കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്ന കേരളത്തിന്റെ സ്വന്തം റെയില്‍വേ സംവിധാനമായ സില്‍വര്‍ലൈന്‍, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ്. 14 ജില്ലകളിലെ പതിനൊന്നിലൂടെ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ 600 കിലോ മീറ്ററിലൂടെ കടന്നുപോകുന്ന തരത്തിലാണു പാതയുടെ നിര്‍മാണം.
ബൃഹദ് പദ്ധതിയുടെ വലുപ്പവും വലിയതോതിലുള്ള ഭൂമിയുടെ ആവശ്യകതയും സാധ്യതയുള്ള സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളും കണക്കിലെടുക്കുമ്പോള്‍, സാങ്കേതിക-സാമ്പത്തിക സാധ്യതാ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു മുമ്പായിരിക്കണം. ഈ ഘട്ടത്തില്‍ പോലും അത് വൈകിയിട്ടില്ല. അതിനാല്‍, വിപുലമായ ചര്‍ച്ച സാധ്യമാക്കുന്നതിനു പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക സാധ്യതാ റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.
പദ്ധതി സംബന്ധിച്ച നിര്‍ദേശം നിയമസഭയിലും പൊതുമണ്ഡലത്തിലും ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത് ജനാധിപത്യ ഭരണത്തിന്റെ അന്തസത്തയ്ക്കു യോജിച്ചതായിരിക്കുമെന്നു മാത്രമല്ല, ഒരു മാതൃകയാകുകയും ചെയ്യും. ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും ഉചിതമായ തീരുമാനം സംബന്ധിച്ച നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തുക. ഒരു പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണെന്ന് കണ്ടെത്തിയാല്‍, സാമൂഹിക-പാരിസ്ഥിതികാഘാത പഠനങ്ങള്‍ നടത്തേണ്ടതു പ്രധാനമാണ്.
പൊതുസമൂഹത്തില്‍നിന്നുള്ള ചര്‍ച്ചകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ദുരീകരിക്കപ്പെടേണ്ട ഭയങ്ങളിലേക്കും ഉത്കണ്ഠകളിലേക്കും വിരല്‍ ചൂണ്ടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും നടക്കുന്നു. അതിനാല്‍, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിക്കുന്നതും സാധ്യതാ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും കേള്‍ക്കുന്നതു വരെ കാത്തിരിക്കുന്നതും വളരെ അഭികാമ്യമാണ്.
Also Read: ‘ജനങ്ങളെ ഭയപ്പെടുത്തിയല്ല നടപ്പാക്കേണ്ടത്’; സിൽവർ ലൈനിൽ ഹൈക്കോടതി
നമുക്ക് ഒരുമിച്ച് ഉയര്‍ത്തേണ്ട ചില ചോദ്യങ്ങള്‍ ഇവയാണ്: നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ ഈ പദ്ധതിക്കാണോ മുന്‍ഗണന? 2018ലെയും 2019ലെയും വിനാശകരമായ വെള്ളപ്പൊക്കവും അതുപോലെ തുടരുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂല സംഭവങ്ങളും കോവിഡ് -19 മഹാമാരിയും കണക്കിലെടുക്കുമ്പോള്‍, നമ്മുടെ പരിശ്രമങ്ങളും ഊര്‍ജവും വിഭവങ്ങളും പ്രാഥമികമായി പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും പ്രകൃതി മൂലധനം (ഭൂമി, വെള്ളം, മറ്റു ജൈവവിഭവങ്ങള്‍) ശക്തിപ്പെടുത്താനും ശക്തമായ ഒരു പൊതു ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ സൃഷ്ടിക്കുമായി ഉപയോഗിക്കേണ്ടതല്ലേ? കേരളത്തിന്റെ പൊതു ധനകാര്യ സംവിധാനത്തിന്റെ ആപത്കരമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഭാവിയിലെ വികസന, വികസനേതര ചെലവുകള്‍ പരിമിതപ്പെടുത്തുന്ന പൊതു കടബാധ്യത വര്‍ധിപ്പിക്കുന്നതിനു പകരം നികുതി പിരിവ് കാര്യക്ഷമമാക്കുകയെന്നതല്ലേ സര്‍ക്കാരിന്റെ പ്രഥമ പരിഗണന?
ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള ആസൂത്രണത്തിലും ചില പ്രശ്‌നങ്ങളുണ്ട്.
റോഡ്, റെയില്‍, വ്യോമഗതാഗതം, ഉള്‍നാടന്‍ ജലപാത, കടല്‍ അധിഷ്ഠിത തീരദേശ ഗതാഗതം എന്നിങ്ങനെ അഞ്ച് ഗതാഗത മാര്‍ഗങ്ങള്‍ നിലവില്‍ നമുക്കുണ്ട്. എങ്കിലും റോഡ് സംവിധാനത്തില്‍ ആനുപാതികമല്ലാത്ത ആശ്രിതത്വമുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ കൂടുതല്‍ റോഡ് സാന്ദ്രതയുണ്ടെങ്കിലും അവയുടെ ശോച്യാവസ്ഥ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. ജലഗതാഗത സംവിധാനം ഇപ്പോഴും അവികസിതമാണ്. ഒരിക്കല്‍ സജീവമായിരുന്ന ഉള്‍നാടന്‍ ജലഗതാഗത സംവിധാനം ക്രമാനുഗതമായി വഷളായിരിക്കുകയാണ് (ഉള്‍നാടന്‍ ജലപാതകളുടെ ചില ഭാഗങ്ങള്‍ നന്നാക്കാനും പുനര്‍നിര്‍മിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ പോലും). അതിനാല്‍ വികസന ആസൂത്രണ കാഴ്ചപ്പാടില്‍ കേരളത്തിന്റെ നിലവിലുള്ള ഗതാഗത സംവിധാനം വിലയിരുത്തുക, അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക, അവ പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തുക, അഞ്ച് ഗതാഗത സംവിധാനങ്ങള്‍ക്കിടയില്‍ സന്തുലിതാവസ്ഥ തേടുക.
അതിനാല്‍, ഗതാഗത സംവിധാനത്തിന്റെ അവസ്ഥയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ക്കായി ധവളപത്രം പുറത്തിറക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരമൊരു രേഖയുടെ തയാറാക്കലും ചര്‍ച്ചയും ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും.
കെ-റെയില്‍ പദ്ധതി സംബന്ധിച്ച് നിരവധി വിദഗ്ധരും സാധാരണക്കാരും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 160 വര്‍ഷത്തെ ചരിത്രമുള്ള അതിവിശാലമായ ബ്രോഡ് ഗേജ് അധിഷ്ഠിത റെയില്‍വേ ശൃംഖലയിലാണ് ഇന്ത്യയുടെ സാങ്കേതികവും മാനേജീരിയലുമായ ശക്തി. വ്യത്യസ്തമായ ഒരു സാങ്കേതിക സംവിധാനം (സ്റ്റാന്‍ഡേര്‍ഡ് ഗേജ്) തിരഞ്ഞെടുക്കുന്നതിലൂടെ വിദേശ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്‍സ്റ്റാളേഷനും ഓപ്പറേഷനും നടത്തിപ്പും പൂര്‍ണമായും നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയല്ലേ നമ്മള്‍ ഇറക്കുമതി ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുന്നത്?
ട്രെയിന്‍ 18 (വന്ദേ ഭാരത് എക്സ്പ്രസ്) എന്ന പേരില്‍ പുതിയ അതിവേഗ റെയില്‍വേ ട്രെയിന്‍ സംവിധാനം നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള സാധ്യത ഇന്ത്യ ഇതിനകം തെളിയിച്ചിട്ടുണ്ട്. അത് നിരവധി റൂട്ടുകളില്‍ വ്യാപിപ്പിക്കുന്നു. ഈ പുതിയ റെയില്‍വേ ട്രെയിന്‍ സംവിധാനത്തിന്റെ പങ്ക് കേരളവും ആവശ്യപ്പെടേണ്ടതല്ലേ?
