കേരളത്തിന്റെ മണ്ണിൽ കണ്ണീർ വീഴാത്ത ദിവസങ്ങളില്ലാതായിരിക്കുന്നു. എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയൻ എന്നത് പേരിലെ മാത്രം വിജയനായി തീരുകയാണ്. പരാജയങ്ങളുടെയും ധാർഷ്ട്യത്തിന്റെയും പര്യായമായി മാറുകയാണോ കേരള മുഖ്യമന്ത്രി. ഒരമ്മയോട്, മകൻ കൊല്ലപ്പെട്ട ഒരമ്മയോട്, നീതി തേടിവന്ന ഒരമ്മയോട് പെരുമാറൻ അറിയാത്ത പൊലീസ് വിഭാഗത്തിന്റെ കടിഞ്ഞാണേന്തുന്ന പരാജിതൻ. ഇത് പത്തുമാസത്തെ ആദ്യത്തെ പരാജയമല്ല. പരാജയ പരമ്പരയിലെ  അവസാനത്തേതുമാകാൻ സാധ്യതയില്ല.

പിണറായി സർക്കാർ ഓരോ സംഭവങ്ങളിലും വീഴുന്ന വീഴ്ച എത്രത്തോളമുണ്ടെന്ന് ശ്രദ്ധിച്ചാൽ ഏതൊരു സാധാരണക്കാരനും തോന്നുന്നതു മാത്രമാണ് ഇത് അവസാനത്തേത് ആകില്ല എന്നത്.   വെടിവച്ച് കൊല്ലുന്നത് അന്വേഷിക്കണമെന്ന് പറഞ്ഞാൽ, പൊലീസിന്റെ മനോവീര്യം തകരുമെന്ന് പറഞ്ഞ ഭരണത്തിൻ കീഴിൽ ഇത് നടക്കുകയെന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കരുണാകരന്റെ വാക്കുകളിൽ നിന്നും അച്യുതമേനോന്റെ വാക്കുകളിൽ നിന്നും അധികദൂരമൊന്നുമില്ല ഈ വാക്കുകൾക്ക്. ഡൽഹി പൊലീസിൽ നിന്നും ഗുജറാത്ത്പൊലീസിൽ നിന്നും അധികമൊന്നും ദൂരമില്ല കേരളത്തിലെ പിണറായി പൊലീസിനെന്ന് ഓരോ ദിവസവും വ്യക്തമാക്കുകയാണ്.

നിലമ്പൂരിൽ മാവോയിസ്റ്റുകളായി എന്ന പേരിൽ രണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടിയും ദലിതർക്കും ന്യനപക്ഷങ്ങൾക്കും സ്ത്രീകൾക്കും നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളും കഴിഞ്ഞ പത്ത് മാസത്തിനുളളിൽ ഒട്ടും കുറവുണ്ടായിട്ടില്ല. എന്നു മാത്രമല്ല, പുറത്തുവരുന്ന വാർത്തകളുടെ കണക്കെടുത്താൽ അത് കൂടുകയുമാണ് വാളയാറും കായംകുളവും കൊല്ലവും എരുമപ്പെട്ടിയുമെല്ലാം മലപ്പുറവും കാസർകോടുമെല്ലാം ഇതിന് തെളിവാണ്. എറണാകുളത്ത് സ്വന്തം പാർട്ടി പ്രവർത്തകരും കുടുംബവും പോലും പൊലീസിന്റെ അക്രമത്തിനിരയായി എന്നിട്ടും പൊലീസിന്റെ ധാർമ്മികവീര്യം സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികളിലൂടെ കേരളം കണ്ട ക്രൂരകാലത്തെ ആഭ്യന്തരമന്ത്രിയായ കരുണാകരനെ അനുസ്മരിപ്പിക്കുകയാണ് പിണറായി വിജയൻ. കേരളത്തിലങ്ങോളമിങ്ങോളം പൊലീസ് രാജാണ് നടക്കുന്നത് അല്ലെങ്കിൽ ഇതാണ് പിണറായി രാജ് എന്ന് പറയേണ്ടിവരും. ജനങ്ങളെ പിണമാക്കി മാറ്റുന്ന ഈ നടപടികൾ അവസാനിപ്പിക്കാൻ കഴിയാത്തവിധം കഴിവുകെട്ട ഭരണാധികാരിയാണെന്ന് സ്വയം തെളിയിക്കാനുളള മത്സരത്തിലാണോ പിണറായി വിജയൻ എന്ന സംശയമാണ് ഉയരുന്നത്. മുന്പ് ഭരിച്ചിരുന്നവർ എത്ര ഭേദം എന്ന പറയിപ്പിക്കുന്ന അവസ്ഥ.

