെ ‘പട്ടിക്കും പൂച്ചക്കും ഇഷ്ടം പോലെ നടക്കാന്‍ കഴിയുന്ന വഴികളിലൂടെ മനുഷ്യര്‍ക്ക്’ നടക്കാന്‍ വേണ്ടിയുള്ള സമരമായിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത ഉറപ്പുവരുത്തുന്ന വിധിയാണ്. ഏറെ വൈകി മാത്രം നടപ്പാക്കാന്‍ പോകുന്ന നീതി.

തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സമരങ്ങള്‍, മുന്നേറ്റങ്ങള്‍ എല്ലാ മതങ്ങളിലും സമുദായങ്ങളിലും തുടര്‍ന്നു കൊണ്ടേയിരിക്കും. ഇത് സമുദായങ്ങള്‍ക്കുള്ളിലെ ആഭ്യന്തര സമരങ്ങള്‍ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാകെ ജനാധിപത്യവല്‍ക്കരണത്തിനും സാമൂഹിക നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സാമൂഹിക സമരങ്ങളുടെ ഭാഗമാണ്. രാഷ്ട്രീയ സമരങ്ങള്‍ക്കൊപ്പം തുല്യതയ്ക്കും നീതിക്കും വേണ്ടി നടത്തുന്ന സാമൂഹിക സമരങ്ങള്‍ കൂടിയാണ് ഒരു ജനതയെ ജനാധിപത്യത്തിലേക്കും നീതിയിലേക്കും നയിക്കുക.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Women entry at sabarimala supreme court judgement repurcussions

Next Story
ഇന്ത്യയിലെ 100 വോട്ടർമാരിൽ നികുതിദായകർ ഏഴ് പേർ മാത്രംIndian Voters, Election
The moderation of comments is automated and not cleared manually by malayalam.indianexpress.com