കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ രാത്രി പകൽ ടെസ്റ്റ് മത്സരത്തിൽ ഉപയോഗിക്കുന്ന പിങ്ക് പന്തിനു ചിന്തിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ, തനിക്കു ലഭിക്കുന്ന സ്വീകാര്യത ഓർത്ത് അവൾ ചുവന്നു തുടുക്കുമായിരിക്കും. ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ പിങ്ക് പന്ത് തലങ്ങും വിലങ്ങും പായുമ്പോൾ, ഷാഹിദ് മിനാർ സ്മാരകം പിങ്ക് വെളിച്ചത്തിൽ തിളങ്ങും. സായാഹ്നങ്ങളിൽ ഹൗറാഹ് ബ്രിഡ്ജ് മുതൽ വിദ്യാസാഗർ സേതു വരെയുള്ള വഴികൾ പിങ്ക് വെളിച്ചമണിയും. ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തുള്ളവർ പിങ്ക് മേലങ്കികൾ അണിയും. മൈതാനത്തിന്റെ ചുവരുകളിൽ പിങ്ക് ബോളിനെ ഉദ്ധരിച്ചു മ്യൂറലുകൾ വരയ്ക്കുന്ന തിരക്കിലാണ് ഒരു കൂട്ടം കലാ വിദ്യാർഥികൾ.
മേല്പറഞ്ഞ അലങ്കാരപ്പണികളെല്ലാം ആത്മാവില്ലാത്ത പ്രകടനങ്ങളായി ചുരുങ്ങുമോ? സത്യജിത് റേയുടെ സിനിമകളിലെ പശ്ചാത്തലംപോലെ മിതത്വം നിറഞ്ഞതിനു പകരം കരൺ ജോഹർ സിനിമകളിലെ അർത്ഥമില്ലാത്ത ആർഭാട സെറ്റുകൾ പോലെ ആകുമോ പിങ്ക് ബോൾ ക്രിക്കറ്റും? ഒരു കണക്കിനു പറഞ്ഞാൽ സിനിമയിലെ ഈ ഭാവാർത്ഥം ക്രിക്കറ്റിനും അനുയോജ്യമാണ്. കലാമൂല്യമുള്ള സിനിമകൾ പോലെ, ടെസ്റ്റ് ക്രിക്കറ്റിനും തല്പരരായ കുറച്ചു കാണികൾ മാത്രമാണുള്ളത്, ഇവയ്ക്കു രണ്ടിനും വാണിജ്യ മൂല്യം തീരെയില്ല എന്നുമാത്രമല്ല ഇവ രണ്ടും പതുകെ നാമവിശേഷമായിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക വാദം മാത്രം വച്ച് ആസ്വാദനത്തെ അളക്കുന്ന ഈ കാലഘട്ടത്തിൽ പരിമിത ഓവർ ക്രിക്കറ്റാണ് കാണികളെയും സ്പോൺസർമാരെയും ക്രിക്കറ്റിനെ തന്നെയും നിലനിർത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ആസന്നമായ മരണത്തെപ്പറ്റി വർഷങ്ങളായി ചർച്ചകൾ നടന്നുവരികയാണ്. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലൊഴികെ ടെസ്റ്റ് ക്രിക്കറ്റിനു കാണികളെ കിട്ടാത്തത്തും ഈ വാദത്തിന്റെ ശക്തികൂട്ടുന്നു. നിലനിൽക്കണമെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിന് അനിവാര്യമായും പുതിയ ആശയങ്ങൾ വേണമായിരുന്നു.
പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്, ഈ ഫോർമാറ്റിലേക്കു കൂടുതൽ കാണികളെ ആകർഷിക്കാൻ പറ്റുമെന്നു കരുതാം. പകൽ ജോലിക്കു പോകുന്നവർക്കും വിദ്യാർഥികൾക്കും ഇനി മുതൽ അവരുടെ ടീമിന്റെ കളി വാരാന്ത്യങ്ങൾക്കു പുറമെയുള്ള ദിവസങ്ങളിലും ടീവിയിൽ കാണാം. അവർക്കു സായാഹ്നങ്ങളിൽ സ്റ്റേഡിയങ്ങളിൽ പോയി കളി കാണുകയുമാവാം. ടിവിയിലെ പ്രൈം ടൈമെന്ന് അറിയപ്പെടുന്ന സന്ധ്യ – രാത്രി സമയങ്ങളിൽ ഇനി മുതൽ ടെസ്റ്റ് ക്രിക്കറ്റിനും ഇടം ഉണ്ടാകുന്നതും ഈ ഫോർമാറ്റിനെ ഉത്തേജിപ്പിക്കുന്ന ഘടകമാണ് .
പൊതുവെ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നവരിൽ അധികവും മധ്യവർഗക്കാരാണ്. അവരിൽ തന്നെ ജോലിയിൽ ഒഴിവുസമയം കണ്ടെത്താനാകുന്നവരും ജോലിയിൽനിന്ന് വിരമിച്ചവരുമാകും കൂടുതലായും ടെസ്റ്റ് ക്രിക്കറ്റ് കാണാൻ അവസരമുണ്ടാകുക. പകൽ രാത്രി ടെസ്റ്റ് മത്സരങ്ങളുടെ വരവോടെ, കൂടുതൽ ആളുകൾക്ക് ടെസ്റ്റ് മത്സരങ്ങൾ കാണാൻ അവസരം ലഭിക്കും. പിങ്ക് ബോൾ ക്രിക്കറ്റ് അങ്ങനെ ടെസ്റ്റ് ക്രിക്കറ്റിനു നിറം പകരുമെന്ന് തന്നെ കരുതാം. രണ്ടു വർഷം മുൻപ് ചരിത്രത്തിൽ ആദ്യമായി പകൽ രാത്രി ടെസ്റ്റ് മത്സരം നടന്നപ്പോൾ, ആ മത്സരം നടന്ന ഓസ്ട്രെലിയയിലെ അഡ്ലൈഡ് ഓവൽ അസ്തമയശോഭയിൽ മുങ്ങി കിടന്നതിനെ വൈഡ് ആംഗിൾ ഷോട്ട് ടെസ്റ്റ് ക്രിക്കറ്റിന്റെ പുത്തൻ ഉണർവിന്റെ പ്രതീകമാകുന്ന ചിത്രമാകുമെന്നു ആരും കരുതിയിട്ടുണ്ടാവില്ല.
പകൽ രാത്രി ടെസ്റ്റ് മത്സരങ്ങൾ നിസ്സംശയം പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണ്. പക്ഷെ പിങ്ക് ബോളിന്റെ വരവോടെ ക്രിക്കറ്റിന്റെ തന്നെ സമവാക്യങ്ങൾ മാറിമറിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കളിയുടെ സമയവും പന്തിന്റെ നിറവും ഗുണവും മാറുമ്പോൾ ഒരു പുതിയ കളിയായി മാറുകയാണ് ക്രിക്കറ്റ്.
ഒരു അകൗസ്റ്റിക് ഗിറ്റാറും ഇലക്ട്രിക്ക് ഗിറ്റാറും കേൾക്കുന്നതിന്റെ വ്യത്യാസം ചുവപ്പു പന്ത് കൊണ്ടുള്ള കളിയും പിങ്ക് പന്ത് കൊണ്ടുള്ള കളിക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. പിച്ചിന്റെ അവലോകനങ്ങളും മത്സര തന്ത്രങ്ങളും കളിയോടുള്ള സമീപനവുമെല്ലാം മാറുമെന്ന കാര്യത്തിൽ സംശയമില്ല.
ചുവന്ന പന്തിനെ അപേക്ഷിച്ച പിങ്ക് ബോൾ പെട്ടെന്ന് തന്നെ തേയ്മാനം സംഭവിക്കാൻ സാധ്യതയഉള്ളതിനാൽ ക്യൂറേറ്റർ പിച്ചിൽ കൂടുതൽ പുല്ല് നിലനിർത്താൻ ശ്രമിക്കും. ഇത് ഫാസ്റ്റ് ബൗളേഴ്സിനെ തുണയ്ക്കുന്ന ഘടകമാണ്. കൂടുതൽ തവണ പന്ത് മാറ്റേണ്ടി വരുന്നതും കൂടുതൽ പുല്ല് പിച്ചിൽ നിലനിർത്തുന്നതും റിവേഴ്സ് സ്വിങ്ങിനെ പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയുടെ ശക്തിതന്ത്രമാണ് റിവേഴ്സ് സ്വിങ്. കുറച്ചു സമയം മാത്രം സൂര്യ പ്രകാശം കിട്ടുകയുള്ളൂവെന്നതിനാൽ പിച്ചുകളിൽ വിടവുകൾ എളുപ്പം വീഴില്ല. ഇത് ഇന്ത്യൻ സ്പിന്നർമാരെ ബാധിക്കും. ടീമുകൾ പേസർമാരെയും റിസ്റ്റ് സ്പിന്നർമാരെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ കൂടുതലായി ഉപയോഗിക്കാൻ പിങ്ക് ബോൾ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കും.