Also Read: സിൽവർലൈനില്ലെങ്കിൽ ആരും ചത്തുപോകില്ല; ഭക്ഷണവും പാർപ്പിടവും ശരിയാക്കിയിട്ട് മതി: ശ്രീനിവാസൻ
സില്‍വര്‍ലൈനില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ടിക്കറ്റ് നിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍, താരതമ്യം വിമാന, ഫസ്റ്റ് ക്ലാസ് ട്രെയിന്‍ നിരക്കുകള്‍ തമ്മിലായിരിക്കും. എങ്കിലും ജലസേചനം, വൈദ്യുതി ഉല്‍പ്പാദനം, റോഡുകള്‍, പാലങ്ങള്‍ എന്നിവയില്‍ പൊതുപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളത്തിന്റെ അനുഭവം പരിശോധിക്കുമ്പോള്‍, പദ്ധതിയുടെ ചെലവ് പലമടങ്ങ് വര്‍ധിക്കുമെന്ന് ആശങ്കപ്പെടുന്നു. ചില ജലസേചന പദ്ധതികള്‍ കണക്കുകൂട്ടിയ പ്രാരംഭ ചെലവിന്റെ പല മടങ്ങ് ചെലവഴിച്ചിട്ടും 30-40 വര്‍ഷത്തിനുശേഷവും നിര്‍മാണഘട്ടത്തിലാണ്.
സില്‍വര്‍ലൈനില്‍ പ്രതിദിനം 80,000 പേര്‍ യാത്ര ചെയ്യുമെന്ന കണക്ക് യാഥാര്‍ത്ഥ്യമാണോ? അത്തരം നിര്‍ണായക വിശദാംശങ്ങള്‍ സാധ്യതാ റിപ്പോര്‍ട്ടുകളില്‍നിന്ന് അറിയേണ്ടത് പ്രധാനമാണ്.
സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഞാന്‍ ഉന്നയിച്ചിട്ടില്ല. എങ്കിലും അവ സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്നു തോന്നുന്നു. ഉദാഹരണത്തിന്, പദ്ധതിയുടെ പാതയില്‍ വരുന്ന ജലസ്രോതസുകളുടെയും ഭൂപ്രദേശങ്ങളുടെയും സ്വാഭാവിക ഒഴുക്കിനെ എത്രത്തോളം ഗുരുതരമായമായി ബാധിക്കും?
നിര്‍മാണത്തിന്റെ ബൃഹത്തായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, പ്രകൃതിവിഭവങ്ങള്‍ (കരിങ്കല്ല്, മണല്‍, മണ്ണ് പോലുള്ളവ), ഉയര്‍ന്ന കാർബൺ ഫൂട്‌പ്രിന്റ് നിർമിത വസ്തുക്കള്‍ (ഉദാഹരണത്തിന് ഉരുക്ക്, സിമെന്റ് എന്നിവ) എന്നിവയുടെ ആവശ്യകത വളരെ വലുതായിരിക്കും. അവ
ദീര്‍ഘകാലത്തേക്കു സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുള്ള പാരിസ്ഥിതിക പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം. പദ്ധതി ഈ വിഭവങ്ങളുടെ വിലക്കയറ്റത്തിനു കാരണമാകുന്നത് പ്രാരംഭ ചെലവ് കണക്കുകൂട്ടലുകളെ തകിടം മറിക്കുന്നതിനൊപ്പം നിര്‍മാണവ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തേക്കാം.
- ‘റെയില്‍ പ്രൊജക്റ്റ് ഇന്‍ ക്വസ്റ്റിയന്‍’ എന്ന പേരില്‍ ജനുവരി 12-ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ലേഖകന്‍ വികസന സാമ്പത്തിക വിദഗ്ധനും ഓണററി ഫെല്ലോയും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറുമാണ്. അസംഘടിത മേഖലയിലെ സംരംഭങ്ങള്‍ക്കായുള്ള മുന്‍ ദേശീയ കമ്മിഷനില്‍ അംഗമായിരുന്നു.
Also Read: ഭരണഘടനയിൽ വിശ്വസിച്ച സ്ത്രീയോട് കേരളം ചെയ്യുന്ന ക്രൂരതകൾ