scorecardresearch

കേരളത്തിലെ നവോത്ഥാന വനിതകൾ ‘ആ നിലവാരത്തിൽ’ നിന്നും ഉയരേണ്ടതുണ്ട്

കേരളീയനവോത്ഥാനത്തിൻറെ പരിമിതികളെ മറികടക്കാതെ ഇനി കേരളത്തിൽ ജനാധിപത്യവികാസം സാദ്ധ്യമല്ലെന്ന വസ്തുത നമ്മേ തുറിച്ചു നോക്കുന്ന ഈ കാലത്ത് ട്രാൻസ് വ്യക്തികളുമായി ബന്ധപ്പെട്ട യുക്തിരാഹിത്യങ്ങളെക്കുറിച്ചുളള സ്വയംവിമർശനം അനിവാര്യമാണ്.

j devika, vishnuram, transgender

ട്രാൻസ് ജെൻഡർ സ്ത്രീകൾ ഇന്ന് കേരളത്തിൽ താരതമ്യേന സാധാരണ കാഴ്ചയായി കഴിഞ്ഞെങ്കിലും ഇപ്പോഴും അവർ മലയാളികളുടെ ഉളളിൽ വല്ലാത്തൊരു പെടപ്പ് ഉണ്ടാക്കുന്നുണ്ട്. അവർ ഉടുത്തൊരുങ്ങുന്ന രീതിയെ ഒന്നുകിൽ പുച്ഛിക്കാനോ അല്ലെങ്കിൽ കാമാർത്തിയോടെ കാണാനോ ആണ് നാം താത്പര്യപ്പെടുന്നത്. കോഴിക്കോടു വച്ച് കഴിഞ്ഞ വർഷം നടന്ന ലൈംഗികസ്വാഭിമാന യാത്രയ്ക്കിടയിൽ നടന്ന അനിഷ്ടസംഭവങ്ങൾ പലതും ഈ നീചസംസ്കാരത്തിൻറെ പ്രകടനമായിരുന്നു. ‘സ്ത്രീവേഷമണിഞ്ഞ നിങ്ങൾ എത്ര സ്വാഭിമാനം അവകാശപ്പെട്ടാലും രക്ഷയില്ല, നിങ്ങൾ ഞങ്ങളുടെ ലൈംഗിക അടിമകളായി തന്നെ തുടരും’ — സ്വാഭിമാനയാത്രയിൽ നുഴഞ്ഞുകയറി ട്രാൻസ് വനിതകളെ ആക്രമിക്കാൻ തയ്യാറായ ചില മൂന്നാംകിട പുരുഷന്മാരുടെ സന്ദേശം അതുതന്നെയായിരുന്നു.

കടുത്ത നിറങ്ങളിൽ പ്രത്യേക ശ്രദ്ധയോടെ സാരിയോ മറ്റു വസ്ത്രങ്ങളോ ധരിച്ച് മുഖത്തു മേയ്ക്കപ്പോടുകൂടി പുറത്തിറങ്ങുന്ന സ്ത്രീകൾക്കു പൊതുവെ ഈ അനുഭവം പ്രതീക്ഷിക്കാമെങ്കിലും വർഗ-ജാതി വ്യത്യാസമനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്ന് തീർച്ചയാണ്. ഉദാഹരണത്തിന് പൊതുവേ മാനിക്കപ്പെടുന്നവളും മേലാള-മേൽജാതി പശ്ചാത്തലമുള്ളവളുമായ ഒരു നടി ആഭരണക്കടയും മറ്റും ഉദ്ഘാടനം ചെയ്യാൻ എത്തുമ്പോൾ മുകളിൽ പറഞ്ഞതുപോലെ അണിഞ്ഞൊരുങ്ങി വന്നാൽ അതിൽ യാതൊരു ഭംഗിക്കുറവും ഇന്ന് കേരളത്തിൽ അധികംപേരും കാണാൻ ഇടയില്ല. ഉപരിവർഗ വനിതകളിൽ ഒട്ടു മിക്കവരും എന്തെങ്കിലുമൊക്കെ സൗന്ദര്യവർദ്ധകശ്രമങ്ങൾ നല്ല കാശു കൊടുത്തുതന്നെ നടത്തുന്നവരാണ്. അതിനെക്കുറിച്ച് ചില്ലറ തമാശയൊക്കെ പറഞ്ഞാലും ആ സ്ത്രീകളുടെ ബ്യൂട്ടി പാർലർ സന്ദർശനത്തെ അടച്ചാക്ഷേപിക്കാൻ ഇന്നത്തെ തലമുറയിൽ പെട്ടവർ തയ്യാറാകാൻ ഇടയില്ല. ഏകദേശം ഇരുപതുവർഷക്കാലം മുമ്പുവരെ നാട്ടിൽ പുതുമയായിരുന്ന പല സൗന്ദര്യവർദ്ധനപരിചരണങ്ങളും ഇന്ന് വളരെ സാധാരണമായിരിക്കുന്നതു തന്നെയാണ് കാരണം. എങ്കിലും ട്രാൻസ് വനിതകളുടെ വേഷവിധാനവും കേശാലങ്കാരവും മറ്റും കാണുംപോൾ വിവരമുള്ളവരും മറ്റു മനുഷ്യരോടു സഹാനുഭൂതി കാട്ടണമെന്ന് ആഗ്രഹിക്കുന്നവരുമായ വ്യക്തികൾ പോലും അറപ്പും വെറുപ്പും പ്രകടിപ്പിക്കുന്നതെന്തുകൊണ്ട്?

കേരളത്തിൽ വസ്ത്രധാരണക്കാര്യത്തിൽ പലപ്പോഴും കടുത്ത യാഥാസ്ഥിതികത്വം പുലർത്തുന്നത് മതയാഥാസ്ഥിതികർ മാത്രമല്ല. സാമൂഹ്യപ്രതിബദ്ധതയും സോഷ്യലിസ്റ്റ്മൂല്യങ്ങളും ശാസ്ത്രീയമനോഭാവവും എല്ലാം അവകാശപ്പെടുന്നവർക്കിടയിലും അത് ധാരാളമുണ്ട്. യുക്തിചിന്തയെ പിടിച്ചാണയിടുന്നവർ പോലും കടുത്ത ചൂടനുഭവപ്പെടുന്ന കേരളത്തിൽ ഇറുകിയതും ശരീരം മുഴുവൻ മൂടുന്നതുമായ വസ്ത്രങ്ങൾ സ്ത്രീകൾ (മാത്രം) ധരിച്ചിരിക്കണമെന്ന് ആവശ്യപ്പെടുന്നതും, പാവാടയുടെ ഇറക്കമനുസരിച്ച് സ്ത്രീകളുടെ സ്വഭാവശുദ്ധി അളക്കുന്നതും ഇവിടെ പുതുമയേ അല്ലല്ലോ. അപ്പോൾ ട്രാൻസ് വനിതകളുടെ വസ്ത്രധാരണശൈലികൾ ഇക്കൂട്ടരിലും അറപ്പുളവാക്കുന്നതിൽ അത്ഭുതപ്പെടാനില്ല. എങ്കിലും ജനാധിപത്യവികാസത്തിനു വേണ്ടി നിലകൊള്ളുന്നവർ തങ്ങളുടെ മുൻവിധികളെ പുനഃപരിശോധിക്കാൻ തയ്യാറാകാതിരുന്നാൽ അത് വളരെ ഖേദകരമാണെന്നു പറഞ്ഞേതീരൂ. സമൂഹം നമ്മിൽ നിശബ്ദം അടിച്ചേൽപ്പിക്കുന്ന യുക്തിരാഹിത്യങ്ങളാണ് ഇത്തരം അറപ്പും വെറുപ്പുമായി പ്രകടമാകുന്നതെന്ന് തിരിച്ചറിയാൻ വൈകിക്കൂട.

j devika, trans women, vishnu ram,

വസ്ത്രധാരണരീതികളിൽ കാണപ്പെടുന്ന യാഥാസ്ഥിതികത്വം ഇരുപതാം നൂറ്റാണ്ടിൽ മലയാളിസമൂഹം അനുഭവിച്ച സാമൂഹ്യമാറ്റങ്ങളുടെ പരിമിതികളെയാണ് വെളിപ്പെടുത്തുന്നത്. വസ്ത്രങ്ങൾ തിരെഞ്ഞെടുക്കാൻ മുതിർന്നവ്യക്തികൾക്ക്, വിശേഷിച്ച് സ്ത്രീകൾക്ക്, സ്വാതന്ത്ര്യം പരിമിതമായതും, ആ തിരഞ്ഞെടുപ്പിലൂടെ വ്യക്തികളുടെ ആന്തരികതകളുടെ ആഴവും പരപ്പും അളക്കുന്നതും എല്ലാം കേരളീയനവോത്ഥാനത്തിൽ വേരുകളുള്ള സംസ്കാരത്തിൻറെ ഭാഗമാണ്. ഇതേ വിപ്ളവം തന്നെയാണ് കേരളത്തിൽ സ്വവർഗാനുരാഗത്തെ പ്രകൃതിവിരോധവും കുറ്റകൃത്യവുമാക്കിയത്. ആൺ-പെൺഭേദങ്ങളെ നിർബന്ധിതവും ഒരിക്കലും മറികടക്കാനാവാത്ത ജീവശാസ്ത്രയാഥാർത്ഥ്യവുമായി ചിത്രീകരിച്ചതും ഇതേ വിപ്ളവകാലം തന്നെ. കേരളീയനവോത്ഥാനത്തിൻറെ പരിമിതികളെ മറികടക്കാതെ ഇനി കേരളത്തിൽ ജനാധിപത്യവികാസം സാദ്ധ്യമല്ലെന്ന വസ്തുത നമ്മേ തുറിച്ചു നോക്കുന്ന ഈ കാലത്ത് മേൽപ്പറഞ്ഞ യുക്തിരാഹിത്യങ്ങളെക്കുറിച്ചുള്ള സ്വയംവിമർശനം അനിവാര്യമാണ്.

കഴിഞ്ഞ ദിവസം ഞാനുൾപ്പെട്ട ഒരു ചർച്ചയിൽ ട്രാൻസ്ജെൻറർ ജനങ്ങളുടെ അവകാശങ്ങളെപ്പറ്റിയുണ്ടായ ചർച്ചയിൽ ഉയർന്നു കേട്ട വാദങ്ങളിൽ മേൽപ്പറഞ്ഞ അനാശാസ്യവികാരങ്ങൾ പ്രകടമായിക്കണ്ടതാണ് ഈ വിഷയത്തെപ്പറ്റി ചിന്തിക്കാനിടയാക്കിയ സാഹചര്യം. ട്രാൻസ്ജനങ്ങൾ സഹിക്കുന്ന കഷ്ടപ്പാടുകൾക്ക് അറുതിവരുത്തേണ്ടതിൻറെ ആവശ്യകതയെ എടുത്തുപറഞ്ഞ പുരോഗമനകക്ഷിയിൽപ്പെട്ട ഒരു ജനനേതാവ് തൻറെ മുൻവിധികളിലേക്കു വീണത് പെട്ടെന്നായിരുന്നു. ഇവരുടെ ആവശ്യങ്ങൾ ന്യായീകരിക്കത്തക്കവയാണ്, അവർ സമ്മതിച്ചു. പക്ഷേ ഇക്കൂട്ടർ ഇങ്ങനെ വേഷംകെട്ടുന്നതെന്തിനാണ്? കുച്ചിപ്പുടിക്കു വേഷമിട്ടതുപോലെ, നെറ്റി ചുട്ടിയും മറ്റും ധരിച്ച്?
ചോദിച്ചത് ദുരുദ്ദേശപരമായിട്ടല്ലെങ്കിലും, ആ വാക്കുകളുടെ സന്ദർഭ-അനുചിതത്വം അവിടെയുണ്ടായിരുന്ന ചില ട്രാൻസ് വനിതകളെ ചൊടിപ്പിക്കുക തന്നെ ചെയ്തു. ഇതു പറഞ്ഞ വനിതാനേതാവിന്റെ വസ്ത്രധാരണശൈലി കേരളത്തിലെ ഇന്നത്തെ മദ്ധ്യവയസ്കകളുടെ ലളിതരീതിയെ പിൻതുടരുന്നതായിരുന്നു. ട്രാൻസ് വനിതകൾ എന്തുകൊണ്ട് തന്നെപ്പോലുള്ളവരുടെ വസ്ത്രശൈലി പിൻതുടരുന്നില്ല എന്നാണ്, മറ്റു വാക്കുകളിൽ, അവർ ചോദിച്ചത്.

ഈ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നൽകാൻ കേരളീയ മേലാള വനിതകൾക്ക് ബാദ്ധ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ ട്രാൻസ് വനിതകൾ അവരുടെ വസ്ത്രധാരണശൈലി സൃഷ്ടിച്ചെടുത്തത് എവിടുന്നായിരിക്കാം എന്ന് ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും. നവോത്ഥാനവനിതകളിൽ നിന്നല്ല, തീർച്ചയായും. കാരണം ലളിതമാണ്. അവരുടെ സമീപത്തെങ്ങും ചെല്ലാൻ ട്രാൻസ് വ്യക്തികൾ ധൈര്യപ്പെട്ടിരുന്നില്ലെന്നതു തന്നെ. കൃത്യമായും ആണോ പെണ്ണോ ആയി സ്വയം അവതരിപ്പിക്കാൻ കഴിയാത്തവരെ പ്രകൃതിവിരോധികളായി ചിത്രീകരിക്കുന്ന നവോത്ഥാനപാരമ്പര്യത്തിൽ അവർക്ക് ഇടമില്ലായിരുന്നതു തന്നെ. അവരെ പെണ്ണാകേണ്ടതെങ്ങനെ എന്ന് പഠിപ്പിച്ചത് ജനപ്രിയസാംസ്കാരിക ഉത്പന്നങ്ങളും ഉപഭോഗകേന്ദ്രിത വിപണിയുമാണെന്ന വാസ്തവം കാണാതിരിക്കുന്നതെങ്ങനെ? സ്ത്രീവിരുദ്ധവും പുരുഷാധികാരപരവുമെങ്കിലും വിപണി അതിൻറെ യുക്തിയാൽത്തന്നെ പണമുള്ള വ്യക്തികളെ അപൂർവ്വമായി മാത്രമേ പുറന്തള്ളാറുള്ളു. അപ്പോൾ വിപണി നൽകുന്ന സൂചനകളെ പിൻതുടർന്നത് അവരുടെ കുറ്റമാകുന്നതെങ്ങനെ?

തന്നെയുമല്ല, കറകളഞ്ഞ സ്ത്രീത്വം പ്രദർശിപ്പിക്കാനുള്ള സമ്മർദ്ദത്തിന് ചില അവസരങ്ങളിലെങ്കിലും വഴങ്ങാത്തവർ ലളിതവസ്ത്രധാരിണികൾക്കിടയിലും ഇന്ന് നന്നേ ചുരുങ്ങും. വിവാഹത്തലേന്നു ബ്യൂട്ടി പാർലറുകളിൽ പോയി മുഖത്തും ദേഹത്തുമുള്ള രോമം കളയാനും മറ്റും വലിയ തുകകൾ ചെലവഴിക്കുന്നവർ സ്ത്രീശരീരം നേടാനാഗ്രഹിക്കുന്നവർ മുഖരോമം കളയാൻ പണം ചെലവഴിക്കുന്നതിനെ പഴിച്ചു കാണുന്നത് കൗതുകകരമാണ്.

devika, vishnuram, feminism, trans gender,

ട്രാൻസ് വനിതകൾ വസ്ത്രധാരണം വഴി ശ്രദ്ധയാകർഷിക്കുന്നതുകൊണ്ടാണ് അവർ ഹിംസിക്കപ്പെടുന്നതെന്ന വാദം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് അതുന്നയിക്കുന്ന നവോത്ഥാന വനിതകൾ ഓർക്കുന്നതു നന്ന്. വ്യവസ്ഥാപിതലിംഗമൂല്യങ്ങൾക്കു കീഴ്പ്പെട്ടു കഴിയാത്ത സ്ത്രീകളെയാണ് ‘അടക്കവും ഒതുക്കവും ഇല്ലാത്തവളുമാർ’ എന്നു പിതൃമേധാവികൾ വിളിക്കുന്നത്. അധികാരസ്ഥാനത്തെത്തിയ രാഷ്ട്രീയനായികമാരും ചിലരുടെ കണ്ണിൽ ഇങ്ങനെയാണെന്ന് മനസ്സിലാക്കിയാൽക്കൊള്ളാം. മാത്രമല്ല, സ്ത്രീകളുടെ ലളിതവസ്ത്രമെന്ന് നാം തിരിച്ചറിയുന്ന വസ്ത്രധാരണശൈലി ലിംഗ-ലൈംഗികന്യൂനപക്ഷത്തെ സംബന്ധിച്ചടത്തോളം ഹിംസാത്മകമായ ലൈംഗിക അച്ചടക്കത്തിൻറെയും സദാചാരപോലീസ് സംസ്കാരത്തിൻറെയും ചിഹ്നങ്ങളിലൊന്നാണ്. ആ കാരണം കൊണ്ടു മാത്രം എല്ലാ സ്ത്രീകളും അതുപേക്ഷിക്കണമെന്ന് ട്രാൻസ് വനിതകൾ ആവശ്യപ്പെടില്ല, തീർച്ച. അത്രത്തോളം ബഹുമാനം മാത്രമേ ട്രാൻസ് വനിതകളും മാന്യനവോത്ഥാനസ്ത്രീകളിൽ നിന്ന് ആവശ്യപ്പെടുന്നുള്ളൂ.

ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, പ്രധാനമന്ത്രിയെ കാണാൻ പോയ പ്രിയങ്കാ ചോപ്രയെ തെറിപറയുന്നവരുടെ നിലവാരത്തിൽ നിന്നും കേരളത്തിലെ നവോത്ഥാനവനിതകൾ ഉയരണമെന്നാണ് എന്റെ അഭ്യർത്ഥന.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Why should there be a dress code for transgenders j devika