അധികാരത്തിലേറിയപ്പോൾ അവതാരങ്ങളെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അവതാരങ്ങളുടെ തടവറിയലാണോ. അവതാരങ്ങളെ കുറിച്ച് പറഞ്ഞ് ആഘോഷിക്കപ്പെട്ട പിണറായി വെറുമൊരു അവതാരമായി മാറുകയാണോ? ആരധാകർക്ക് ഇരട്ടച്ചങ്കനാകാം അവതാരമാകാം. പക്ഷേ, കേരളത്തിലെ ജനങ്ങൾക്ക് ഹൃദയവും തലച്ചോറുമില്ലാത്ത ഏകാധിപതിയാവുകയാണ് ഓരോ നടപടികളിലൂടെയും അദ്ദേഹം. ജിഷ്ണു സംഭവം നടന്നിട്ട് ഇതുവരെ തങ്ങൾ എടുത്തിട്ടുളള സമീപനങ്ങൾ സ്വയം ഒന്ന് ആലോചിച്ച് നോക്കാൻ അവതാരങ്ങളുടെ പിടിയിൽ നിന്നിറങ്ങുന്നതുവരെ കേരള ജനത കാത്തിരിക്കേണ്ടിവരുമോ?

ഏകാധിപതികളുടെ കൊത്തളമാണോ തലസ്ഥാന നഗരം. മകൻ മരിച്ച ഒരമ്മയാണ് നീതി തേടിയെത്തിയത്. പണ്ട് മകൻ മരിച്ച ഒരു അച്ഛൻ നീതി തേടി അലഞ്ഞ വഴികളിൽ വീണ വിയർപ്പും കൂടെയുണ്ട് അങ്ങയെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് എത്തിച്ച പ്രസ്ഥാനത്തിന്റെ വളർച്ചയക്ക്. അത് പോലെ മകന് നീതി തേടി അലയുന്ന ഈ അമ്മയുടെ കണ്ണീരിൽ വെണ്ണീറാവാനാണോ അങ്ങയുടെ ഭരണത്തിന്റെ വിധി. അങ്ങനെ ഒരു അമ്മയുടെ കണ്ണീരിലാണ് കേരളത്തിലെ ഒരു യു ഡി എഫ് സർക്കാരിനെ അലിയിപ്പിച്ചു കളഞ്ഞത്. അതിന്ന് അധികം പഴക്കമില്ല. അന്ന് അധികാരത്തിലേറിയ വി എസ് അച്യുതാനന്ദൻ ഇപ്പോഴും തിരുവനന്തപുരത്ത്, ഈ നിയമസഭയിൽ ഉണ്ട്. അന്ന് പിണറായി വിജയൻ എന്ന വ്യക്തി സി പി എമ്മിന്റെ സെക്രട്ടറിയുമായിരുന്നു. അത് കൊണ്ട് ആ അമ്മയെ ഓർമ്മയുണ്ടാകാതിരിക്കില്ല. എങ്കിലും ഒന്ന് ഓർമ്മിപ്പിക്കാം. തിരുവനന്തപുരം ഫോർട്ട് പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയെ അത്ര പെട്ടെന്ന് മറന്നു കളയാൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സാധിക്കുമോ? ആ കണ്ണീരിനോട് കാണിച്ച സഹാനുഭൂതിക്കുളള അർഹത  മഹിജയ്ക്കില്ലേ? അശോകനില്ലേ? ഇരട്ടച്ചങ്കുളള മുഖ്യമന്ത്രി പിണറായി വിജയനെ ഹൃദയത്തിലേറ്റിയ ജിഷ്ണു പ്രണോയി എന്ന ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും ആയതു കൊണ്ട് മാത്രം അവർക്ക് അത് നഷ്ടപ്പെടുത്തേണ്ടതുണ്ടോ. സ്വന്തം മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന ഒരമ്മയുടെ ആവശ്യത്തിന് മുന്നിൽ നിങ്ങൾ അധികാരത്തിന്റെ എത്ര ഇരുമ്പുമറകൾ ഉയർത്തിയാലും അതെല്ലാം തുരുമ്പെടുത്ത് നശിക്കും. നിങ്ങളെല്ലാം അമ്മയുടെ കണ്ണീരിൽ ചരിത്രത്തിന്റെ പാഴ്‌നിലങ്ങളിലേയ്ക്കാകും ഒഴുകി പോകുക.
പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട ഒരു മനുഷ്യന്റെ മൃതദേഹത്തിന് സമീപം അദ്ദേഹത്തിന്റെ സഹോദരനെ പൊലീസ് കൈകാര്യം ചെയ്തതിനെ പോലും ന്യായീകരിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ തുടർന്ന പ്രവർത്തനമാണിത്. നിലമ്പൂരിൽ കേരള പൊലീസിന്റെ വെടിയേറ്റ് മരിച്ച കുപ്പു ദേവരാജിന്റെ സഹോദരനെ മൃതദേഹത്തിന് മുന്നിൽ വച്ച് യൂണിഫോം പോലും ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്തു. അന്വേഷണം നടത്തിയപ്പോൾ വർഗീയ സംഘർഷം നടക്കാതിരിക്കാനാണെന്ന് റിപ്പോർട്ട് നൽകുന്നു. ഇങ്ങനെ ഭരിക്കാനാണെങ്കിൽ ഇരട്ടച്ചങ്ക് പോയിട്ട് കാൽചങ്ക് പോലും വേണ്ട. കേരളത്തിലങ്ങോളമിങ്ങോളം പൊലീസിന്റെ ക്രിമിനലിസമാണ് നടക്കുന്നത് എന്ന ആരോപണം ഓരോ ദിവസവും കൂടി വരുന്നു.സദാചാരഗുണ്ടായിസം നടത്തുന്നവർക്ക് കുട പിടിക്കുകയും , പീഡിതരെ പീഡിപ്പിക്കയും ചെയ്യുന്ന പൊലീസ്. ആ കഥകൾ മാത്രമം ഉയരുമ്പോൾ പൊലീസിനെ സംരക്ഷിക്കാനെത്തുന്ന ആഭ്യന്തരമന്ത്രി. പിന്നെ വീഴ്ചയെ കുറിച്ചുളള ഏറ്റുപറച്ചിൽ. ഓരോ അക്രമസംഭവങ്ങളിലും അക്രമികളെ സംരക്ഷിക്കുകയാണ് പൊലീസ് എന്ന ആരോപണത്തിന് മറുപടി പറയാൻ ആഭ്യന്തരവകുപ്പിന് സാധിച്ചിട്ടില്ല.ഇതിന് പുറമെയാണ് സർക്കാരിന്റെ വീഴ്ചകൾക്കെതിരായി വിമർശനമുന്നയിക്കുന്നവർക്കു നേരെ നടക്കുന്ന അവതാരങ്ങളുടെ ആക്രോശങ്ങൾ. അത് വിദ്യാർത്ഥി നേതാവിന്റെ രൂപത്തിൽ  മുതൽ സൈബർ പോരാളിയുടെ രൂപത്തിൽ വരെ വരും. അത് പരേതനായ പി എസ് നടരാജപിളളയുടെ കാര്യത്തിലായാലും പീഡനത്തിനിരയായി മരിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിലായാലും ഒരേ സ്വരമായിരിക്കും.
ഈ അമ്മയെ നിങ്ങൾക്ക് അധികാരത്തിന്റെ ആരുഢങ്ങളിലിരിക്കുന്നവർക്ക് അവരുടെ അടുത്ത് എത്താതെ അകറ്റി നിർത്താനാകും. റോഡിലൂടെ വലിച്ചിഴയ്ക്കാനാകും.പക്ഷേ, അവരുടെ ഒറ്റചങ്കിലെ നീറ്റലിൽ നിങ്ങളുടെ അധികാരകേന്ദ്രങ്ങളെല്ലാം വെണ്ണീറായി പോകും.
“പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം”

ഇടശേരിയുടെ പൂതപ്പാട്ടിലെ ഈ വരികളാണ് നിങ്ങളെ കാത്തിരിക്കുന്നത് അത്  മാത്രമേ അധികാര സ്വരൂപങ്ങളോട്  പറയാനുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