scorecardresearch

രാജ്യദ്രോഹ നിയമം എന്തുകൊണ്ട് എടുത്തുകളയണം?

ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ സർക്കാർ വിമതവേട്ടയ്ക്ക് ഈ നിയമം ഉപയോഗിക്കുകയാണ് രാജ്യദ്രോഹ നിയമത്തെ കുറിച്ച് ഡി.രാജ എഴുതുന്നു

ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർക്കെതിരെ സർക്കാർ വിമതവേട്ടയ്ക്ക് ഈ നിയമം ഉപയോഗിക്കുകയാണ് രാജ്യദ്രോഹ നിയമത്തെ കുറിച്ച് ഡി.രാജ എഴുതുന്നു

author-image
D Raja
New Update
sedition law, d raja , opinion, iemalayalam

ചിത്രീകരണം : വിഷ്ണു റാം

അഭിപ്രായസ്വാതന്ത്ര്യം തടയാൻ കൊളോണിയൽ സർക്കാർ രാജ്യദ്രോഹ നിയമം നിരന്തരമായി ഉപയോഗിച്ചു. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നമ്മുടെ ജനാധിപത്യ ജീവിതത്തിന്റെ തത്ത്വങ്ങളായി മാറണമെന്ന് ഭരണഘടനാ നിർമ്മാണ സഭയിൽ ബി ആർ അംബേദ്കർ വീറോടെ വാദിച്ചു. ജവഹർലാൽ നെഹ്‌റു രാജ്യദ്രോഹ നിയമത്തെ വിമർശിച്ചെങ്കിലും സ്വാതന്ത്ര്യാനന്തരം ആ വകുപ്പ് അങ്ങനെ തന്നെ നിലനിർത്തി.

Advertisment

നമ്മുടെ രാജ്യത്ത്, ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) (a) യിൽ മൗലികാവകാശമായി അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കിയിട്ടുണ്ട്.എന്നിരുന്നാലും, ഈ കൊളോണിയൽ അവശിഷ്ടം, ഐപിസിയുടെ 124 A വകുപ്പ്, ഈ അവകാശം വിനിയോഗിക്കുന്നതിന് തടസ്സമായി നിലകൊള്ളുകയും രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമർത്താനും ഇല്ലാതാക്കാനും സർക്കാരുകൾ രാജ്യദ്രോഹ നിയമം ഉപയോഗിച്ചു.

ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A വകുപ്പ് നിർത്തലാക്കുന്നതിന് 2011-ൽ ഞാൻ ഒരു സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഞാൻ അവതരിപ്പിച്ച ബിൽ ഈ ഭീകര വകുപ്പിനെ കുറിച്ച് ഒരു ചർച്ച ഉയർത്തിവിട്ടുവെങ്കിലും അത് വോട്ടിനിടാനായില്ല.

രാജ്യദ്രോഹം നിയമം ഇല്ലാതാക്കാൻ ഞാൻ സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യു പി എ) സർക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്.

Advertisment

ഈ വസ്‌തുത എടുത്തുപറയേണ്ടത് പ്രധാനമാണ്, കാരണം എന്റെ പോരാട്ടം അധികാരത്തിലിരിക്കുന്ന ഈ പാർട്ടിയോട് അല്ല, മറിച്ച് സെക്ഷൻ 124 A, അതുപോലെഭയനാക നിയമമായ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) പോലുള്ള സർക്കാരിന്റെ കൈകളിലെ സ്വേച്ഛാപരവും ന്യായരഹിതവും ജനാധിപത്യവിരുദ്ധവുമായ അധികാരങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചായിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള സർക്കാർ 2014ൽ അധികാരത്തിൽ വന്നതിന് ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ട രാഷ്ട്രീയക്കാരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും തലയ്ക്ക് മുകളിൽ സെക്ഷൻ 124 A എന്ന വാൾ തൂങ്ങിക്കിടക്കുകയാണ്. വിയോജിപ്പുള്ളവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതും രാജ്യദ്രോഹക്കുറ്റമോ യുഎപിഎയോ ചുമത്തുകയും ചെയ്യുന്നത് ഫാഷനായി മാറിയിരിക്കുന്നു.

124എ അല്ലെങ്കിൽ യുഎപിഎ പോലുള്ള ഭീകര നിയമങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ അവയുടെ നീതിരാഹിത്യം തുറന്നുകാട്ടുന്നു.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2017ൽ 156 രാജ്യദ്രോഹ കേസുകളാണ് തീർപ്പാക്കാനുണ്ടായിരന്നത്.