വേറെയും പല വെല്ലുവിളികളും പകൽ രാത്രി ടെസ്റ്റ് മത്സരങ്ങളെ കാത്തിരിക്കുന്നുണ്ട്. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ബാറ്റ്സ്മാൻമാർ കൂടുതൽ ഭയക്കുന്നത് ഒരു ദിവസത്തെ ആദ്യത്തെ മണിക്കൂറിലെ കളിയാകും. എന്നാൽ പകൽ രാത്രി മത്സരങ്ങളിൽ ബാറ്റ്സ്മാൻമാർ കൂടുതൽ ഭയക്കുന്നത് സന്ധ്യാസമയത്തെ കളിയാകും. ആ സമയത്തെ പന്തുകളെ എങ്ങനെ കൈകാര്യം ചെയുന്നുവെന്നതാകും ഒരു ബാറ്റ്സ്മമാന്റെ വിജയം. ഫ്ളഡ് ലൈറ്റ്സിലും സന്ധ്യ വെളിച്ചത്തിലും പിങ്ക് നിറത്തിലുള്ള പന്തുകളെ എങ്ങനെ നേരിടാനാകുമെന്നുള്ളതാകും ബാറ്സ്മാന്മാരുടെ മുന്നിലെ പ്രധാന വെല്ലുവിളി. പല മത്സരങ്ങളും അഞ്ചു ദിവസം വരെ നീളാനുള്ള സാധ്യതയും കുറവാണ്. പകൽ രാത്രിയായി ഇതുവരെ കളിച്ച ടെസ്റ്റ് മത്സരങ്ങളിൽ പകുതിയിലേറെയും നാലോ അതിൽ കുറവോ ദിവസങ്ങളിൽ അവസാനിച്ചുവെന്നത് യാഥാർഥ്യമാണ്.
ഈ വസ്തുത, അഞ്ചാം നാൾ കണ്ടുവരുന്ന പിച്ചുകളിൽ കുത്തിത്തിരിയുന്ന പന്തുകളും അവയെ ചടുലമായ ഫൂട്ട് വർക്ക് കൊണ്ട് നേരിടുന്ന ബാറ്റ്സ്ന്മാരെയുമൊക്കെ അസാധുവാക്കാൻ സാധ്യതയുണ്ട്. കാണികളുടെയും കളിക്കാരുടെയും ബോഡി ക്ലോക്കിനെയും പുതിയ രീതിയിൽ ക്രമീകരിക്കാൻ പകൽ രാത്രി മത്സരങ്ങൾ സ്വാധീനിക്കും.
ഈ വൈരുധ്യങ്ങളെലാം തന്നെ ടെസ്റ്റ് ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിനുപരി വേറൊരു ഫോർമാറ്റായി പരിണമിക്കാൻ പ്രേരിപ്പിക്കുമെന്നു വേണം കരുതാൻ. തീർച്ചയായും ക്രിക്കറ്റിന് ഇനിയൊരു ഫോർമാറ്റ് മാറ്റം കൂടി വരുത്താനുള്ള ഇടമില്ല. കാലക്രമേണ ഈ മാറ്റങ്ങളുടെ പുതുമയും നഷ്ടപ്പെടും. ടെസ്റ്റ് ക്രിക്കറ്റിനു വീണ്ടും അതിന്റെ അസ്തിത്വ ദുഖവുമായി പൊരുത്തപ്പെടേണ്ടിയും വരും.
കലാമൂല്യമുള്ള സിനിമയ്ക്കുള്ള കാണികൾ പോലെ ടെസ്റ്റ് ക്രിക്കറ്റിന് അതിന്റെ കാണികളെ അത്യാവശ്യമാണ്. പരിമിത ഓവർ ഫോർമാറ്റുകളിലേതു പോലുള്ള മാറ്റങ്ങൾ വരുത്തി ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചെടുക്കാമെന്നുള്ള ചിന്ത ചിലപ്പോൾ വിപരീതഫമാകും നൽകുക.