ആ വർഷം, പൊലീസ് തലത്തിൽ കേസ് പിൻവലിക്കുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്ത 27 കേസുകൾ മാത്രമാണ്.

കോടതികളിൽ, വിചാരണയിലുള്ള 58 കേസുകളിൽ, ഒരു കേസിൽ മാത്രമാണ് ശിക്ഷ വിധിച്ചിട്ടുള്ളൂയ, രാജ്യദ്രോഹക്കേസുകളുടെ കെട്ടിക്കിടക്കൽ (പെൻഡൻസി) നിരക്ക് 90 ശതമാനത്തിനടുത്താണ്.

ഏറ്റവും പുതിയ എൻ സി ആർ ബി (NCRB) കണക്കുകൾ ലഭ്യമായ 2020-ൽ കേസുകളുടെ എണ്ണം വർദ്ധിച്ചു. ആകെ രജിസ്റ്റർ ചെയ്ത 230 കേസുകളിൽ 23 എണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ കോടതിയിൽ കെട്ടിക്കിടക്കുന്ന രാജ്യദ്രോഹക്കേസുകളുടെ എണ്ണം 2020-ൽ 95 ശതമാനത്തിനടുത്തെത്തി.

ഈ കേസുകളുടെ ശിക്ഷാവിധിയുടെയും തീർപ്പാക്കലിന്റെയും വളരെ കുറഞ്ഞ നിരക്ക് വ്യക്തമാക്കുന്നത്, ഈ കുറ്റങ്ങൾ വളരെ നിസ്സാരമായതോ തെളിവുകളില്ലാതെയുള്ളതോ ആണ്. മാത്രമല്ല, അവ സർക്കാരിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ളതാണെന്നുമാണ്.

ഭയത്തിന്റെയും അടിമത്തത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ, അടിസ്ഥാനരഹിതമായ കാരണം പറഞ്ഞ്, രാജ്യദ്രോഹത്തിന്റെയോ ദേശവിരുദ്ധ പ്രവർത്തനത്തിന്റെയോ പേരിൽ രാഷ്ട്രീയ പ്രവർത്തകരെയും മനുഷ്യാവകാശ സംരക്ഷകരെയും പൗരാവകാശ പ്രവർത്തകരെയും അനന്തമായി ജയിലിലടയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്.

യുഎപിഎയുടെ കാര്യവും വ്യത്യസ്തമല്ല. 2017-2020 കാലയളവിൽ ഈ നിയമപ്രകാരം എടുത്ത കേസുകൾ ഏകദേശം 75 ശതമാനം വർദ്ധിച്ചു. 2020-ൽ ആകെ 4,827 യുഎപിഎ കേസുകൾ കെട്ടിക്കിടക്കുകയാണ്- അവയിൽ 398 കേസുകൾ മാത്രമാണ് ആ വർഷം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത്.

ഏറ്റവുമൊടുവിൽ, മെയ് 11-ന്, രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും വിഷയം സമഗ്രമായ രീതിയിൽ പുനഃപരിശോധിക്കുന്നതുവരെ 124 A പ്രകാരം എടുത്ത എല്ലാ കേസുകളും താൽക്കാലികമായി നിർത്തിവയ്ക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചു.

നമുക്ക് ചുറ്റും മാറിയ യാഥാർത്ഥ്യത്തിന്റെ സാഹചര്യത്തിൽ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ മെച്ചപ്പെടുത്തണമെങ്കിൽ, രാജ്യദ്രോഹ നിയമത്തിന് ഇടം നൽകരുത്.

വിയോജിപ്പുകളും വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഏതൊരു ജനാധിപത്യത്തിന്റെയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. അന്നന്നത്തെ സർക്കാരിനെ ചോദ്യം ചെയ്യുന്ന വിമതസ്വരങ്ങളെ വേട്ടയാടുന്നത് മധ്യകാലഘട്ടത്തെയും ഏകാധിപത്യ ഭരണാധികാരികളെയും ഓർമ്മിപ്പിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ യുഗം സാധ്യമാക്കേണ്ട സമയമാണിത്. അതിന്, ലവലേശം സംശയമില്ലാതെ എടുത്തുകളയേണ്ട ഒന്നാണ് രാജ്യദ്രോഹ നിയമം.

  • മേയ് 13, 2022 ൽ ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തിൽ "വൈ സെഡിഷൻ മസ്റ്റ് ഗോ" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം. സി പി ഐ ജനറൽ സെക്രട്ടറിയാണ് ലേഖകന്‍
Upa Government Bjp Sedition Uapa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: